അങ്കോല: ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ തുടരുന്നതിനിടെ മലയാളികളായ രക്ഷാപ്രവര്‍ത്തകരോട് തിരച്ചില്‍ നടക്കുന്ന മേഖലയില്‍നിന്ന് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടതില്‍ തര്‍ക്കം. ജില്ലാ പോലീസ് മേധാവിയാണ് മലയാളി രക്ഷാപ്രവര്‍ത്തകരോട് സംഭവസ്ഥലത്തുനിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം.

നിങ്ങളുടെ പ്രവര്‍ത്തനം മതിയാക്കി എല്ലാവരും തിരിച്ചുപോകണമെന്നാണ് എസ്.പി. പറഞ്ഞതെന്ന് രക്ഷാപ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഇവര്‍ പിന്‍മാറാന്‍ തയ്യാറായതുമില്ല. എന്തായാലും തങ്ങള്‍ പിന്മാറില്ലെന്നും നേരത്തെ മെറ്റല്‍ ഡിറ്റക്ടറില്‍ സിഗ്‌നല്‍ ലഭിച്ച സ്ഥലത്ത് മണ്ണ് മാറ്റിക്കഴിയാറായെന്നും ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ ഒരാളായ ബിജു കക്കയം വ്യക്തമാക്കി.

ചാനലുകളിലൂടെ ഓരോ വിവരങ്ങളും പുറത്തുവരുന്നതാണ് മാറി നില്‍ക്കണമെന്ന് പ്രേരിപ്പിച്ചതെന്ന് കരുതുന്നു. കേരളത്തില്‍ നിന്ന് രക്ഷാദൗത്യത്തിനെത്തിയ കുറേപേരെ പുറത്ത് തടഞ്ഞുനിര്‍ത്തിയിരിക്കുകയാണ്. അവരെയാരും ഇങ്ങോട്ട് കടത്തിവിട്ടിട്ടില്ല. മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നത് പോലും നിരോധിച്ചിട്ടുണ്ട്.

പോലീസിന്റെ നിര്‍ദേശത്തിന് പിന്നാലെ മലയാളി രക്ഷാപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും തമ്മില്‍ സ്ഥലത്ത് തര്‍ക്കമുണ്ടായി. രക്ഷാപ്രവര്‍ത്തകനായ രഞ്ജിത് ഇസ്രയേലിനെ പോലീസ് കൈയേറ്റം ചെയ്‌തെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. തര്‍ക്കത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ബിജു കക്കയം ഉള്‍പ്പെടെ ഒട്ടേറെ മലയാളികളാണ് ഷിരൂരിലെ ദുരന്തസ്ഥലത്ത് കഴിഞ്ഞദിവസങ്ങളില്‍ രക്ഷാദൗത്യത്തിനെത്തിയിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളില്‍ മഴയും വെയിലുമെല്ലാം കൊണ്ടുകൊണ്ട് ഇവരെല്ലാം അര്‍ജുനെ കണ്ടെത്താനായുള്ള പരിശ്രമത്തിലാണ്. ഇതിനിടെ കര്‍ണാടക പോലീസില്‍നിന്ന് ഇത്തരത്തിലുള്ള സമീപനമുണ്ടാകുന്നത് രക്ഷാപ്രവര്‍ത്തകരെയും തളര്‍ത്തുന്നതാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

അതിനിടെ അങ്കോലയില്‍ രണ്ട് സ്ഥലങ്ങളില്‍ റഡാറില്‍ സിഗ്‌നല്‍ ലഭിച്ചു. റോഡരികിലെ മണ്ണില്‍ നടത്തിയ പരിശോധനയിലാണ് സിഗ്‌നല്‍ ലഭിച്ചത്. ഈ സ്ഥലങ്ങളിലെ മണ്ണ് നീക്കി പരിശോധിക്കുകയാണ്. തിങ്കളാഴ്ച രാവിലെ മുതല്‍ കരയിലും ഗംഗാവലി പുഴയിലുമായാണ് തെരച്ചില്‍ നടത്തിയിരുന്നത്. തെരച്ചിലിനായി ബെംഗളൂരുവില്‍നിന്ന് 'ഡീപ് സെര്‍ച്ച് ഡിറ്റക്ടറും' സ്ഥലത്ത് എത്തിച്ചിരുന്നു. എട്ടുമീറ്റര്‍ ആഴത്തില്‍വരെ തെരച്ചില്‍ നടത്താന്‍ സഹായിക്കുന്ന ഉപകരണമാണിത്.