- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയതമയുടെ ജന്മദിനം നാട്ടില്‍ ആഘോഷിക്കാന്‍ മധുവിധു വെട്ടിച്ചുരുക്കി മലേഷ്യയില്‍ നിന്നും വിമാനം കയറിയവര്‍; ജനുവരിയോടെ ഭര്‍ത്താവിന്റെ ജോലി സ്ഥലത്തെത്തി കാനഡയില്‍ ഭാവി ജീവിതം സ്വപ്നം കണ്ട അനു; കരോള്‍ സംഘത്തോട് യാത്ര പറഞ്ഞ് രാത്രി കാറുമായി പോയ ബിജു; ആ വീടുകളിലെ ക്രിസ്മസ് നക്ഷത്രങ്ങള്‍ ഈ ഡിസംബറില്‍ കത്തില്ല
പത്തനംതിട്ട: തിങ്കളാഴ്ച അനുവിന്റെ ജന്മദിനമാണ്. വിവാഹ ശേഷമുള്ള ആദ്യ ജന്മദിനം നാട്ടില്‍ ആഘോഷിക്കാനാണ് മധുവിധു ആറു ദിവസത്തില്‍ ഒതുക്കി അവര്‍ മലേഷ്യയില്‍ നിന്നും വിമാനം കയറിയത്. ജന്മദിനം മാത്രമല്ല ക്രിസ്തുമസും ന്യൂഇയറും എല്ലാം കേരളത്തില്‍ ആകണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നു. ഈ മോഹങ്ങളെയാണ് കൂടലിലെ അപകടം തകര്‍ത്തത്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ കലഞ്ഞൂര്‍ മുറിഞ്ഞകല്ലില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസ്സിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട നവദമ്പതിമാരും അച്ഛന്മാരും കേരളത്തിന് ആകെ ദുഖമാവുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിന് കറുത്ത ഞായറാണ് ഈ ദിനം.
എട്ട് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 15 ദിവസങ്ങള്‍ക്ക് മുമ്പ് അനുവും നിഖിലും ഒരുമിച്ചു. അനുവിന്റെ പിറന്നാളും ആദ്യ ക്രിസ്മസിനുമായി ഇരു വീടുകളും ഒരുങ്ങിയിരുന്നു. ഇനി 15 ദിവസങ്ങള്‍ക്ക് മുമ്പ് വിവാഹം നടന്ന അതേ പള്ളിയിലാണ് അവസാന യാത്രയ്ക്കായി അവരെത്തും. നാലു പേരുടെയും ഇടവക ദേവാലയം ഒന്നാണ്. കുട്ടിക്കാലം മുതല്‍ ഓടി നടന്ന പള്ളി. വിദേശത്ത് നിന്നും ബന്ധുക്കള്‍ എത്തിയതിന് ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടത്തുകയെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഒരേ ദിവസം തന്നെ സംസ്‌കാര ശുശ്രൂഷകള്‍ നടത്താനാണ് ആലോചന.
വിവാഹശേഷം മലേഷ്യയില്‍ മധുവിധു ആഘോഷിച്ചശേഷം നാട്ടിലേക്ക് മടങ്ങുമ്പോഴാണ് നവദമ്പതികള്‍ അപകടത്തില്‍പ്പെട്ടത്. ഇരുവരേയും സ്വീകരിക്കാനായി പോയ രണ്ടുപേരുടെയും അച്ഛന്മാരും അപകടത്തില്‍ മരിച്ചു. മലേഷ്യയില്‍നിന്ന് എത്തുന്ന മക്കളെ സ്വീകരിക്കാന്‍ ഒരുമിച്ച് പോകാമെന്ന് മത്തായി ഈപ്പനും ബിജു പി ജോര്‍ജ്ജും തീരുമാനിച്ചിരുന്നു. ഇക്കാര്യം മക്കളെ അറിയിച്ചിരുന്നു. രാത്രിയാണ് ഇരുവരും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയത്. വീട് എത്തുന്നതിന് എഴ് കിലോമീറ്റര്‍ മുന്‍പ് അപകടം ഉണ്ടായി. ബിജുവാണ് വണ്ടി ഓടിച്ചിരുന്നത്. ബിജു ഉറങ്ങിയതാണ് അപകടമായതെന്നാണ് നിഗമനം.
പുനലൂര്‍മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മുറിഞ്ഞകല്ല് ജംക്ഷനു സമീപമുള്ള ഗുരുമന്ദിരത്തിനു മുന്നിലായിരുന്നു അപകടം. നവംബര്‍ 30ന് പൂങ്കാവ് സെന്റ് മേരീസ് മലങ്കര പള്ളിയില്‍വെച്ചാണ് അനുവും നിഖിലും വിവാഹിതരായത്. നിഖില്‍ കാനഡയില്‍ ക്വാളിറ്റി ടെക്‌നീഷ്യനാണ്. അനു മാസ്റ്റര്‍ ഡിഗ്രി പൂര്‍ത്തിയാക്കി. ജനുവരിയില്‍ അനുവും കാനഡയിലേക്ക് പോകാനിരിക്കുകയായിരുന്നു. ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി പരിചയമുണ്ട്. രണ്ടുപേരുടെയും വീടുകള്‍ തമ്മില്‍ ഒരു കിലോമീറ്റര്‍ ദൂരമേയുള്ളൂ.
ബിജു ഇന്നലെ പള്ളിയിലെ കാരള്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു. രാത്രി 10 മണിക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയത്. കാരള്‍ സംഘത്തോട് പറഞ്ഞിട്ടായിരുന്നു യാത്ര. എല്ലാവരുമായും നന്നായി സഹരിക്കുന്ന വീട്ടുകാരാണെന്ന് നാട്ടുകാര്‍ പറയുന്നു. സ്വകാര്യ ആശുപത്രിയില്‍ സെക്യൂരിറ്റി മാനേജരാണ് പട്ടാളത്തില്‍നിന്ന് വിരമിച്ച ബിജു. സ്ഥിരം അപകടം നടക്കുന്ന പാതയാണിതെന്ന് നാട്ടുകാര്‍ പറയുന്നു. ''രാവിലെ ഡ്യൂട്ടിക്ക് പോകാന്‍ ഇറങ്ങിയപ്പോഴാണ് അപകടം കണ്ടത്. സ്ഥിരം അപകടം നടക്കുന്ന സ്ഥലമാണ്. ഈ റോഡ് നിര്‍മിച്ചതിനുശേഷം ഒട്ടേറെപ്പേരാണ് അപകടത്തില്‍ മരിച്ചത്. റോഡില്‍ സ്പീഡ് ബ്രേക്കറില്ല. അലൈന്‍മെന്റ് ശരിയല്ല'' നാട്ടുകാരില്‍ ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
''വലിയ ശബ്ദം കേട്ടാണ് ഓടിയെത്തിയത്. തെലങ്കാനക്കാര്‍ വന്ന വണ്ടിയായിരുന്നു. കാറിലുണ്ടായിരുന്ന ഒരു സ്ത്രീക്ക് അനക്കമുണ്ടായിരുന്നു. മറ്റുള്ളവര്‍ക്ക് അനക്കമുണ്ടായിരുന്നില്ല. വാഹനത്തില്‍നിന്ന് ലഭിച്ച ഫോണില്‍നിന്ന് മല്ലശേരി വട്ടകുളഞ്ഞി ഉള്ള ആളുകളാണെന്ന് അറിയാന്‍ കഴിഞ്ഞു''മറ്റൊരു നാട്ടുകാരന്‍ പറഞ്ഞു.