ന്യൂഡൽഹി: വെറും മൂന്ന് മിനിറ്റിൽ താഴെയുള്ള സമയം കൊണ്ട് പറയാനുള്ളത് എല്ലാം പറഞ്ഞു. എന്താണ് അംബേദ്കറെന്ന് തിരിച്ചറിഞ്ഞ് പാർലമെന്റ് ഹാളിലുള്ളവരെല്ലാം കൈയടിച്ചു. ജയ് ഭീമും ജയ് ഭാരതും പറഞ്ഞു കൊച്ചു മിടുക്കി വേദിയിൽ നിന്നും പിൻവാങ്ങി. മലയാളിക്ക് ആകെ അഭിമാനം നൽകുന്ന നിമിഷങ്ങളാണ് അനുഷ പാർമെന്റിന്റെ ഹാളിൽ സൃഷ്ടിച്ചത്. മുൻ നിരയിൽ എല്ലാം കേട്ട് ലോക്‌സഭാ സ്പീക്കർ അടക്കമുള്ളവരും. അങ്ങനെ പട്ടാളക്കാരന്റെ മകൾ രാജ്യത്തിന് അഭിമാനമായി.

വിത്ത് ഗുണം പത്ത് ഗുണം .. 36 വർഷം രാജ്യ സേവനം ചെയ്ത കേരളത്തിലെ പട്ടാളക്കാരന്റെ മകൾ പാർലമെന്റിൽ ഒരു അത്ഭുത പ്രസംഗം കാഴ്ച വച്ചു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന ഡോ.ബി.ആർ. അംബേദ്കർ അനുസ്മരണ ചടങ്ങിലായിരുന്നു മലയാളി വിദ്യാർത്ഥിനി താരമായത്-എന്നാണ് സോഷ്യൽ മീഡിയ കുറിക്കുന്നത്. അനുഷ മൂന്ന് മിനിറ്റ് പോലും എടുക്കാതെ അംബേദ്കർ ആരായിരുന്നുവെന്ന് വരച്ചു കാട്ടിയെന്നതാണ് യാഥാർത്ഥ്യം.

പ്രസിഡന്റ് ദ്രൗപതി മുർമ്മുവിന്റെ വാക്കുകളിലായിരുന്നു തുടക്കം. അംബേദ്കർ എനിക്ക് ദൈവമാണ്. അദ്ദേഹത്തിന്റെ ഇടപെടലിൽ കാരണമാണ് ഞാൻ നിങ്ങളുടെ മുന്നിൽ ഇങ്ങനെ നിൽക്കുന്നതെന്ന് ദ്രൗപതി മുർമ്മു പറഞ്ഞു. ആ വാക്കുകളിൽ അംബേദ്കറിന്റെ പ്രവർത്തിയുടെ കരുത്തുണ്ടെന്ന് പറഞ്ഞ അനുഷ വിദ്യാഭ്യാസത്തിന്റെ കരുത്തിൽ തലയുയർത്തിയ വ്യക്തിത്വമായി അംബേദ്കർ മാറിയതും ചുരുങ്ങിയ സമയം കൊണ്ട് പറഞ്ഞു വച്ചു. സ്ലേറ്റും പിടിച്ച് ഒരിക്കൽ തൊട്ടുകൂടായ്മയുടെ ഭാഗമായി ക്ലാസ് റൂം ബഹിഷ്‌കരിക്കേണ്ടി വന്ന വ്യക്തി ഭരണഘടനയുമായി പാർലമെന്റിൽ എത്തിയ വീര ചരിതമാണ് വിവരിച്ചത്.

കുട്ടിക്കാലത്തെ മാറ്റി നിർത്തലൊന്നും വ്യക്തി രൂപാന്തരത്തിൽ അംബേദ്‌റിനെ സ്വാധീനിച്ചില്ല. ഉറച്ച ലക്ഷ്യവുമായി നിശ്ചയദാർഡ്യത്തോടെ കരുത്തുള്ള മനസ്സുമായി നീങ്ങി. പ്രതിസന്ധികളെ പടവെട്ടി വിജയ വഴിയിലൂടെ മാറി. സമൂഹത്തിലെ തിന്മകൾക്കെതിരെ ശബ്ദിച്ച അംബേദ്കർ സ്ത്രീകളെ പൊതുധാരയിലേക്ക് കൈപിടിച്ചുയർത്തി. സാമൂഹിക നീതി ഉറപ്പാക്കിയ വലിയ നേതാവാണ് അംബേദ്കറെന്നും ദളിതർക്ക് മാത്രമല്ല ഏതൊരു മനുഷ്യനും പ്രതിസന്ധികളെ അതിജീവിക്കാനുള്ള ജീവിത പാഠമാണ് അംബേദ്കറെന്നും അനുഷ വിശദീകരിച്ചു.

തിരുവനന്തപുരത്തെ നേമം പ്രാവച്ചമ്പലം പ്ലാവൂർക്കോണം അൻഷികയിൽ എ.എസ്.അനുഷയാണ് പാർലമെന്റിൽ പ്രസംഗിച്ച താരം. കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിനു കീഴിലുള്ള നെഹ്‌റു യുവ കേന്ദ്രവും ലോകസഭ സെക്രട്ടേറിയറ്റിന് കീഴിലുള്ള പാർലമെന്ററി റിസർച് ആൻഡ് ട്രെയി നിങ് ഫോർ ഡെമോക്രസിയുമാണ് സംഘടിപ്പിച്ച ചടങ്ങിലാണ് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക അംഗമായ അനുഷ പ്രസംഗിച്ചത്.

നെഹ്‌റു യുവ കേന്ദ്ര ഫെബ്രുവരിയിൽ നടത്തിയ സംസ്ഥാനതല യൂത്ത് പാർലമെന്റ് പരിപാടിയിലെ മികച്ച പ്രകടനമാണ് അനുഷ്‌യ്ക്ക് പാർലമെന്റിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 25 പേരിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചത് അനുഷ ഉൾപ്പെടെ ഏഴു പേർക്ക് മാത്രം. ഡോ. അംബേദ്കറെക്കുറിച്ച് അനുഷ യുടെ 3 മിനിറ്റ് ദൈർഘ്യമുള്ള റെക്കോർഡ് ചെയ്ത പ്രസംഗം വിലയിരുത്തിയാണ് ചടങ്ങിൽ പ്രസംഗിക്കാൻ അവസരം നൽകിയത്.

കരസേന യിൽ നിന്നും വിരമിച്ച ഓണററി ക്യാപ്റ്റൻ കെ. അനിൽ കുമാർ കെ.ഷീല ദമ്പതികളുടെ മകളാണ് അനുഷ. കേരള യൂണിവേഴ്സിറ്റിയിൽനിന്ന് ഒന്നാം റാങ്കോടെ സുവോളജിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള അനുഷ, മാതൃഭൂമി-ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യയിലെ ഫൈനലിസ്റ്റ് കൂടിയാണ്. പാർലമെന്റ് മന്ദിരത്തിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചതിൽ മകൾ സന്തോഷത്തിലാണെന്ന് അച്ഛൻ അനിൽകുമാർ പ്രതികരിച്ചിരുന്നു.

ദേശീയ-സംസ്ഥാന തലത്തിൽ നടന്ന പ്രസംഗ-ഡിബേറ്റ്-ക്വിസ് മത്സരങ്ങളിൽ വിജയിയും കൂടിയാണ്. അനുഷ എൻ.സി.സിയിൽ എ-ഗ്രേഡ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.