- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്നയുടെ മരണത്തില്‍ അതീവ ആശങ്ക; കേന്ദ്ര തൊഴില്‍ മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍; പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് സുരേഷ് ഗോപിയും രാഹുല്‍ ഗാന്ധിയും
അന്നയുടെ മരണത്തിന് കാരണം ജോലി ഭാരം
കൊച്ചി: അമിതമായ ജോലിഭാരവും സമ്മര്‍ദവും മൂലം ഹൃദയാഘാതത്താല്‍ മുബൈയിലെ ഇ വൈ കമ്പനിയിലെ ജീവനക്കാരിയായിരുന്ന മലയാളി യുവതി അന്ന സെബാസ്റ്റ്യന്‍ മരിച്ച സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. ജോലി ഭാരമാണ് അന്നയുടെ മരണത്തിന് കാരണമെന്നതില്‍ അതീവ ആശങ്ക രേഖപ്പെടുത്തിയ കമ്മീഷന്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്തു. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തോട് വിശദമായ അന്വേഷണ റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്. നാല് ആഴ്ച്ചയ്ക്കം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍, കേന്ദ്ര തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. അന്നയുടെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളെപ്പറ്റി അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അന്ന സെബാസ്റ്റ്യന്റെ വീട്ടിലെത്തി ഇന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചിരുന്നു. അന്നയുടെ കുടുംബവുമായി സംസാരിച്ചുവെന്ന് സുരേഷ് ഗോപി സന്ദര്‍ശനത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ അനീതിയുണ്ടായതായാണ് തോന്നുന്നത്. ഇനി ഒരാള്‍ക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകരുത്. സാമൂഹികമായ തിരുത്തല്‍ ആവശ്യമാണ്. പാര്‍ലമെന്റില്‍ അന്നയുടെ മരണം വിഷയമായി വരും. കേന്ദ്ര മന്ത്രി എന്നതിനപ്പുറം ഒരു അച്ഛന്‍ എന്ന നിലയില്‍ പാര്‍ലമെന്റില്‍ ഉന്നയിക്കും. തൊഴില്‍ ചൂഷണം നടത്തുന്ന കമ്പനികള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
അന്നയുടെ ജോലി സമയവും അനുബന്ധ കാര്യങ്ങളുമെല്ലാം ചോദിച്ചറിഞ്ഞ അദ്ദേഹം വിഷയത്തില്‍ അടുത്ത നടപടികള്‍ ഉണ്ടാകണമെന്ന് വ്യക്തമാക്കി. മുക്കാല്‍ മണിക്കൂറോളം സുരേഷ് ഗോപി ഇവര്‍ക്കൊപ്പം സമയം ചെലവിട്ടു.
ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച അന്ന സെബാസ്റ്റ്യന്റെ അമ്മ കമ്പനി മേധാവിക്ക് അയച്ച കത്താണ് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നത്. മകളുടെ ദുരവസ്ഥ മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാന്‍ ആണ് കമ്പനി മേധാവിക്ക് കത്ത് അയച്ചതെന്ന് അന്നയുടെ പിതാവ് പറഞ്ഞിരുന്നു. അന്നയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ നിയമ നടപടികളിലേക്ക് ഇല്ല എന്ന നിലപാടിലാണ് കുടുംബം. സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ഉണ്ടാകണമെന്നാണ് ആവശ്യം.
അതേ സമയം അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഫോണില്‍ സംസാരിച്ചു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് വിഡിയോ കോളില്‍ രാഹുല്‍ ഗാന്ധി അന്നയുടെ മാതാപിതാക്കളെ അറിയിച്ചു. പ്രൊഫഷനല്‍ കോണ്‍ഗ്രസ് ചെയര്‍മാന്‍ പ്രവീണ്‍ ചക്രവര്‍ത്തി ഉച്ചയോടെ അന്നയുടെ വീട്ടിലെത്തിയാണ് മാതാപിതാക്കള്‍ക്ക് രാഹുല്‍ ഗാന്ധിയുമായി സംസാരിക്കാനുള്ള അവസരമുണ്ടാക്കിയത്.
അരമണിക്കൂറോളം അന്നയുടെ മാതാപിതാക്കളുമായി സംസാരിച്ച രാഹുല്‍ ഗാന്ധി ഇവരെ ആശ്വസിപ്പിച്ചു. വിഷയം അങ്ങേയറ്റം ഗൗരവത്തോടെയാണ് എടുക്കുന്നതെന്നും വളരെ ശക്തമായി ഇത് ലോക്‌സഭയിലെ ശൂന്യവേളയില്‍ അവതരിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി മാതാപിതാക്കളോട് പറഞ്ഞു. നേരത്തെ ശശി തരൂര്‍ എംപിയും വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
ഇന്നു രാവിലെ മന്ത്രി പി.രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, ഹൈബി ഈഡന്‍ എം.പി തുടങ്ങിയവരും എറണാകുളം ജില്ലയിലെ കങ്ങരപ്പടിക്കടുത്തുള്ള വീട്ടിലെത്തി അന്നയുടെ പിതാവ് സിബി ജോസഫുമായും മാതാവ് അനിത അഗസ്റ്റിനുമായും സംസാരിച്ചിരുന്നു.
ബഹുരാഷ്ട്ര കണ്‍സല്‍ട്ടിങ് സ്ഥാപനമായ ഏണ്‍സ്റ്റ് ആന്‍ഡ് യങ്ങിന്റെ (ഇവൈ) പുണെയിലെ ഓഫീസില്‍ ജോലി ചെയ്തിരുന്ന അന്ന ഇക്കഴിഞ്ഞ ജൂലൈ 20നാണ് അന്തരിച്ചത്. അന്നയുടെ ഓര്‍മയ്ക്കായി ഇന്ത്യയിലെ കോര്‍പറേറ്റ് ജീവനക്കാര്‍ക്കിടയില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ രാഹുല്‍ ഗാന്ധി എഐപിസി ചെയര്‍മാനോട് നിര്‍ദേശിച്ചു. ജോലിസംബന്ധമായ സമ്മര്‍ദങ്ങള്‍, മോശം തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കുന്നതിനായി എഐപിസി അധികം വൈകാതെ ഒരു ഹെല്‍പ്ലൈന്‍ ആരംഭിക്കും. തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നിര്‍ദേശങ്ങളും മുന്നോട്ടുവയ്ക്കും.