കോട്ടയം: ലണ്ടനിൽ കൊല്ലപ്പെട്ട വൈക്കം സ്വദേശി മലയാളി നഴ്‌സ് അഞ്ജുവിന്റെയും മക്കളായ ജീവ, ജാൻവി എന്നിവരുടെയും മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കും. രാവിലെ എട്ടിന് മൃതദേഹങ്ങൾ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊണ്ടുവരും. അഞ്ജുവിന്റെ സഹപ്രവർത്തകനും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു. കെ. ഉപദേശകസമിതി അംഗവുമായ മനോജ് മാത്യുവിനെയാണ് അഞ്ജുവിന്റെ കുടുംബം ഏറ്റവും അടുത്ത ബന്ധു ആയി ചുമതലപ്പെടുത്തിയത്. ഇദ്ദേഹം മൃതദേഹങ്ങളെ അനുഗമിക്കും.

നാളെ രാവിലെ 11ന് ഇത്തിപ്പുഴയിലെ വീട്ടിൽ അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. സംസ്‌കാരം ഉച്ചയ്ക്ക് 12നു വീട്ടുവളപ്പിൽ നടക്കും.

ബ്രിട്ടനിലെ കെറ്ററിങ്ങിൽ ഡിസംബർ 15നു രാത്രിയാണ് നഴ്‌സായ വൈക്കം കുലശേഖരമംഗലം സ്വദേശി അഞ്ജു(39) മക്കളായ ജീവ(ആറ്) ജാൻവി(നാല്) എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അഞ്ജുവിന്റെ ഭർത്താവ് കണ്ണൂർ പടിയൂർ സ്വദേശി സാജു(52)വിനെ ബ്രിട്ടീഷ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരും 2012-ൽ ബെംഗളൂരുവിൽ വച്ചാണ് വിവാഹിതരായത്. ഒരുവർഷം മുമ്പാണ് കെറ്ററിങ്ങിൽ താമസത്തിനെത്തിയത്.

നാട്ടിൽ ഡ്രൈവറായിരുന്ന സാജു, ഹോട്ടലിലെ ഡെലിവറി ബോയ് ആയിരുന്നു. ജോലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഇയാളെ അലട്ടിയിരുന്നതായി സൂചനയുണ്ട്. അഞ്ജു ജോലിക്ക് എത്താതെ വന്നപ്പോൾ ഫോൺ വിളിച്ചെങ്കിലും എടുക്കാത്തതിനെ തുടർന്ന് ആശുപത്രി അധികൃതർ അന്വേഷിച്ചെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു.പിന്നീട് പൊലീസെത്തി വാതിൽ കുത്തിത്തുറക്കുകയായിരുന്നു.

2021 ഒക്ടോബറിലാണ് ഇവർ ബ്രിട്ടണിലെത്തിയത്. ബംഗളുരുവിൽ നഴ്‌സായിരിക്കുമ്പോഴാണ് അഞ്ജു അവിടെ ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തിരുന്ന സാജുവുമായി പ്രണയത്തിലായത്. 2012ലായിരുന്നു വിവാഹം. സൗദിയിലേക്ക് പോയ ഇവർ അവിടത്തെ ജോലികൾ ഉപേക്ഷിച്ചാണ് ബ്രിട്ടണിൽ എത്തിയത്. കഴിഞ്ഞ ജൂണിൽ മക്കളേയും കൊണ്ടുപോയി. ഭർത്താവിൽ നിന്ന് അഞ്ജു കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞിരുന്നു.