- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാള സിനിമയിലെ 'സമര പ്രഖ്യാപനം' പൊളിക്കാന്‍ മോഹന്‍ലാല്‍; പിന്തുണയ്ക്കുന്നത് മമ്മൂട്ടിയും; ആന്റണി പെരുമ്പാവൂരിന്റെ കടന്നാക്രമണം മോഹന്‍ലാലിന്റെ കളിക്കൂട്ടുകാരനെതിരെ; സുരേഷ് കുമാറിനെതിരായ ലാല്‍ വിശ്വസ്തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ നിറയുന്നത് സിനിമാ ലോകത്തെ ഭിന്നത; അമ്മയെ 'നാഥനില്ലാ കളരിയാക്കിയത്' അടി മൂപ്പിച്ചു; പ്രൊഡ്യൂസര്‍മാരുടെ സംഘടനയും 'അമ്മ' പിടിക്കും
തിരുവനന്തപുരം: മലയാള സിനിമയിലെ 'സമര പ്രഖ്യാപനം' പൊളിക്കും. ഇതിന് മോഹന്‍ലാല്‍ തന്നെ നേരിട്ട് രംഗത്തിറങ്ങും. മമ്മൂട്ടിയും മോഹന്‍ലാലിനെ ഈ വിവാദത്തില്‍ പിന്തുണയ്ക്കും. മലയാളസിനിമയിലെ നിര്‍മ്മാതാക്കളുടെ സംഘനയ്ക്കുള്ളില്‍ ചേരിപ്പോര് മുറുകുന്നത് ഇതിന്റെ സൂചനയാണ്. നടന്മാരും സംവിധായകരും വലിയ തുക പ്രതിഫലമായി ചോദിക്കുന്നതുമായി ബന്ധപ്പെട്ട് സുരേഷ് കുമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയത് ഇതിന്റെ സൂചനയാണ്. ജൂണ്‍ ഒന്ന് മുതല്‍ നിര്‍മ്മാതാക്കള്‍ സമരത്തിനിറങ്ങുന്നതായി വലിയ ആവേശത്തില്‍ സുരേഷ്‌കുമാര്‍ പറഞ്ഞത് സിനിമയ്ക്കുള്ളല്‍ പ്രവര്‍ത്തിക്കുന്ന നൂറ് കണക്കിന് ആളുകളെ ബാധിക്കുന്നതാണെന്നും, ഇതൊക്കെ പറയാന്‍ ആരാണ് സുരേഷ് കുമാറിനെ ചുമതലപ്പെടുത്തിയതെന്ന് ആന്റണി ചോദിച്ചു. മോഹന്‍ലാലിന്റെ മുന്‍ ഡ്രൈവര്‍ ആണ് ആന്റണി പെരുമ്പാവൂര്‍. കുട്ടിക്കാല സുഹൃത്താണ് സുരേഷ് കുമാര്‍. മോഹന്‍ലാലിനെ സിനിമയില്‍ സജീവമാക്കിയതിന് പിന്നിലെ പ്രധാനിയാണ് സുരേഷ് കുമാര്‍. ഒരു കാലത്ത് മോഹന്‍ലാലിന്റെ സിനിമകള്‍ക്ക് പിന്നിലെ ചാലക ശക്തിയായിരുന്നു സുരേഷ് കുമാര്‍. പിന്നീട് ആന്റണി പെരുമ്പാവൂര്‍ ആ റോളിലേക്ക് വന്നു. മോഹന്‍ലാല്‍ പറയാതെ ഒന്നും ആന്റണി ചെയ്യില്ല. അതുകൊണ്ടു തന്നെ ആന്റണി പെരുമ്പാവൂരിന്റെ സുരേഷ് കുമാറിനെതിരായ വിശദ കുറിപ്പും മോഹന്‍ലാലിന്റെ അറിവും സമ്മതത്തോടെയുമാണ്. മോഹന്‍ലാലിന്റെ പഴയ കളിക്കൂട്ടുകാരനെ ഇപ്പോഴത്തെ വിശ്വസ്തനായ പഴയ ഡ്രൈവര്‍ പരിഹസിക്കുകയാണ്. വിശദമായ ഫെയ്‌സ് ബുക്ക് കുറിപ്പാണ് ആന്റണി പെരുമ്പോവൂരിന്റേത്.
ഒരു നടന്‍ ഒരു സിനിമ നിര്‍മ്മിച്ചാല്‍ ആ സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ല എന്നൊക്കെ ശ്രീ സുരേഷ് കുമാര്‍ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ല. ഇതൊക്കെ നമ്മുടെ നാട്ടില്‍ നടക്കാന്‍ പോകുന്ന കാര്യമാണെന്ന വിശ്വാസവുമെനിക്കില്ല. കാരണം, ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടത്തിനും വിശ്വാസത്തിനുമനുസരിച്ചു നിയമവിധേയമായി ജീവിക്കാന്‍ സ്വാതന്ത്ര്യമുള്ളൊരു രാജ്യമാണിത്. ഇവിടെ സിനിമ പോലൊരു വ്യവസായം ഇങ്ങനെ അദ്ദേഹത്തിന് ഇഷ്ടമുള്ള രീതിയില്‍ പ്രവര്‍ത്തിക്കണമെന്ന മട്ടിലൊക്കെ പറഞ്ഞാല്‍ ആരാണ് പിന്തുണയ്ക്കെത്തുക? അതൊന്നുമോര്‍ക്കാതെ അദ്ദേഹം ഇവ്വിധം ആരോപണങ്ങളുയര്‍ത്താന്‍ തയാറായതെന്തുകൊണ്ട് എന്നാണറിയാത്തത്. ഞാനൊക്കെ ഏറെ ആദരിക്കുന്ന, ബഹുമാനിക്കുന്ന, ഇഷ്ടപ്പെടുന്ന നിര്‍മ്മാതാവാണ് ശ്രീ സുരേഷ്‌കുമാര്‍. അദ്ദേഹത്തെപ്പോലൊരാള്‍ ഇത്തരത്തില്‍ ബാലിശമായി പെരുമാറുമ്പോള്‍, അദ്ദേഹത്തിന് എന്തു പറ്റി എന്നാണ് മനസിലാക്കാനാവാത്തത്. ഭാവിയിലെങ്കിലും ഇത്തരം അനാവശ്യമായ ആരോപണങ്ങളുമായി മുന്നോട്ടുവരുമ്പോള്‍ അദ്ദേഹം ഒരുവട്ടം കൂടി ഒന്നാലോചിക്കണമെന്നു മാത്രമാണ് എനിക്കപേക്ഷിക്കാനുള്ളത്-ഇതാണ് ആന്റണി പെരുമ്പാവൂരിന്റെ വിമര്‍ശനത്തിന്റെ കാതല്‍. മേയ് മാസം മുതല്‍ സിനിമാ മേഖലയില്‍ സമ്പൂര്‍ണ്ണ സമരം സുരേഷ് കുമാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് നടക്കില്ലെന്ന് പറയുകയാണ് മോഹന്‍ലാലിന്റെ വിശ്വസ്തനായ പെരുമ്പാവൂരുകാരന്‍.
തീയറ്ററുകള്‍ അടച്ചിടുകയും സിനിമകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്യുമെന്ന് വ്യക്തികള്‍ തീരുമാനമെടുക്കുന്ന ഒരു രാജ്യത്തല്ല നമ്മളാരും സംഘടനാപരമായി നിലനില്‍ക്കുന്നത്. അത് സംഘടനയില്‍ കൂട്ടായി ആലോചിച്ചു മാത്രം തീരുമാനിക്കേണ്ടതും പ്രഖ്യാപിക്കേണ്ടതുമായ കാര്യങ്ങളാണ്. അതല്ല, മറ്റേതെങ്കിലും സംഘനകളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ലഭിച്ച ആധികാരികമല്ലാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹമിതൊക്കെ പറഞ്ഞതെങ്കില്‍ സത്യം തിരിച്ചറിയാനും തിരുത്തിപ്പറയാനുമുള്ള ആര്‍ജ്ജവവും ഉത്തരവാദിത്തവും പക്വതയും അദ്ദേഹത്തെപ്പോലൊരാള്‍ കാണിക്കേണ്ടതുണ്ട് എന്നു മാത്രം പറയട്ടെ. സംഘടനയിലും പുറത്തും തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാവുന്നതാണ്. എന്നാല്‍ ആ തെറ്റുകള്‍ തിരുത്തിക്കാനുള്ള ജനാധിപത്യ ഉത്തരവാദിത്തം സംഘടനാഭാരവാഹികള്‍ക്കുണ്ട് എന്നു ഞാന്‍ കരുതുന്നു.അത്തരത്തിലൊരു ശ്രമം ശ്രീ ആന്റോ ജോസഫിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികളില്‍ നിന്നുണ്ടാവുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും ആന്റണി പറയുന്നു. മമ്മൂട്ടിയുടെ അതിവിശ്വസ്തനാണ് ആന്റോ ജോസഫ്. അതയാത് മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പമുള്ള രണ്ടു പേരാകും സുരേഷ് കുമാറിന്റെ സമരത്തെ നേരിടാന്‍ മുന്നിലുള്ളത് എന്നാണ് പുറത്തു വരുന്ന സൂചന.
താരസംഘടനയായ 'അമ്മ'യെ നാഥനില്ലാക്കളരി എന്ന് വിശേഷിപ്പിച്ച നിര്‍മാതാവ് ജി സുരേഷ് കുമാറിനെതിരെ അഡ്‌ഹോക്ക് കമ്മിറ്റി രംഗത്തു വന്നിരുന്നു. സംഭവത്തെ അപലപിക്കുകയാണെന്നും മേലില്‍ ഇങ്ങനെ ഉണ്ടാവില്ലെന്ന് ഉറപ്പുവേണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. 'നാഥനില്ലാ കളരി എന്നെല്ലാം വിശേഷിപ്പിക്കാന്‍ തോന്നിയ അപക്വബുദ്ധിയെ ഞങ്ങള്‍ അപലപിക്കുന്നു. സംഘടനയുടെ നേതൃത്വത്തിലുള്ള ആള്‍ എന്ന നിലക്ക് മേലില്‍ അത്തരം അനൗചിത്യപരമായ പ്രസ്താവനകള്‍ താങ്കളുടെ അംഗങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാവുകയില്ല എന്ന് ഉറപ്പുതരേണ്ടതും സംഘടനയുടെ പ്രസിഡന്റ് എന്ന നിലയില്‍ താങ്കളുടെ ധാര്‍മകമായ ഉത്തരവാദിത്തമാണ് എന്ന് മാത്രം ഓര്‍മപ്പിക്കട്ടെ' - കത്തില്‍ പറയുന്നു. അഞ്ഞൂറിലധികം അംഗങ്ങളുള്ള, നല്ല രീതിയില്‍ നടന്നു വരുന്ന മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനായ ''അമ്മ'' യെ വളരെ മോശമായ രീതിയില്‍ പരാമര്‍ശിച്ചതില്‍ ഞങ്ങള്‍ക്കുള്ള പ്രതിഷേധം അറിയിക്കട്ടെ. പ്രവര്‍ത്തന പരിചയം ഉള്ളവരോട് പ്രത്യേകം മനസ്സിലാക്കിത്തരേണ്ട ആവശ്യമില്ലല്ലോ . മുന്‍പൊന്നുമില്ലാത്തവിധം പ്രസ്തുത അഡ്ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വളരെ മികച്ച പ്രവര്‍ത്തനമാണ് '''അമ്മ'' സംഘടന കഴിഞ്ഞ മാസങ്ങളില്‍ കാഴ്ചവെച്ചത് എന്നത് സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അറിയാം. 'അമ്മ അംഗങ്ങളുടെ കുടുംബസംഗമവും റിപ്പബ്ലിക് ദിനത്തില്‍ ആരംഭിച്ച സൗജന്യ വൈദ്യസഹായ പദ്ധതിയും സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു സംഘടനയ്ക്കും സങ്കല്‍പ്പിക്കാന്‍ പോലുമാകാത്തതാണ്. ഇങ്ങനെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഞങ്ങളുടെ സംഘടനയെ ''നാഥനില്ലാ കളരി'' എന്നെല്ലാം വിശേഷിപ്പിക്കാന്‍ തോന്നിയ അപക്വബുദ്ധിയെ ഞങ്ങള്‍ അപലപിക്കുന്നു.-ഇതായിരുന്നു അമ്മയുടെ വിശദീകരണം. ഇതിന് പിന്നാലെയാണ് സുരേഷ് കുമാറിനെ പരിഹസിച്ച് ആന്റണി പെരുമ്പാവൂരും എത്തുന്നത്. താരങ്ങളില്‍ മിക്കവരും സിനിമാ നിര്‍മ്മതാക്കള്‍ കൂടിയാണ്. അതുകൊണ്ട് തന്നെ നിര്‍മ്മാതാക്കളുടെ സംഘടനയേയും താരങ്ങള്‍ കൈപ്പിടിയിലേക്ക് കൊണ്ടു വരും. അതിന്റെ തുടക്കമാണ് ആന്റണി പെരുമ്പാവൂരിന്റെ വിമര്‍ശനം.
ആന്റണി പെരുമ്പാവൂരിന്റെ കുറിപ്പ് ഇങ്ങനെ-
എനിക്ക് പറയാനുള്ളത്...?
കഴിഞ്ഞ മാസത്തെ മലയാള സിനിമയെ വിലയിരുത്തി മലയാള സിനിമാവ്യവസായത്തെപ്പറ്റി മുതിര്‍ന്ന നിര്‍മ്മാതാവും നടനുമൊക്കെയായ ശ്രീ സുരേഷ്‌കുമാര്‍ മാദ്ധ്യമങ്ങളോടു നടത്തിയ തുറന്നുപറച്ചിലിനെപ്പറ്റി ചിലതു പറയണമെന്നുള്ളതുകൊണ്ടാണ് ഈ കുറിപ്പ്. വ്യക്തി എന്ന നിലയ്ക്ക്, ജനാധിപത്യ ഇന്ത്യയില്‍ സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമദ്ദേഹത്തിനുണ്ട്. എന്നാല്‍, ഒരു സംഘടനയെ പ്രതിനിധീകരിക്കുമ്പോള്‍, ആ സംഘടനയിലെ ഭൂരിപക്ഷം അംഗീകരിക്കുന്നതും ബോധ്യപ്പെട്ടതുമായ കാര്യങ്ങളാണ് പൊതുവേദിയില്‍ അവതരിപ്പിക്കേണ്ടത്. അപ്പോഴേ സംഘടനയിലെ ഭൂരിപക്ഷത്തിന് ആ അഭിപ്രായത്തിനോടൊപ്പം നില്‍ക്കാനും പിന്തുണയ്ക്കാനും സാധിക്കൂ. സംഘടനയില്‍ അഭിപ്രായ സമന്വയമില്ലാത്ത കാര്യങ്ങള്‍ വ്യക്തിപരമായി പൊതുസമക്ഷം അവതരിപ്പിക്കാന്‍ അദ്ദേഹം തയാറായതുകൊണ്ടുമാത്രം, അതേ സ്വാതന്ത്ര്യം എടുത്തുകൊണ്ട്, ഞാനും ചിലതു ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുപറയുകയാണ്.
ജൂണ്‍ ഒന്ന് മുതല്‍ നിര്‍മ്മാതാക്കള്‍ സമരത്തിനിറങ്ങുന്നതായി വലിയ ആവേശത്തില്‍ ശ്രീ സുരേഷ്‌കുമാര്‍ പറഞ്ഞതു ഞാനും കണ്ടു. മറ്റു ചില സംഘടനകളില്‍ നിന്നുണ്ടായ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയാവണം അദ്ദേഹം അങ്ങനെ പറയാന്‍ തയാറായത് എന്നാണ് ഞാന്‍ കരുതുന്നത്. ഇത്തരത്തിലൊരു സമരനീക്കം സിനിമയ്ക്ക് ഒരുതരത്തിലും ഗുണമാകുമെന്നു ഞാന്‍ കരുതുന്നില്ല. കാരണം നൂറുകണക്കിനാളുകളെ, അതുവഴി ആയിരക്കണക്കിനു കുടുംബങ്ങളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന ഒന്നാണത്. സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്, എന്താണ് അതിനു പിന്നിലെ ചേതോവികാരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ വ്യക്തത വേണ്ടതുമുണ്ട്.കൂട്ടത്തിലുള്ളവരെപ്പറ്റിയും സിനിമയിലെ മറ്റു മേഖലകളിലുള്ളവരെയും പുത്തന്‍തലമുറയെപ്പറ്റി കടുത്തഭാഷയില്‍ വിമര്‍ശിച്ചാല്‍ അദ്ദേഹത്തോടൊപ്പം സംഘടനയിലെ മറ്റുള്ളവര്‍ നിശബ്ദമായി പിന്തുണയ്ക്കുമെന്നാണ് അദ്ദേഹത്തിന്റെ ധാരണയെന്നും അതു കേട്ടപ്പോള്‍ എനിക്കു തോന്നി. എതെങ്കിലും നിക്ഷിപ്ത താല്‍പര്യക്കാരുടെ വാക്കുകളില്‍ അദ്ദേഹം പെട്ടുപോയതാണോ എന്നും സംശയം തോന്നി.നൂറു കോടി ക്ലബില്‍ കയറിയ മലയാള സിനിമകളെ പരിഹസിച്ചും വെല്ലുവിളിച്ചും അദ്ദേഹം സംസാരിച്ചതും കേട്ടു. സിനിമ 50 കോടി, 100 കോടി, 200 കോടി 500 കോടി ക്ലബുകളില്‍ കയറുക എന്നത് ഇന്ത്യയിലെവിടെയുമുള്ള ഫിലിം ഇന്‍ഡസ്ട്രകളില്‍ നിലവിലെ രീതിയനുസരിച്ച് എന്റെ അറിവില്‍ മൊത്തം കളക്ഷനെ അഥവാ ഗ്രോസ് കളക്ഷനെ അടിസ്ഥാനമാക്കിതന്നെയാണ്. തീയറ്ററില്‍ നിന്നു മൊത്തം വരുന്ന കളക്ഷനും ആ സിനിമയ്ക്ക് വിവിധ രീതികളില്‍ നിന്ന് വന്നുചേരുന്ന മറ്റുവരുമാനങ്ങളും കൂടി ചേരുന്നതാണത്. നിര്‍മ്മാതാവിനുള്ള അറ്റാദായത്തെ വച്ചിട്ടല്ല അങ്ങനെയുള്ള വിലയിരുത്തലും വിശേഷണങ്ങളും. അത് ബോളിവുഡിലും തമിഴിലും തെലുങ്കിലുമെല്ലാം അങ്ങനെതന്നെയാണുതാനും. അതിനെ നിര്‍മ്മാതാവിനു മാത്രം കിട്ടിയതായുള്ള അവകാശവാദമായി ചിത്രീകരിച്ചു വിമര്‍ശിക്കുന്നതിന്റെ പൊരുള്‍ ദുരൂഹമാണ്.പിന്നെ, അദ്ദേഹം പ്രതിനിധീകരിക്കുന്ന സംഘടനയിലുള്ളവരില്‍പ്പെട്ടവര്‍ തന്നെയാണല്ലോ ഇങ്ങനെ നൂറുകോടി ക്ലബിലും 200 കോടി ക്ലബിലും ഇടം നേടിയ വിശേഷണങ്ങള്‍ പ്രചരിപ്പിക്കുന്നതും. മലയാളത്തില്‍ നിന്നുള്ള സിനിമകള്‍ക്ക് ചുരുങ്ങിയ നാള്‍ കൊണ്ട് അത്രയ്ക്കു കളക്ഷന്‍ കിട്ടൂ, അവ മറ്റുനാടുകളിലെ അതിലും വലിയ സിനിമകള്‍ക്കൊപ്പമെത്തുകയും ചെയ്യുന്നതില്‍ സന്തോഷിക്കുകയും ആ സന്തോഷം പങ്കിടുകയും ചെയ്യുന്നതില്‍ അപാകതയില്ലെന്നാണ് എന്റെ അഭിപ്രായം. അതിനെയൊക്കെ ചോദ്യം ചെയ്തും അധിക്ഷേപിച്ചും അപരാധമെന്നോണം വ്യാഖ്യാനിച്ചും ശ്രീ സുരേഷ് കുമാര്‍ സംസാരിച്ചതിന്റെ ചേതോവികാരവും അവ്യക്തമാണ്.
സംഘടനയുടെ പ്രസിഡന്റായിരിക്കെ ശ്‌ളാഘനീയമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ കഴിവുറ്റ ഒരാളാണ് ശ്രീ സുരേഷ്‌കുമാര്‍ എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍, സുഹൃത്തും നിര്‍മ്മാതാവുമായ ശ്രീ ആന്റോ ജോസഫ് പ്രസിഡന്റായിരിക്കെ, ശ്രീ സുരേഷ്‌കുമാര്‍ ഇങ്ങനെ സഹജീവികള്‍ക്കെതിരേയും സ്വന്തം വ്യവസായത്തിനെതിരേയുമുള്ള ആരോപണങ്ങളുമായി മുന്നോട്ടുവന്നതെന്തുകൊണ്ട്, എങ്ങനെ എന്നു മനസിലാവുന്നില്ല. അവരൊന്നും ഇതേപ്പറ്റി യാതൊന്നും പറഞ്ഞതായി കേട്ടില്ല. ശ്രീ സുരേഷ്‌കുമാറിന്റേത് സംഘടനയുടെ ഭാഷ്യമാണെങ്കില്‍ ശ്രീ ആന്റോ ജോസഫിനെപ്പോലുള്ളവരും അദ്ദേഹത്തെ പിന്തുണച്ചു രംഗത്തുവരേണ്ടതായിരുന്നില്ലേ എന്നാരെങ്കിലും സംശയിച്ചു പോയാല്‍ തെറ്റില്ല. സംഘടനയിലെ ആഭ്യന്തരകാര്യങ്ങളെപ്പറ്റി പറയാന്‍ ഞാനളല്ല. പക്ഷേ ശ്രീ ആന്റോയെ പോലുള്ളവരുടെ മൗനത്തില്‍ നിന്ന് ഞാന്‍ മനസിലാക്കുന്നത് അവര്‍ക്കും ശ്രീ സുരേഷ്‌കുമാര്‍ പറഞ്ഞ കാര്യങ്ങളോടും രീതിയോടും അഭിപ്രായവ്യത്യാസമുണ്ടായിരിക്കുമെന്നാണ്. ഇതൊക്കെ സംഘടനയുടെ തീരുമാനങ്ങളാണെങ്കില്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ ദീര്‍ഘകാല അംഗമായ ഞാനടക്കമുള്ളവര്‍ അത്തരം നിര്‍ണായകമായ തീരുമാനങ്ങളെപ്പറ്റി അറിയേണ്ടതാണ്. കാലാകാലങ്ങളില്‍ പിന്തുടരുന്ന സംഘടാനതല കീഴ്വഴക്കമതാണ്. അത്തരത്തില്‍ ചര്‍ച്ചചെയ്ത് ഭിന്നസ്വരങ്ങള്‍ കൂടി കണക്കിലെടുത്തും അഭിപ്രായസമന്വയമുണ്ടാക്കിയും മുന്നോട്ടു പോവുക എന്നതാണ് ഏതൊരു ജനാധിപത്യസംവിധാനത്തിന്റെയും കാതല്‍ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ഒരു നടന്‍ ഒരു സിനിമ നിര്‍മ്മിച്ചാല്‍ ആ സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ല എന്നൊക്കെ ശ്രീ സുരേഷ് കുമാര്‍ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ല. ഇതൊക്കെ നമ്മുടെ നാട്ടില്‍ നടക്കാന്‍ പോകുന്ന കാര്യമാണെന്ന വിശ്വാസവുമെനിക്കില്ല. കാരണം, ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടത്തിനും വിശ്വാസത്തിനുമനുസരിച്ചു നിയമവിധേയമായി ജീവിക്കാന്‍ സ്വാതന്ത്ര്യമുള്ളൊരു രാജ്യമാണിത്. ഇവിടെ സിനിമ പോലൊരു വ്യവസായം ഇങ്ങനെ അദ്ദേഹത്തിന് ഇഷ്ടമുള്ള രീതിയില്‍ പ്രവര്‍ത്തിക്കണമെന്ന മട്ടിലൊക്കെ പറഞ്ഞാല്‍ ആരാണ് പിന്തുണയ്ക്കെത്തുക? അതൊന്നുമോര്‍ക്കാതെ അദ്ദേഹം ഇവ്വിധം ആരോപണങ്ങളുയര്‍ത്താന്‍ തയാറായതെന്തുകൊണ്ട് എന്നാണറിയാത്തത്. ഞാനൊക്കെ ഏറെ ആദരിക്കുന്ന, ബഹുമാനിക്കുന്ന, ഇഷ്ടപ്പെടുന്ന നിര്‍മ്മാതാവാണ് ശ്രീ സുരേഷ്‌കുമാര്‍. അദ്ദേഹത്തെപ്പോലൊരാള്‍ ഇത്തരത്തില്‍ ബാലിശമായി പെരുമാറുമ്പോള്‍, അദ്ദേഹത്തിന് എന്തു പറ്റി എന്നാണ് മനസിലാക്കാനാവാത്തത്. ഭാവിയിലെങ്കിലും ഇത്തരം അനാവശ്യമായ ആരോപണങ്ങളുമായി മുന്നോട്ടുവരുമ്പോള്‍ അദ്ദേഹം ഒരുവട്ടം കൂടി ഒന്നാലോചിക്കണമെന്നു മാത്രമാണ് എനിക്കപേക്ഷിക്കാനുള്ളത്.
ഇത്രയും സംഘടനാപരമായിട്ടുള്ളത്. ഇനി വ്യക്തിപരമായ ചിലതു കൂടി. ആശിര്‍വാദ് സിനിമാസിന്റെ എംപുരാന്‍ എന്ന സിനിമയുടെ ബജറ്റിനെക്കുറിച്ച് പൊതുസമക്ഷം അദ്ദേഹം സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് എത്രയാലോചിച്ചിട്ടും മനസിലാവുന്നില്ല. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാവാത്തൊരു സിനിമയുടെ ചെലവിനെപ്പറ്റി പൊതുവേദിയില്‍ പരസ്യചര്‍ച്ചയ്ക്കു വിധേയമാക്കിയതെന്തിനാണ്? എന്റെ സിനിമകളുടെ ബജറ്റിനെപ്പറ്റിയോ കളക്ഷനെപ്പറ്റിയോ ഒരിക്കലും ഞാന്‍ പരസ്യമായി സംസാരിച്ചിട്ടില്ല; എന്റെ ബിസിനസുകളെക്കുറിച്ചും. ആ നിലയ്ക്ക് എന്താവേശത്തിലും വികാരത്തിലുമാണ് അദ്ദേഹം ഇങ്ങനെ പബ്‌ളിക്കായി സംസാരിച്ചത് എന്നും, ഇതൊക്കെ അദ്ദേഹം വ്യവസായത്തെ നന്നാക്കാന്‍ പറഞ്ഞതാണോ നെഗറ്റീവാക്കി പറഞ്ഞതാണോ എന്നും സത്യസന്ധമായി പറഞ്ഞാല്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ല.
എംപുരാനെപ്പറ്റി പറയുകയാണെങ്കില്‍, വന്‍ മുടക്കുമതലില്‍ നിര്‍മ്മിക്കപ്പെട്ട കെ ജി എഫ് പോലൊരു സിനിമ ദേശഭാഷാതിരുകള്‍ക്കപ്പുറം മഹാവിജയം നേടിയതോടെ കന്നഡ ഭാഷാസിനിമയ്ക്കു തന്നെ അഖിലേന്ത്യാതലത്തില്‍ കൈവന്ന പ്രാമാണ്യത്തെപ്പറ്റി നമുക്കെല്ലാമറിയാം. അത്തരത്തിലൊരു വിജയം ഇന്നേവരെ ഒരു മലയാള ചിത്രത്തിനും സാധ്യമായിട്ടില്ല. അത്തരത്തിലൊരു ബഹുഭാഷാ വിജയം സ്വപ്നം കണ്ടുകൊണ്ടാണ് ആശിര്‍വാദിന്റെ പരിശ്രമം എന്നതില്‍ അഭിമാനിക്കുന്നയാളാണ് ഞാന്‍. അതു ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ടുവര്‍ഷമായി അത്രമേല്‍ അര്‍പണബോധത്തോടെ പ്രവര്‍ത്തിക്കുകയാണ് അതിന്റെ സംവിധായകനടക്കമുള്ള പിന്നണിപ്രവര്‍ത്തകര്‍. ലാല്‍സാറിനെപ്പോലൊരു മഹാനടനും ഇക്കാലമത്രയും അതുമായി സഹകരിച്ചുപോരുന്നുണ്ട്. ലൈക പോലൊരു വന്‍ നിര്‍മ്മാണസ്ഥാപനവുമായി സഹകരിച്ചാണ് ഞങ്ങളീ സ്വപ്നം മുന്നോട്ടു കൊണ്ടുപോകുന്നത്. പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്താണ് ആര്‍ട്ടിസ്റ്റുകളും സാങ്കേതികവിദഗ്ധരുമടക്കമുള്ള ഒരു വലിയസംഘം അതിനു പിന്നില്‍ അഹോരാത്രം പണിയെടുക്കുന്നത്. നമ്മുടെ ഭാഷയില്‍ നിന്ന് ബഹുഭാഷാ വിജയം കൈയാളുന്ന വന്‍ ക്യാന്‍വാസിലുളെളാരു ചിത്രമാക്കി ഇതിനെ മാറ്റുക എന്ന ഒറ്റലക്ഷ്യത്തിനുവേണ്ടിയാണിതെല്ലാം. അത്തരം ഒരു സംരംഭത്തെ പ്രൊഡ്യസേഴ്‌സ് അസോസിയേഷന്‍ അകമഴിഞ്ഞു പിന്തുണയ്ക്കേണ്ടതിനു പകരം, അതിന്റെ ഉദ്ദേശ്യശുദ്ധി തിരിച്ചറിയാതെ പ്രവര്‍ത്തിക്കുന്നു എന്നത് വളരെ നിരാശയും സങ്കടവും നല്‍കുന്ന കാര്യമാണ്. അതിന്റെ ചെലവെത്രയെന്ന് അറിഞ്ഞൂകൂടാത്ത ശ്രീ സുരേഷ് കുമാര്‍ സാറിന് ഇത്ര ആധികാരികമായി അതേപ്പറ്റിയൊക്കെ എങ്ങനെ പറയാനായി എന്ന് എത്രയാലോചിച്ചിട്ടും എനിക്കു മനസിലാവുന്നില്ല. നിര്‍മ്മാണപൂര്‍വ പ്രവര്‍ത്തനങ്ങളുടെ അവസാനഘട്ടത്തിലുള്ള ഒരു സിനിമയാണതെന്നു കൂടി ഓര്‍ക്കണം.
ജനുവരിയിലെ കണക്കു മാത്രം വച്ചുകൊണ്ടാണ് ശ്രീ സുരേഷ് കുമാര്‍ സ്വന്തം ഭാഷാ സിനിമകളെപ്പറ്റി രൂക്ഷമായഭാഷയില്‍ അനഭിലഷണീയമായ ശൈലിയില്‍ വിമര്‍ശിച്ചത്. എന്നാല്‍ കഴിഞ്ഞവര്‍ഷം ലോകാസമ്പത്തികമാധ്യമങ്ങള്‍ വരെ ആഘോഷിച്ചതാണ് മലയാള സിനിമ നേടിയ വിജയത്തിന്റെ കണക്കുകള്‍. മികച്ച ഉള്ളടക്കത്തിന്റെ പേരില്‍ അന്യഭാഷാ സിനിമാക്കാരും പ്രേക്ഷകരും വരെ നമ്മുടെ സിനിമയെ ഉറ്റുനോക്കുകയും നമ്മുടെ തീയറ്ററുകളെല്ലാം പരീക്ഷാക്കാലത്തും വ്രതക്കാലത്തുമൊക്കെ നിറഞ്ഞുകവിഞ്ഞതും കഴിഞ്ഞവര്‍ഷം നാം നേരിലറിഞ്ഞതാണ്. ഉയര്‍ച്ചതാഴ്ചകളും വിജയപരാജയങ്ങളും സിനിമയുണ്ടായ കാലം മുതല്‍ സംഭവിക്കുന്നതാണ്. പുതുവര്‍ഷം പിറന്ന് ഒരു മാസമാവുന്നതിനു മുമ്പ് ആ മാസത്തെ വരവിനെ മാത്രം ഉയര്‍ത്തിക്കാണിച്ചുകൊണ്ട് സിനിമാമേഖലയെ ഒട്ടാകെ വിമര്‍ശിക്കാന്‍ ഒരുമ്പെട്ടത് തീര്‍ച്ചയായും ആരോഗ്യകരമായ, പക്വമായ ഒരിടപെടലായി എനിക്കനുഭവപ്പെടുന്നില്ല, അതും അദ്ദേഹത്തേപ്പോലെ ലബ്ധപ്രതിഷ്ഠനായൊരു നിര്‍മ്മാതാവില്‍ നിന്ന്. സിനിമയില്‍ എല്ലാവര്‍ക്കും വിജയിക്കാനായിട്ടില്ല. പലര്‍ക്കും അതില്‍ നിന്ന് തിരിച്ചടികളുണ്ടായിട്ടുണ്ട്. അതൊക്കെ പരമാര്‍ത്ഥങ്ങളാണ്. അവ അവതരിപ്പിക്കപ്പെടേണ്ടതും അഭിസംബോധനചെയ്യപ്പെടേണ്ടതും തന്നെയാണെന്നതിലും തര്‍ക്കമില്ല. പക്ഷേ അപ്പോഴും ആ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ കുറേക്കൂടി പക്വവും നിഷ്പക്ഷവുമായൊരു ശൈലി സ്വീകരിക്കണമായിരുന്നു എന്നു തന്നെയാണ് എന്റെ അഭിപ്രായം. ഇത് എന്റെ മാത്രം അഭിപ്രായമാണ്.
തീയറ്ററുകള്‍ അടച്ചിടുകയും സിനിമകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്യുമെന്ന് വ്യക്തികള്‍ തീരുമാനമെടുക്കുന്ന ഒരു രാജ്യത്തല്ല നമ്മളാരും സംഘടനാപരമായി നിലനില്‍ക്കുന്നത്. അത് സംഘടനയില്‍ കൂട്ടായി ആലോചിച്ചു മാത്രം തീരുമാനിക്കേണ്ടതും പ്രഖ്യാപിക്കേണ്ടതുമായ കാര്യങ്ങളാണ്. അതല്ല, മറ്റേതെങ്കിലും സംഘനകളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ലഭിച്ച ആധികാരികമല്ലാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹമിതൊക്കെ പറഞ്ഞതെങ്കില്‍ സത്യം തിരിച്ചറിയാനും തിരുത്തിപ്പറയാനുമുള്ള ആര്‍ജ്ജവവും ഉത്തരവാദിത്തവും പക്വതയും അദ്ദേഹത്തെപ്പോലൊരാള്‍ കാണിക്കേണ്ടതുണ്ട് എന്നു മാത്രം പറയട്ടെ. സംഘടനയിലും പുറത്തും തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാവുന്നതാണ്. എന്നാല്‍ ആ തെറ്റുകള്‍ തിരുത്തിക്കാനുള്ള ജനാധിപത്യ ഉത്തരവാദിത്തം സംഘടനാഭാരവാഹികള്‍ക്കുണ്ട് എന്നു ഞാന്‍ കരുതുന്നു.അത്തരത്തിലൊരു ശ്രമം ശ്രീ ആന്റോ ജോസഫിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികളില്‍ നിന്നുണ്ടാവുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ
നിങ്ങളുടെ ആന്റണി പെരുമ്പാവൂര്‍''