കണ്ണൂർ: സാമൂഹ്യ മാധ്യമങ്ങൾ വഴി വെല്ലുവിളി തുടർന്ന് തില്ലങ്കേരി സംഘം. ശൈലജ ടീച്ചറുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം രാഗിന്ദിന് എതിരെ ആണ് അധിക്ഷേപം.ആകാശ് തില്ലങ്കേരിയും ജിജോ തില്ലങ്കേരിയുമാണ് ഫേസ്‌ബുക്ക് കുറിപ്പുമായി രംഗത്ത് വന്നത്.രാഗിന്ദ് കാണിക്കാത്ത മറുപടി തിരിച്ചു കാണിക്കില്ലെന്ന് ആകാശ് തില്ലങ്കേരി പ്രതികരിച്ചു. അതേസമയം പാർട്ടിയാണ് വലുതെന്നും, പാർട്ടിയോടൊപ്പം ഉണ്ടാകുമെന്നുമാണ് ജയപ്രകാശ് തില്ലങ്കേരി ഫേസ്‌ബുക്കിൽ കുറിച്ചിട്ടുള്ളത്.ആകാശിനെതിരെ ആദ്യം രംഗത്ത് വന്നത് പാർട്ടിയുടെ പ്രാദേശിക പ്രവർത്തകനായ രാഗിന്ദ് എ പി ആയിരുന്നു.

ഈ സാഹചര്യത്തിലാണ് രാഗിന്ദിനെതിരെ ഇരുവരും ഫേസ്‌ബുക്കിലൂടെ രംഗത്തെത്തിയത്. ആർഎസ്എസിനെ പ്രതിരോധിച്ചതിനാലാണ് താൻ ജയിലിൽ പോയതെന്നും രാഗിന്ദാണ് രക്തസാക്ഷിത്വത്തിന്റെ മഹത്വത്തിന് മങ്ങലേൽപ്പിച്ചതെന്നും കുറിപ്പിൽ പറയുന്നു. രാഗിന്ദിനെ വെള്ളപൂശുന്നവർ അപമാനിക്കുന്നത് തന്റെ കുടുംബത്തെ ആണെന്നും ആകാശ് ആരോപിച്ചു. സുഹൃത്ത് ജിജോ തില്ലങ്കേരിയുടെ ഫേസ്‌ബുക് കുറിപ്പിന്റെ കമന്റിലാണ് ആകാശിന്റെ പ്രതികരണം.

ആകാശിന്റെ കമന്റിന്റെ പൂർണ്ണരൂപം

വൈകാരികത കൊണ്ടുവരാൻ ശ്രമിക്കുകയാണ് അവർ. പച്ച തെറിയും പുലഭ്യവും പറയുന്ന രാഗിന്ദിനില്ലാത്ത ബോധം മറ്റുള്ളവർക്ക് ഉണ്ടാവുമോ. പണ്ട് ഒരു ഉളുപ്പുമില്ലാതെ ആർഎസ്എസുമായി കൂട്ടുകച്ചവടം നടത്തിയെന്ന ഇല്ലാകഥ പ്രചരിപ്പിച്ച അതേ കുശാഗ്ര ബുദ്ധിയാണ് ഇതിനു പിന്നിലും.

ആർഎസ്എസിന്റെ കടന്നാക്രമണങ്ങളെ പ്രതിരോധിച്ചതിന്റെ പേരിൽ കള്ളക്കേസ് ചുമത്തപെട്ട് കൊലക്കേസിൽ കിടന്ന മുതിർന്ന സഖാവിന്റെ ഭാര്യയെ ഉൾപ്പടെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ തെറിപറയുകയും അപമാനിക്കുകയും ചെയ്ത രാഗിന്ദ് ആണ് രക്തസാക്ഷിത്വത്തിന്റെ മഹത്വത്തിന് മങ്ങലേൽപ്പിച്ചത്.

രാഗിന്ദ് കാണിക്കാത്ത മര്യാദ, രാഗിന്ദിന്റെ തെറിവിളി കേൾക്കുന്നവർ തിരിച്ച് കാണിക്കണമോ?. തെറ്റാരു ചെയ്താലും തെറ്റാണ്. കൈ മെയ് മറന്ന് വെള്ളപൂശുമ്പോൾ നിങ്ങൾ വേദനിപ്പിക്കുന്നത് രാഗിന്ദാൽ അപമാനിതരായ ആ അടിയുറച്ച പാർട്ടി കുടുംബത്തെ കൂടിയാണ്.

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതക കേസിൽ പ്രതി ചേർക്കപ്പെട്ട ജയിലിൽ പോയ ആളാണ് ആകാശ് തില്ലങ്കേരിയെന്നും ന്യായത്തിനൊപ്പം നിന്നില്ലെങ്കിലും തങ്ങളെ കരിവാരിതേക്കരുതായിരുന്നുവെന്നും ജിജോ തില്ലങ്കേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.
ആകാശിനെതിരെ തില്ലങ്കേരിയിൽ പ്രസംഗിക്കാൻ പാർട്ടി പി ജയരാജനെ നിയോഗിച്ചതിന് പിന്നാലെയാണ് പ്രതികരണം. നേരത്തെ എംവി ജയരാജൻ മാത്രം പങ്കെടുത്താൽ മതിയെന്ന് നിശ്ചയിച്ചതായിരുന്നു.പി ജയരാജന്റെ ഫോട്ടോ അടക്കം ഉൾപെടുത്തി പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.

അതേസമയം പ്രതികരണത്തിൽ മറുപടിയുമായി കെ കെ ശൈലജ ടീച്ചറും രംഗത്തെത്തി. ആകാശ് തില്ലങ്കേരിയുടെ ആരോപണങ്ങൾ പാർട്ടി പരിശോധിക്കട്ടെയെന്ന് കെ.കെ.ശൈലജ പ്രതികരിച്ചു. വ്യക്തിയെന്ന നിലയിൽ താൻ അഭിപ്രായം പറയേണ്ട കാര്യമല്ല. ആകാശ് തില്ലങ്കേരി പാർട്ടിയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. പാർട്ടി കേഡർമാർ തെറ്റായ പ്രവണത കാട്ടിയാൽ തിരുത്താൻ ശ്രമിക്കും. തിരുത്തിയില്ലെങ്കിൽ അവരുമായുള്ള ബന്ധം വിച്ഛേദിക്കുകയാണ് ചെയ്യുകയെന്നും അവർ പറഞ്ഞു.