തൃശൂര്‍: തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വാര്‍ത്താസമ്മേളനം നടത്തിയതിന് പി.വി.അന്‍വര്‍ എംഎല്‍എയുടെ പേരില്‍ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം കിട്ടിയതോടെ പോലീസ് തുടര്‍ നടപടികളിലേക്ക്. എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് കോടതിയുടെ അനുമതി കൂടി തേടേണ്ടതുണ്ട്. ഇതിന് വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയില്‍ നാളെ പൊലീസ് അപേക്ഷ നല്‍കും. അതിന് ശേഷം എഫ് ഐ ആര്‍ ഇടും.

ചേലക്കര ആശുപത്രിയില്‍ നടത്തിയ അതിക്രമത്തില്‍ അന്‍വറിനെതിരെ ജാമ്യമില്ലാ കേസെടുത്തിട്ടുണ്ട്. സമാനമായി നിരവധി എഫ് ഐ ആറുകളുണ്ട്. എല്ലാം ജാമ്യമില്ലാ കേസുകളാണ്. ഈ സാഹചര്യത്തില്‍ പോലീസിന് ചേലക്കര വാര്‍ത്ത സമ്മേളനത്തിന് എത്തിയ അന്‍വറിനെ മറ്റ് പല കേസുകളിലും പോലീസിന് കസ്റ്റഡിയില്‍ എടുക്കാവുന്നതായിരുന്നു. പക്ഷേ അതൊന്നും ഉണ്ടായില്ല. മാവോയിസ്റ്റ് വേട്ടയ്ക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ പേരുവിവരം പുറത്തു വിട്ട കേസടക്കം ഇതിലുണ്ട്. എന്നാല്‍ ഇതിലൊന്നും പോലീസ് നടപടികള്‍ എടുക്കുന്നില്ല. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്‍വറിനെതിരെ രംഗത്ത് വരുന്നത്. ഫലത്തില്‍ ഇത് ചേലക്കരയില്‍ അന്‍വറിനെതിരായ രണ്ടാം കേസാണ് ഇത്.

റിട്ടേണിങ് ഓഫിസറാണ് ചേലക്കര പൊലീസിനോട് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ചേലക്കരയില്‍ തിരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദേശം മറികടന്ന് അന്‍വര്‍ ഇന്ന് രാവിലെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെ ചട്ടലംഘനം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നോട്ടിസ് നല്‍കിയതോടെ നാടകീയ രംഗങ്ങളായിരുന്നു ചേലക്കരയില്‍ ഉണ്ടായത്. നിശബ്ദ പ്രചാരണത്തിനിടെ വാര്‍ത്താസമ്മേളനം നടത്താനാകില്ലെന്ന് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. ചട്ടം ലംഘിച്ചതിന് അന്‍വറിന് നോട്ടിസ് നല്‍കിയ ശേഷമാണ് ഉദ്യോഗസ്ഥ സംഘം മടങ്ങിയത്. കമ്മീഷനെതിരെ ചട്ടമുയര്‍ത്തിയ അന്‍വറിനെ അറസ്റ്റു ചെയ്യാന്‍ പോലീസിന് മറ്റ് കേസുകളുണ്ടായിരുന്നു. എന്നാല്‍ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ച് അന്‍വര്‍ രാഷ്ട്രീയ നേട്ടത്തിനിട്ട സെറ്റാണിതെന്ന് മനസ്സിലാക്കി പോലീസും കരുതലെടുത്തു. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടും വളരെ കരുതല്‍ ഇക്കാര്യത്തില്‍ എടുത്തു.

നടപടി ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചട്ടലംഘനമാണെന്ന് അറിയിക്കാന്‍ വന്ന ഉദ്യോഗസ്ഥനെ അന്‍വര്‍ തിരിച്ചയയ്ക്കുകയും ചട്ടം കാണിക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തു. അതിനിടെ വാര്‍ത്താസമ്മേളനം നടത്തിയതില്‍ ഒരു തെറ്റുമില്ലെന്ന് ആവര്‍ത്തിച്ച് പി വി അന്‍വര്‍ എംഎല്‍എ നിലപാടില്‍ തുടരുകയാണ്. കേസ് എന്തുതന്നെയായാലും നേരിടാമെന്നും മറ്റ് സ്ഥാനാര്‍ത്ഥികളുടെ ഒരു കാര്യത്തിലും കമ്മീഷന്‍ ഇടപെടുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനം വിളിച്ചതിലുള്ള തന്റെ ലക്ഷ്യം നിറവേറി എന്നും അന്‍വര്‍ പറഞ്ഞു. എതിര്‍സ്ഥാനാര്‍ത്ഥികള്‍ ചെയ്യുന്ന ഒന്നും ഈ കമ്മീഷന്‍ കാണുന്നില്ല. തിരഞ്ഞെടുപ്പില്‍ പരമാവധി 40 ലക്ഷം ചിലവഴിക്കാമെന്നിരിക്കെ, കോടികളാണ് ഇവര്‍ ചിലവാക്കുന്നത്. ഇത് സംബന്ധിച്ച് ഇലക്ഷന്‍ കമ്മീഷനില്‍ താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും തന്റെ പേരില്‍ കേസ് വന്നാല്‍ കോടതിയില്‍ കാണാമെന്നും അന്‍വര്‍ പറഞ്ഞു.

പൊരുതാനുറച്ചുതന്നെയാണ് താന്‍ ഇപ്പോള്‍ ഉള്ളതെന്നും അന്‍വര്‍ പറഞ്ഞു. മാഹിയില്‍നിന്ന് ഒന്നര ലോഡ് മദ്യം മണ്ഡലത്തിലേക്ക് വരുന്നുണ്ടെന്നാണ് വിവരം. ആരാണ് ഇതെല്ലാം സപ്ലൈ ചെയ്യുന്നത്? താന്‍ ആരെയും അപമാനിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ തന്റെ കയ്യിലുള്ള ചില തെളിവുകള്‍ പുറത്തുവിട്ട് താന്‍ കേരളത്തെ ആകെ ഞെട്ടിക്കുമെന്നും അന്‍വര്‍ അവകാശപ്പെട്ടു. ചൊവ്വാഴ്ച രാവിലെയാണ് അന്‍വര്‍ പൊലീസിന്റെയും തിരഞ്ഞെടുപ്പ് കമീഷന്റെയും നിര്‍ദേശത്തെ മറികടന്ന് വാര്‍ത്താസമ്മേളനം നടത്തിയത്. ഇതില്‍ കോടതിയുടെ അനുമതിയോടെ അന്‍വറിനെതിരെ ചുമത്തുന്ന വകുപ്പുകള്‍ നിര്‍ണ്ണായകമാകും. ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കുമോ എന്നാണ് അറിയേണ്ടത്. അതിനിടെ പിണറായിയുടെ പോലീസിന് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നാണ് അന്‍വറിന്റെ വീരവാദം.

ഇത് പരസ്യമായി പറഞ്ഞിട്ടും നിരവധി ജാമ്യമില്ലാ കേസുകളില്‍ പ്രതിയായ അന്‍വറിനെ തൊടാന്‍ പിണറായിയുടെ പോലീസിന് കഴിയുന്നില്ല. അന്‍വറിസത്തെ തകര്‍ക്കാന്‍ പോലും കഴിയാത്ത വിധം ദുര്‍ബ്ബലമാണോ പിണറായിസം എന്ന ചര്‍ച്ച ഇതോടെ ഉയരുകയാണ്.