- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സന്നിധാനത്ത് ഷൂട്ടിംഗ് നടന്നിട്ടില്ലെങ്കിലും പമ്പയില്‍ മകരവിളക്ക് ദിനമുള്‍പ്പെടെ ഒരാഴ്ചയിലേറെ ചിത്രീകരണം നടന്നു; വാക്കാല്‍ അനുമതി നല്‍കിയത് ഉന്നത പോലീസ് ഉദ്യോഗസ്ഥനെന്ന് റിപ്പോര്‍ട്ട്; സംവിധായകന്‍ അനുരാജ് മനോഹറിനെ ചോദ്യം ചെയ്ത് വനംവകുപ്പ്; ദിവസങ്ങള്‍ നീണ്ട ഷൂട്ടിംഗ് സുരക്ഷാ പ്രശ്നമോ? ശബരിമലയിലെ ചിത്രീകരണം വിവാദത്തില്‍

പത്തനംതിട്ട: ശബരിമല മകരവിളക്ക് ദിനത്തില്‍ പമ്പയില്‍ അനധികൃതമായി സിനിമാ ഷൂട്ടിംഗ് നടത്തിയ സംഭവത്തില്‍ പോലീസിനും ദേവസ്വം ബോര്‍ഡിനും ഗുരുതര വീഴ്ച സംഭവിച്ചതായി സൂചന. ഷൂട്ടിംഗിന് സംവിധായകന്‍ അനുരാജ് മനോഹറിന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വാക്കാല്‍ അനുമതി നല്‍കിയിരുന്നതായി ദേവസ്വം വിജിലന്‍സ് എസ്.പി സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സന്നിധാനത്ത് ഷൂട്ടിംഗ് നടന്നിട്ടില്ലെങ്കിലും പമ്പയില്‍ മകരവിളക്ക് ദിനമുള്‍പ്പെടെ ഒരാഴ്ചയിലേറെ ചിത്രീകരണം നടന്നതായാണ് കണ്ടെത്തല്‍.
എഡിജിപിയുടെ പേര് വെളിപ്പെടുത്തി സംവിധായകന്‍ കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ അനുരാജ് മനോഹറിനെ ദേവസ്വം വിജിലന്‍സ് കൊച്ചിയിലെ വീട്ടിലെത്തി ചോദ്യം ചെയ്തു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അനുമതി നിഷേധിച്ചിട്ടും താന്‍ ഷൂട്ടിംഗ് നടത്തിയതിനെക്കുറിച്ച് സംവിധായകന്‍ നിര്‍ണ്ണായക മൊഴിയാണ് നല്‍കിയത്. സന്നിധാനത്ത് വെച്ച് എഡിജിപി എസ്. ശ്രീജിത്തിനെ കണ്ടിരുന്നുവെന്നും അദ്ദേഹമാണ് പമ്പയില്‍ ഷൂട്ട് ചെയ്യാന്‍ നിര്‍ദ്ദേശിച്ചതെന്നുമാണ് അനുരാജ് മനോഹറിന്റെ വെളിപ്പെടുത്തല്‍. 'അന്വേഷണം നടക്കട്ടെ' എന്നായിരുന്നു തന്റെ നിലപാടിനെക്കുറിച്ച് സംവിധായകന്റെ പ്രതികരണം.
വനംവകുപ്പ് കേസെടുത്തു പമ്പ ഹില്‍ടോപ്പില്‍ അനുമതിയില്ലാതെ ഷൂട്ടിംഗ് നടത്തിയതിന് വനംവകുപ്പും സംവിധായകനെതിരെ കേസെടുത്തിട്ടുണ്ട്. പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗമായ വനഭൂമിയില്‍ അതിക്രമിച്ച് കയറി എന്നതാണ് കുറ്റം. ഹൈക്കോടതിയുടെ കര്‍ശന നിയന്ത്രണങ്ങളുള്ള മേഖലയില്‍ എങ്ങനെയാണ് സിനിമാ സംഘത്തിന് ഇത്രയും ദിവസം ഷൂട്ടിംഗ് നടത്താന്‍ കഴിഞ്ഞതെന്നത് വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും കര്‍ശന നിയന്ത്രണമുള്ള മകരവിളക്ക് ദിനത്തില്‍ സിനിമാ സംഘത്തിന് വഴിവിട്ട സഹായം നല്‍കിയ ഉന്നത ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് ഉടന്‍ തന്നെ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ തീരുമാനം.


