കൊച്ചി: തൊണ്ടിമുതല്‍ കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ തിരുവനന്തപുരം സെന്‍ട്രല്‍ എം.എല്‍.എയും മുന്‍ മന്ത്രിയുമായ ആന്റണി രാജുവിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. ജസ്റ്റിസ് നിര്‍മ്മല്‍ ജിത് കൗര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ആന്റണി രാജുവിന്റെ അപേക്ഷ നിരസിച്ചത്. ഇതോടെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള അയോഗ്യത നിലനില്‍ക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് അദ്ദേഹം പുറത്തായി. രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇതോടെ ആന്റണി രാജുവിന് നേരിടേണ്ടി വരുന്നത്.

വിവാദമായ 'ജട്ടിക്കേസ്' ആന്റണി രാജുവിന്റെ രാഷ്ട്രീയ വഴി മുടക്കുന്നത് ഇത് രണ്ടാം തവണയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ കേസിന്റെ നിഴലില്‍ നില്‍ക്കവേ, അന്നത്തെ എല്‍ഡിഎഫ് അമരക്കാരന്‍ വി.എസ്. അച്യുതാനന്ദന്റെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് ആന്റണി രാജുവിന് മത്സരിക്കാന്‍ സീറ്റ് ലഭിക്കാതെ പോയ ചരിത്രമുണ്ട്. അന്ന് വി.എസ് ഉയര്‍ത്തിയ ധാര്‍മ്മിക ചോദ്യങ്ങള്‍ ഇപ്പോള്‍ കോടതി വിധിയുടെ രൂപത്തില്‍ തിരിച്ചെത്തിയപ്പോള്‍ ആന്റണി രാജുവിന് മുന്നില്‍ വഴികളെല്ലാം അടയുകയാണ്.

1990-ല്‍ നടന്ന മയക്കുമരുന്ന് കേസില്‍ പ്രതിയെ രക്ഷിക്കാനായി കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രം വെട്ടിത്തയ്ച്ച് വലിപ്പം കുറച്ചു എന്നതാണ് കേസ്. അന്ന് ജൂനിയര്‍ വക്കീലായിരുന്ന ആന്റണി രാജു തൊണ്ടിമുതല്‍ കൈപ്പറ്റി കൃത്രിമം കാട്ടിയെന്ന് പിന്നീട് നടന്ന ശാസ്ത്രീയ പരിശോധനകളില്‍ തെളിഞ്ഞു. വര്‍ഷങ്ങളോളം കോടതിയുടെ പല തട്ടുകളില്‍ ഇഴഞ്ഞുനീങ്ങിയ കേസ് ഒടുവില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്. വിചാരണക്കോടതി ശിക്ഷ വിധിച്ചതോടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തടസ്സമായി. ഈ ശിക്ഷ മരവിപ്പിച്ചു കിട്ടിയാല്‍ മാത്രമേ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ആ വാതിലാണ് ഹൈക്കോടതി ഇപ്പോള്‍ കൊട്ടിയടച്ചത്.

തിരുവനന്തപുരം സെന്‍ട്രലില്‍ ആന്റണി രാജുവിനല്ലാതെ മറ്റൊരു പകരക്കാരനെക്കുറിച്ച് എല്‍ഡിഎഫ് ഇതുവരെ ചിന്തിച്ചിരുന്നില്ല. ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ഏക എം.എല്‍.എയായ അദ്ദേഹം അയോഗ്യനായതോടെ സീറ്റ് ആര്‍ക്ക് നല്‍കുമെന്നത് വലിയ ചര്‍ച്ചയാകും. ജനാധിപത്യ കേരള കോണ്‍ഗ്രസിന് തന്നെ സീറ്റ് നല്‍കുമോ അതോ സി.പി.എം നേരിട്ട് ഏറ്റെടുക്കുമോ എന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ തീരുമാനമുണ്ടാകും.

യുഡിഎഫും ബിജെപിയും ഒരുപോലെ കണ്ണുവെച്ചിരിക്കുന്ന മണ്ഡലത്തില്‍ ആന്റണി രാജുവിന്റെ അസാന്നിധ്യം എല്‍ഡിഎഫിന് വലിയ വെല്ലുവിളിയാകും.