തൃശൂര്‍: രാമവര്‍മപുരത്തെ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ പതിനേഴു വയസ്സുകാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സാഹചര്യത്തില്‍ ചില്‍ഡ്രന്‍സ് ഹോമുകളില്‍ എല്ലാം സുരക്ഷാ ഓഡിറ്റ് നടത്തും. അനാഥമായ സാഹചര്യത്തില്‍ ജീവിക്കേണ്ടി വരുന്ന കുട്ടികളെയാണു ചില്‍ഡ്രന്‍സ് ഹോമില്‍ താമസിപ്പിക്കുന്നത്. സംഭവത്തില്‍ കെയര്‍ ടേക്കര്‍മാര്‍ക്കെതിരെ നടപടിയുണ്ടായേക്കും. സംഭവം നടന്നയുടനെ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ വനിതാ ശിശു സംരക്ഷണ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കെയര്‍ ടേക്കര്‍മാരുടെ ഭാഗത്ത് നിന്ന് അശ്രദ്ധ ഉണ്ടായതായി ചൂണ്ടിക്കാട്ടിയിരുന്നു. ആക്രമിക്കാന്‍ ചുറ്റിക എടുത്തത് സ്റ്റോര്‍ റൂമില്‍ നിന്നാണെന്ന് കണ്ടെത്തി. ഇത് ഗുരുതര വീഴ്ച്ചയാണെന്ന വിലയിരുത്തല്‍ റിപ്പോര്‍ട്ടിലുണ്ട്. പ്രാഥമിക റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറി. ഇത് സര്‍ക്കാരിന് കൈമാറി.

സഹ അന്തേവാസിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ കുട്ടി സ്‌കൂളിലും പ്രശ്നം സൃഷ്ടിച്ചിരുന്നു. സഹപാഠിയെ മര്‍ദ്ദിച്ചതായി പറയുന്നു. ഇത് സംബന്ധിച്ച് മര്‍ദ്ദനമേറ്റ കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി കൊടുക്കാനുള്ള തയ്യാറെടുപ്പിനിടെയായിരുന്നു സംഭവം. മുഖത്ത് ക്രീം തേക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ തുടര്‍ച്ചയായിരുന്നു രാമവര്‍മപുരത്തെ ആക്രമണം. പിടിവലിക്കിടയില്‍ പതിനഞ്ചു വയസ്സുകാരന്റെ ചുണ്ടില്‍ മുറിവേറ്റു. ജീവനക്കാര്‍ ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. രാവിലെ എഴുന്നേറ്റ് പല്ലു തേക്കുമ്പോള്‍ മുറിവ് വേദനിച്ചതോടെ പതിനഞ്ചു വയസ്സുകാരന്‍ കയ്യില്‍ കിട്ടിയ ചുറ്റികയുമായെത്തി, ഉറക്കമെഴുന്നേറ്റ് ഇരിക്കുകയായിരുന്ന അങ്കിതിന്റെ തലയില്‍ ആഞ്ഞടിച്ചു.

ഇന്നലെ രാവിലെ 6.15നാണ് ഉത്തര്‍പ്രദേശ് സ്വദേശിയാണ് ചുറ്റിക കൊണ്ടുള്ള അടിയേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു പതിനഞ്ചു വയസ്സുകാരനെ വിയ്യൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി സൂക്ഷിച്ചിരുന്ന ചുറ്റിക വച്ചായിരുന്നു ആക്രമണം. ഈ സമയം 2 കെയര്‍ടേക്കര്‍മാരാണ് ഇവിടെയുണ്ടായിരുന്നത്. അടുത്ത മാസം 18 വയസ്സു തികയുന്ന അയുപിക്കാരന്‍ കല്ലേറ്റുംകരയിലെ അഭയാശ്രമത്തില്‍ നിന്ന് 2023ല്‍ ആണ് ഇവിടെയെത്തിയത്. 15 വയസ്സുകാരന്‍ ഒരു മാസം മുന്‍പും. അങ്കിത്തിന്റെ സഹോദരനും അഭയാശ്രമത്തിലെ അന്തേവാസിയാണ്.

15 വയസുകാരന്‍ ദാരുണമായി കൊലപ്പെടുത്തുന്നതിന് വഴിവച്ചത് കെയര്‍ ടേക്കര്‍മാരുടെ ശ്രദ്ധക്കുറവും കാരണമാണ്. ബുധനാഴ്ച കുട്ടികള്‍ തമ്മില്‍ വഴക്ക് ഉണ്ടായപ്പോള്‍ പിരിച്ചുവിട്ടെങ്കിലും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ അറിയിക്കുകയോ കുട്ടികളുടെ മനസ് ആശ്വസിപ്പിക്കുന്നതിന് കൗണ്‍സലിംഗ് നല്‍കുകയോ ചെയ്തില്ല. കൂടാതെ കുട്ടികള്‍ക്ക് എടുക്കാവുന്നവിധം മാരകായുധങ്ങള്‍ സൂക്ഷിച്ചതും തെറ്റാണെന്നാണ് കണ്ടെത്തല്‍. കുട്ടികള്‍ തമ്മില്‍ വഴക്കും സംഘട്ടനവും ഉണ്ടാകുമ്പോള്‍ അവരെ ആശ്വസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് കെയര്‍ ടേക്കര്‍മാരാണ്. അതുകൊണ്ട് കെയര്‍ ടേക്കര്‍മാര്‍ക്കെതിരെ നടപടിയുണ്ടായേക്കും. കുട്ടികള്‍ തമ്മില്‍ വഴക്ക് കൂടിയപ്പോള്‍ 17കാരന്‍ 15 വയസുകാരനെ മര്‍ദ്ദിച്ചിരുന്നു. 15കാരന്റെ മുഖത്തും ചുണ്ടിലും മറ്റും മര്‍ദ്ദനത്തില്‍ പരിക്കേറ്റിരുന്നു. ഇന്നലെ രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ വേദനയുണ്ടായി. ഈ സമയം തോന്നിയ വിരോധമാണ് കൊലപാതകത്തിന് കാരണം.

വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറും സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. ഇതിനിടെ എല്ലാ മാസവും മോണിറ്ററിംഗ് സമിതി ചേരുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും തീരുമാനങ്ങള്‍ കൃത്യമായി നടപ്പാക്കുന്നതില്‍ ഗുരുതരമായ വീഴ്ച്ചയുണ്ടെന്നും ആരോപണമുണ്ട്. ജില്ലാ വനിതാ ശിശു സംരക്ഷണ വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ് ചില്‍ഡ്രന്‍ ഹോം പ്രവര്‍ത്തിക്കുന്നത്. രാമവര്‍മ്മപുരത്തെ ചില്‍ഡ്രന്‍സ് ഹോം ഉള്‍പ്പെടുന്ന വളപ്പിലാണ് സര്‍ക്കാരിന്റെ ചില്‍ഡ്രന്‍സ് ഹോം, ഒബ്സര്‍വേഷന്‍ ഹോം, മഹിളാ മന്ദിരം, വൃദ്ധസദനം, വനിതകള്‍ക്കുള്ള ആശാഭവന്‍, പ്രത്യാശാഭവന്‍ ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തിക്കുന്നത്.

രാമവര്‍മ്മപുരത്തെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ ഒരു സൂപ്രണ്ടും ഒരു പ്രൊബേഷന്‍ ഓഫീസറും ഒരു പി.ടി ടീച്ചറും ഒരു ചൈല്‍ഡ് വെല്‍ഫയര്‍ ഇന്‍സ്ട്രക്ടറും ആറ് കെയര്‍ ടേക്കറും രണ്ട് പാചകക്കാരനും വേണം. ഗവ. ഒബ്സര്‍വേഷന്‍ ഹോമില്‍ ഒരു സൂപ്രണ്ടും നാല് കെയര്‍ടേക്കര്‍മാരും ഒരു പാചകക്കാരനും വേണമെന്നിരിക്കെ ഇവിടെയെല്ലാം വളരെ കുറച്ച് ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളത്.