ലണ്ടൻ: ശനിയാഴ്‌ച്ച വൈകിട്ട് യു കെയിൽ ആകെ വീശിയടിച്ച ആന്റോണി കൊടുങ്കാറ്റ് വിതച്ചത് കനത്ത ദുരിതങ്ങൾ. കൂട്ടത്തിൽ ശക്തമായ മഴയും കൂടിയെത്തിയതോടെ നിരവധി പേരെ താമസസ്ഥലങ്ങളിൽ നിന്നും ഒഴിപ്പിക്കേണ്ടതായി വന്നു. മെറ്റ് ഓഫീസ് ആമ്പർ വാർണിങ് പുറപ്പെടുവിച്ചിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങളും മറ്റും പറന്നു വീഴാൻ സാധ്യതയുള്ളതിനാൽ, പരിക്കെൽക്കാനുള്ള സാധ്യതയും മുന്നറിയിപ്പിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കനത്ത പേമാരിയിൽ പലയിടങ്ങലിലും ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടതായി വന്നപ്പോൾ ചെറു ദ്വീപുകൾ ശക്തമായ കാറ്റിൽ ആടിയുലഞ്ഞു. ഡെവണിലെ ബെറി ഹെഡിൽ മണിക്കൂറിൽ 78 മൈൽ വരെയാണ് കാറ്റ് വേഗത കൈവരിച്ചത്. കനത്ത മഴയിൽ വെള്ളപ്പൊക്കം ഉണ്ടായതോടെ നോർത്ത് യോർക്ക്ഷയറിൽ പലരേയും അവരുടെ വീടുകളിൽ നിന്നും മാറ്റിപ്പാർപ്പിച്ചു. പ്രളയത്തിൽ കാറുകൾ ഒഴുകിപ്പോകുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ലോഫ്ടസ് ആൻഡ് കാർലിൻ ഹൗവിൽ നിരവധി പേരെ മാറ്റിത്താമസിപ്പിച്ചതായി ക്ലീവ്ലാൻഡ് പൊലീസ് അറിയിച്ചു. അഗ്‌നിശമന സേനയും ലോക്കൽ അഥോറിറ്റിയൂം അവരുടെ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. ആ ഭാഗങ്ങളിൽ താമസിക്കുന്നവരോട് ആവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും, അപകടകരങ്ങളായ സാഹസനഗളിൽ നിന്നും വിട്ടു നിൽക്കണമെന്നും ക്ലീവ്ലാൻഡ് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

വെറും മൂന്ന് മിനിറ്റ് സമയം കൊണ്ടാണ് വെള്ളം ക്രമാതീതമായി ഉയർന്നതെന്ന് കഴിഞ്ഞ 15 വർഷക്കാലമായി ക്ലീവ്ലാന്ദിൽ താമസിക്കുന്ന ഒരു വ്യക്തി പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷക്കാലത്തിനിടയിൽ ഇത് രണ്ടാം തവണയാണ് ഇത്രയും ഭീകരമായ വെള്ളപ്പൊക്കം ഉണ്ടാവുന്നതെന്നും അയാൾ പറഞ്ഞു. അതേസമയം സഫോക്കിലെ നീഡാം നിവാസികൾ വീടുകൾക്കുള്ളിൽ കുടുങ്ങിയ അവസ്ഥയിലാണ്. ചുറ്റും വെള്ളം പൊങ്ങിയതാണ് അത്തരമൊരു സാഹചര്യം സംജാതമാക്കിയത്.

ഡുബ്ലിനിലെ ക്ലോൺടർഫിൽ നിന്നും വെള്ളപ്പൊക്കത്തിൽ അകപ്പെട്ട എട്ടുപേരെ ഒഴിപ്പിച്ചതായി ഡുബ്ലിൻ ഫയർ ബ്രിഗേഡ് അറിയിച്ചു. ലണ്ടനിലെ ചില ഭാഗങ്ങളിലും ഈസ്റ്റ് ആംഗ്ലിയയിലും യോർക്ക്ഷയറിലും വെള്ളപ്പൊക്കം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിക്ക് ശേഷം ഉണ്ടായിട്ടുള്ള ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് അന്റോണിയോ

അതേസമയം, അന്തരീക്ഷ താപനില 17 ഡിഗ്രിയിൽ കൂടാത്തത്, ഒരു വേനൽക്കാൽ പ്രതീതി ഇപ്പോഴും ജനിപ്പിക്കുന്നില്ല. പ്രതികൂല കാലാവസ്ഥ കാരണം ഡോർസെറ്റ് ജാസ് ഫെസ്റ്റിവൽ, ഐൽ ഓഫ് റൈറ്റിലെ ചെയ്ൽ ഷോ എന്നിവ ഉൾപ്പടെ നിരവധി പരിപാടികൾ റദ്ദ് ചെയ്യപ്പെട്ടിട്ടുണ്ട്. കനത്ത കാറ്റിലും ശക്തമായ തിരമാലകളിലും കുടുങ്ങിയ മൂന്ന് പേരെ വടക്കൻ വെയ്ൽസിൽ രക്ഷാസേന രക്ഷിച്ചു. ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.

ചില റോഡുകൾ അടച്ചിടേണ്ട സാഹചര്യം ഉള്ളതിനാൽ, ഇന്ന് ഗതാഗത തടസ്സങ്ങൾ ഉണ്ടായേക്കാം. അതുപോലെ ചില പ്രദേശങ്ങളിൽ വൈദ്യൂതി വിതരണത്തിനും തടസ്സങ്ങൾ നേരിട്ടേക്കാം. മേൽക്കൂരങ്ങൾ പറന്നു പൊങ്ങാനും അതുപോലെ കെട്ടിടങ്ങൾക്ക് മറ്റ് നാശനഷ്ടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. മരങ്ങൾ കടപുഴകി വീണേക്കാം. ആന്റോണി കൊടുങ്കാറ്റ് ഇപ്പോൾ ഐറിഷ് സമുദ്രം ലക്ഷ്യമാക്കി കിഴക്കോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ്.