ഹൈദരാബാദ്: മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപി റാലിക്കിടെ ആന്ധ്ര പ്രദേശിൽ വീണ്ടും ദുരന്തം. തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. പത്ത് പേരുടെ നില ഗുരുതരമാണ്. ചന്ദ്ര ബാബു പങ്കെടുത്ത ഗുണ്ടൂർ ജില്ലയിലെ വികാസ് നഗറിൽ നടന്ന പൊതു യോഗത്തിനിടെയാണ് അപകടം.

റാലിക്കിടെ സംഘടിപ്പിച്ച പ്രത്യേക റേഷൻ വിതരണ പരിപാടിക്കായി നിരവധി ആളുകളാണ് സ്ഥലത്ത് തടിച്ചു കൂടിയത്. നായിഡു സ്ഥലത്തു നിന്നു പോയതിന് പിന്നാലെയാണ് തിക്കും തിരക്കുമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ടിഡിപി റാലിയിൽ ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് തിക്കിലും തിരക്കിലും പെട്ട് ആളുകൾക്ക് ജീവൻ നഷ്ടമാകുന്നത്. കഴിഞ്ഞ ദിവസം റോഡ് ഷോയ്ക്കിടെയാണ് അപകടമുണ്ടായത്. അന്ന് തിക്കിലും തിരക്കിലും പെട്ട് സ്ത്രീ ഉൾപ്പെടെ എട്ട് പേരാണ് മരിച്ചത്. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ചന്ദ്രബാബു നായിഡുവിനെ കാണാൻ ആൾക്കൂട്ടം തടിച്ചു കൂടിയ സമയത്ത് സംരക്ഷണ ഭിത്തി തകർന്ന് കാനയിൽ വീണാണ് ആളപായം ഉണ്ടായതെന്നാണ് പൊലീസ് പറഞ്ഞത്.

നെല്ലൂർ ജില്ലയിലെ കണ്ടുകൂർ നഗരത്തിലാണ് ആദ്യം അപകടമുണ്ടായത്. സംഭവത്തെ തുടർന്ന് ചന്ദ്രബാബു നായിഡു പരിപാടി റദ്ദാക്കിയിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം നായിഡു നഷ്ടപരിഹാരവും പ്രഖ്യാപിച്ചിരുന്നു.