- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു മുന്മന്ത്രിയും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ചേർന്നു നടത്തിയ ഗൂഢാലോചന; രാഷ്ട്രീയഭാവി ഇല്ലാതാക്കാൻ ശ്രമിച്ചു; യു.ഡി.എഫിന്റെ സർക്കാർ രണ്ട് പ്രാവശ്യം ഈ കേസ് അന്വേഷിച്ചു'; തൊണ്ടിമുതൽ കേസിൽ എഫ്ഐആർ റദ്ദാക്കിയതിൽ പ്രതികരിച്ച് ആന്റണി രാജു
തിരുവനന്തപുരം: മയക്കുമരുന്ന് കടത്ത് കേസിലെ പ്രതിയായ വിദേശ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തിയെന്ന കേസിൽ ഹൈക്കോടതി എഫ്.ഐ.ആർ. റദ്ദാക്കിയതിന് പിന്നാലെ പ്രതികരണവുമായി ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു. ദൈവത്തിന് നന്ദി പറയുകയാണെന്ന് അദ്ദേഹം പറഞ്ഞു. 2006-ൽ സ്ഥാനാർത്ഥിത്വം നഷ്ടപ്പെട്ടതും ഈ കള്ളക്കേസ് കാരണമാണെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു.
താൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയ ഒരു മുന്മന്ത്രിയും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ചേർന്നു നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരേ ഈ കേസ് ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു.
1990-ലുണ്ടായ ഒരു സംഭവത്തെ കുറിച്ച് എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉൾപ്പെടെ യു.ഡി.എഫിന്റെ സർക്കാർ രണ്ട് പ്രാവശ്യം ഈ കേസ് അന്വേഷിച്ചതാണ്. തനിക്കെതിരേ യാതൊരു തെളിവുമില്ലെന്ന് റിപ്പോർട്ട് കൊടുക്കുകയും ആ റിപ്പോർട്ട് കോടതി അംഗീകരിക്കുകയും ചെയ്തു, ആന്റണി രാജു പറഞ്ഞു.
തുടർന്ന് 2006-ൽ എൽ.ഡി.എഫ്. തന്നെ സ്ഥാനാർത്ഥിയാക്കാൻ നിശ്ചയിച്ചതിന് തൊട്ടുമുൻപാണ് അന്ന് ആഭ്യന്തരം കൈകാര്യം ചെയ്തിരുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുനരന്വേഷണത്തിന് ഉത്തരവിട്ടത്. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
കേസിനു പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് അന്നേ പറഞ്ഞതാണെന്നും ആന്റണി രാജു പറഞ്ഞു. താൻ തിരഞ്ഞെടുപ്പിൽ തോൽപ്പിച്ച ഒരു മുന്മന്ത്രിയും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ചേർന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് തനിക്കെതിരായ കേസ്. ഇത് രാഷ്ട്രീയപ്രേരിതമാണ്.
എന്നെ വേട്ടയാടാനും രാഷ്ട്രീയഭാവി ഇല്ലാതാക്കാനും ബോധപൂർവം രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണെന്ന് അന്ന് പറഞ്ഞിരുന്നു. ഇപ്പോൾ സത്യം ജയിച്ചിരിക്കുന്നു. കോടതി തന്റെ നിരപരാധിത്വം അംഗീകരിച്ചുകൊണ്ട് എഫ്.ഐ.ആർ. റദ്ദാക്കിയിരിക്കുകയാണ്.
തന്നെ വേട്ടയാടി രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിച്ചവരോട് ദൈവം ക്ഷമിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു- ആന്റണി രാജു കൂട്ടിച്ചേർത്തു. തനിക്കെതിരേയുള്ള കേസും അന്വേഷണവും കോടതി റദ്ദാക്കിയിരിക്കുന്നു. സംഭവത്തേക്കുറിച്ച് അന്വേഷണം നടത്തി യഥാർഥ പ്രതികളെ കണ്ടെത്തി നടപടിക്കു പോകുന്നതിൽ തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും മന്ത്രി പറഞ്ഞു.
കേസ് റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യം പരിഗണിച്ച ഹൈക്കോടതി പൊലീസിന് കേസെടുക്കാൻ അധികാരമില്ലെന്ന വാദം അംഗീകരിച്ചു. സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് എഫ്.ഐ.ആർ. റദ്ദാക്കിയത്. നടപടിക്രമങ്ങൾ പാലിച്ച് വീണ്ടും കേസെടുക്കുന്നതിന് ഉത്തരവ് തടസ്സമല്ലെന്നും കോടതി വ്യക്തമാക്കി. ലഹരിമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്നാണു കേസ്. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസിൽ വർഷങ്ങളായി ഒരു പുരോഗതിയുമില്ലെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ ജോർജ് വട്ടുകുളമാണ് ഹൈക്കോടതിയെ സമീപിച്ചത്.
അടിവസ്ത്രത്തിൽ ഹഷീഷ് ഒളിപ്പിച്ചു വന്ന വിദേശിയെ കേസിൽനിന്നു രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം വാങ്ങിച്ചു മുറിച്ച് 10 വയസ്സുകാരന്റേതാക്കി മാറ്റിയെന്നായിരുന്നു ആരോപണം. നേരത്തേ, ആന്റണി രാജുവിന് എതിരായ തൊണ്ടിമുതൽ കേസ് നിയമസഭയിൽ ഉന്നയിച്ച പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. തനിക്കെതിരെയുള്ള യുഡിഎഫ് സർക്കാരുകളുടെ വേട്ടയാടലിന്റെ ഉദാഹരണമാണ് ഈ കേസെന്നും കുറ്റാരോപണം താൻ നിഷേധിക്കുകയാണ് എന്നുമായിരുന്നു ആന്റണി രാജുവിന്റെ നിലപാട്.
1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽവച്ചാണ് ഓസ്‌ട്രേലിയക്കാരൻ അടിവസ്ത്രത്തിൽ ഒളിപ്പിച്ച മയക്കുമരുന്നുമായി പിടിയിലാകുന്നത്. സെഷൻസ് കോടതി പ്രതിയെ ശിക്ഷിച്ചിരുന്നു. എന്നാൽ, അപ്പീലിൽ പ്രതിയെ ഹൈക്കോടതി വെറുതേവിട്ടു. അടിവസ്ത്രം പ്രതിക്ക് പാകമാകുന്നതല്ലെന്ന് വിലയിരുത്തിയായിരുന്നു ഇത്. ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയ പ്രതി അവിടെ കൊലപാതകക്കേസിൽ അറസ്റ്റിലായതോടെയാണ് തൊണ്ടിമുതൽ മാറ്റിയ വിവരം പുറത്തുവരുന്നത്.
മറുനാടന് മലയാളി ബ്യൂറോ