ആലപ്പുഴ: കളര്‍കോട്ടെ വാഹനാപകടത്തില്‍ ലക്ഷദ്വീപിലെ ആന്ത്രോത്തിലും ഉയരുന്ന കൂട്ട നിലവിളികള്‍. ഈ പ്രദേശത്തിന്റെ ഡോക്ടര്‍ പ്രതീക്ഷയായിരുന്നു മുഹമ്മദ് ഇബ്രാഹിം. മത്സ്യതൊഴിലാളിയായ നസീറിന്റെ മകന്‍. കവരത്തി പൊതുമരാമത്ത് വകുപ്പില്‍ യുഡിസിയാണ് അമ്മ മുംതാസ്. സാധാരണ കുടുംബത്തിലെ മൂത്ത പുത്രനായ ഇബ്രാഹിം പഠനത്തില്‍ മിടുമിടുക്കനായിരുന്നു. എന്‍ട്രന്‍സിലൂടെ എംബിബിഎസ് സീറ്റും കിട്ടി. ആലപ്പുഴയിലായി പഠനം. ഇതോടെ ആ കുടുംബം സന്തോഷത്തിലായി. ആന്ത്രോത്തുകാര്‍ ഭാവിയില്‍ ഡോക്ടറെ കിട്ടിയെന്ന സ്വപ്‌നം കണ്ടു. ഇവര്‍ക്കിടയിലേക്കാണ് കളര്‍കോട്ടെ അപകട വാര്‍ത്ത എത്തിയത്. ഇബ്രാഹിമിന് ഒരു അനുജനാണ് കൂടെപിറപ്പായുള്ളത്. അങ്ങനെ ലക്ഷദ്വീപിനും ദുഖമായി മാറി ആലപ്പുഴയിലെ നടക്കുന്ന രാത്രി അപകടം.

ലക്ഷദ്വീപിലേക്ക് മുഹമ്മദ് ഇബ്രാഹിമിന് മടക്ക യാത്രയുമില്ല. പ്രത്യേക സാഹചര്യത്തില്‍ ലക്ഷദ്വീപ് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകേണ്ടതില്ലെന്നാണ് തീരുമാനം. ഇബ്രാഹിമിന്റെ സംസ്‌കാര ചടങ്ങ് എറണാകുളം മാര്‍ക്കറ്റ് പള്ളിയിലില്‍ നടക്കുമെന്നാണ് സൂചന. ഇബ്രാഹിമിന്റെ മാതാപിതാക്കള്‍ രാവിലെ വിമാനമാര്‍ഗ്ഗം ലക്ഷദ്വീപില്‍ നിന്നും എറണാകുളത്തേക്ക് തിരിക്കും. ദ്വീപു ഭരണകൂടം എമര്‍ജന്‍സി വിമാന ടിക്കറ്റ് അനുവദിച്ചിട്ടുണ്ട്. കലാവസ്ഥയും സാങ്കേതിക കാരണങ്ങളും പരിഗണിച്ചാണ് കൊച്ചിയില്‍ സംസ്‌കാരം നടത്തുന്നത്. കുടുംബത്തിന് വേണ്ട എല്ലാ സഹായവും കേരള സര്‍ക്കാരും ഒരുക്കും. കൊച്ചിയിലെ ദ്വീപ് അധികാരികളും നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ സജീവമാണ്.

വാര്‍ത്തയിലൂടെയാണ് മരണവിവരം ആന്തോത്തില്‍ അറിയുന്നത്. ലക്ഷദ്വീപ് സ്വദേശിയും ഉണ്ടെന്ന് മാത്രമാണ് ആദ്യം അറിഞ്ഞത്. പിന്നീടാണ് മരിച്ചത് ഇബ്രാഹിം ആണെന്നറിഞ്ഞതെന്നും നാട്ടുകാരന്‍ പറഞ്ഞു. വണ്ടാനം മെഡിക്കല്‍ കോളജില്‍ ജോയിന്‍ ചെയ്ത് ഒന്നരമാസം പൂര്‍ത്തിയാകുന്നതിന് മുമ്പാണ് ഇബ്രാംഹിം മരണത്തിന് കീഴടങ്ങുന്നത്. ഇത് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം തീരാ വേദനയായി മാറുകയാണ്. ഒരു നാടന്റെ ഡോക്ടര്‍ സ്വപ്‌നമാണ് റോഡിലെ അപകടം തട്ടിയെടുത്തത്. കനത്ത മഴയില്‍ നിയന്ത്രണം തെറ്റിയ കാര്‍ കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്.

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. നാല് പേര്‍ സംഭവസ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.

രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ടവേര കാര്‍ പൂര്‍ണമായും തകര്‍ന്നു. അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ കാറില്‍ നിന്നും പുറത്തെടുക്കാനായത്. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. കനത്ത മഴയെ തുടര്‍ന്ന് കാഴ്ച മങ്ങിയതോ ബ്രേക്ക് കിട്ടാതിരുന്നതോ ആകാം അപകടത്തില്‍ കലാശിച്ചതെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. അമിതവേഗതയെടുക്കാന്‍ പറ്റിയ സ്ഥലത്തല്ല അപകടമുണ്ടായതെന്നും അധികൃതര്‍ പറഞ്ഞു.

മഴയില്‍ തെന്നിനീങ്ങിയ കാര്‍ എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കൊല്ലം സ്വദേശി ആനന്ദ് മനു, എടത്തുറ സ്വദേശി ആല്‍വിന്‍ ജോര്‍ജ് എന്നിവര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ചേര്‍ത്തല സ്വദേശി കൃഷ്ണദേവ്, ചവറ സ്വദേശി മുഹ്സിന്‍ മുഹമ്മദ്, ഷൈന്‍ ഡെന്‍സ്റ്റണ്‍, എറണാകുളം സ്വദേശി ഗൗരി ശങ്കര്‍ എന്നിവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.