റായ്പുര്‍: മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രി വിജയ് ശര്‍മയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി കൂടിക്കാഴ്ച നടത്തി. സര്‍ക്കാര്‍ നീതിപൂര്‍വമായി ഇടപെടുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അനൂപ് ആന്റണി മാധ്യമങ്ങളോട് പ്രതികരി്ചു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് തന്നെ മത പരിവര്‍ത്തനം നിരോധന നിയമം ഉള്ള നാടാണ്. പരിഹാരം ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അനൂപ് ആന്റണി പറഞ്ഞു.

കൂടിക്കാഴ്ചക്ക് ശേഷം പ്രതീക്ഷ കൂടിയെന്നും ജാമ്യപേക്ഷ നല്‍കുമ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷ നിര്‍ഭരമായ നടപടി ഉണ്ടാകുമെന്നും അനൂപ് ആന്റണി പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷം കളിക്കുന്നത് കഴുകന്റെ രാഷ്ട്രീയമാണെന്നും നീതിപൂര്‍വമായ ഇടപെടലുണ്ടാകുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയെന്നും നിയമത്തെ അട്ടിമറിച്ചല്ല സര്‍ക്കാര്‍ ഇടപെട്ടതെന്നും അനൂപ് ആന്റണി പറഞ്ഞു.

സിസ്റ്റര്‍മാരുടെ കാര്യത്തില്‍ പ്രതീക്ഷ നല്‍കുന്ന ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും. പെണ്‍കുട്ടികളെ നക്‌സല്‍ ബാധിത മേഖലയില്‍ നിന്നും എത്തിച്ചതില്‍ അടക്കം കൂടുതല്‍ പേരിലേക്ക് അന്വേഷണം നടക്കുന്നുണ്ട്. മുഖ്യമന്ത്രിയെ ഉടന്‍ കാണുമെന്നും സഭാ നേതൃത്വത്തെയും കാണാന്‍ ശ്രമിക്കുമെന്നും അനൂപ് ആന്റണി പറഞ്ഞു. കേരള ബിജെപി കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ട്. കന്യാസ്ത്രീകളെ കുടുക്കിയത് ആണോ എന്നതില്‍ അടക്കം അന്വേഷണം വേണം. പ്രതിപക്ഷം കഴുകന്‍ രാഷ്ട്രീയം കളിക്കരുത്. നിയമം നിയമത്തിന്റെ വഴിക്ക് പോകും എന്ന് ഉപമുഖ്യമന്ത്രി ബിജെപി പ്രതിനിധിയെ അറിയിച്ചു. ക്രൈസ്തവ സമൂഹത്തിന് വേണ്ടി നീതി പൂര്‍വമായ ഇടപെടല്‍ ഉണ്ടാകുമെന്ന് വിജയ് ശര്‍മ അറിയിച്ചു. കൂടുതല്‍ അന്വേഷണം നടക്കും.

അതേസമയം, കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ചര്‍ച്ചയില്ലെന്ന് രാജ്യസഭയില്‍ സര്‍ക്കാര്‍ നിലപാട് എടുത്തു. ചര്‍ച്ച ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസുകള്‍ ഇന്നും തള്ളി. ഇതോടെ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളമുണ്ടായി. ചോദ്യോത്തര വേള തടസപ്പെടുത്തരുതെന്ന് രാജ്യസഭാ അധ്യക്ഷ ആവശ്യപ്പെട്ടു. അതേസമയം കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ബജ്‌റങ്ദള്‍ വാദം പൊളിയുകയാണ്. മാതാപിതാക്കളുടെ അനുമതിയോടെയാണ് കന്യാസ്ത്രികള്‍ക്കൊപ്പം എത്തിയതെന്ന് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടികളെ റെയില്‍വേ സ്റ്റേഷനില്‍ വിടണമെന്ന് മാതാപിതാക്കളാണ് തന്നോട് പറഞ്ഞതെന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുവാവ് സുഖമാന്‍ മണ്ഡലും പ്രതികരിച്ചു.

കന്യാസ്ത്രികളുടെ അറസ്റ്റിനെതിരെ പ്രതിഷേധവും ശക്തമാകുകയാണ്. യുഡിഎഫ് എംപിമാരുടെ സംഘം ഛത്തീസ്ഗഢിലെ റായ്പൂരിലെത്തി. സിപിഐഎം നേതാവ് ബൃന്ദ കാരാട്ടും എല്‍ഡിഎഫ് എം പിമാരും ഛത്തീസ്ഗഡിലേക്ക് തിരിക്കും. ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവര്‍. നാരായന്‍പുര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്നത്. 19 മുതല്‍ 22 വയസ്സുള്ളവരായിരുന്നു ഇവര്‍.

റെയില്‍വെ സ്റ്റേഷനിലെത്തിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിക്കുകയായിരുന്നു. തുടര്‍ന്ന് കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും ചെയ്തു. കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയില്‍ ജോലിക്ക് പോവുകയാണെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. മൂവരുടെയും രക്ഷിതാക്കള്‍ ജോലിക്ക് പോവാന്‍ നല്‍കിയ അനുമതി പത്രവും തിരിച്ചറിയല്‍ കാര്‍ഡുകളും പെണ്‍കുട്ടികള്‍ ഹാജരാക്കി. തങ്ങള്‍ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെണ്‍കുട്ടികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ ബജ്റംഗ്ദളോ റെയില്‍വെ പൊലീസോ തയ്യാറായില്ലെന്നാണ് ആരോപണം.

കന്യാസ്ത്രീകളുടെ അറസ്റ്റിനെ പിന്തുണച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ സായ് രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. പെണ്‍കുട്ടികളെ മതം മാറ്റാനുള്ള ശ്രമം നടന്നുവെന്നും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവതരമായ വിഷയമാണിതെന്നുമായിരുന്നു ഛത്തീസ്ഗഡ് മുഖ്യമന്ത്രി പ്രതികരണം. എല്ലാ മതങ്ങളിലെയും സമുദായങ്ങളിലെയും ആളുകള്‍ ഐക്യത്തോടെ ജീവിക്കുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഡ്. മനുഷ്യക്കടത്ത് വഴി ആളുകളെ മതം മാറ്റാന്‍ ശ്രമം നടക്കുന്നുണ്ടായിരുന്നുവെന്നും പെണ്‍കുട്ടികളുടെ സുരക്ഷായുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാഷ്ട്രീയ നിറം നല്‍കരുതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു. ബജ്റംഗ്ദളിനെ പിന്തുണച്ചായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടന വിരുദ്ധമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി പ്രതികരിച്ചിരുന്നു. ബജ്റംഗ്ദള്‍ ആരോപണമാണ് ശരിയെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ ഇതില്‍ വലിയ ഗൂഢാലോചന ഉണ്ടെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ആഭ്യന്തരമന്ത്രിയും ഒരക്ഷരം മിണ്ടുന്നില്ലെന്നും ബിജെപി സംഘം ഛത്തീസ്ഗഡില്‍ പോകുന്നത് പ്രഹസനമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.