- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിടുതലൈ ചിരുതൈ, തമിഴ് ഈയക്കം; ഇടുക്കിയിലെ മൂന്നു താലൂക്കുകളിൽ തമിഴ് വികാരം ശക്തിപ്പെടുത്താൻ സംഘടനകൾ സജീവം; മുല്ലപ്പെരിയാറിനൊപ്പം മറ്റു വിഷയങ്ങളും കത്തിച്ചു നിർത്താൻ നീക്കം; എസ്‌കേപ്പ് റോഡ് വിവാദവുമായി അൻവർ ബാലശിങ്കം എത്തിയതിന് പിന്നിലും ഗൂഢലക്ഷ്യം
കുമളി: വിവിധ വിഷയങ്ങൾ ഉയർത്തി ഇടുക്കി ജില്ലയിലെ തോട്ടം മേഖലയിലേക്ക് കടന്ന് കയറാൻ തമിഴ് സംഘടനകൾ ആസൂത്രിത നീക്കങ്ങളുമായി രംഗത്ത്. തമിഴ്, മലയാളം വികാരം ഇളക്കി വിടാനുള്ള ശ്രമങ്ങളാണ് ഇക്കൂട്ടരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നാണ് വിവരം. മുല്ലപ്പെരിയാർ പ്രശ്നങ്ങൾക്ക് പിന്നാലെ എസ്‌കേപ്പ് റോഡ് വിവാദമുയർത്തുന്നതിന്റെ ലക്ഷ്യവും ഇതു തന്നെയാണ്.
തമിഴരും മലയാളികളും തമ്മിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ പലതവണ നടന്നു. തമിഴ് കർഷക സംഘടനകളുടെ പേരിൽ തമിഴ് മക്കൾക്ക് മൂന്നാർ മേഖലയിലുള്ള അവകാശവാദം പ്രഖ്യാപിക്കുന്ന ഷോർട്ട് ഫിലിമുകളും ഡോക്യൂമെന്ററികളും സമീപകാലത്ത് പ്രചരിച്ചിരുന്നു. ഇതിന് പിന്നിൽ തീവ്ര തമിഴ് നിലപാടുകാരനും വൈഗ പെരിയാർ പാസന വ്യവസായ സംഘം നേതാവുമായ അൻവർ ബാലശിങ്കമാണെന്ന് കണ്ടെത്തിയിരുന്നുവെന്നാണ് വിവരം.
പൊമ്പിളൈ ഒരുമ സമരത്തിന് ശേഷം മൂന്നാറിൽ കാര്യമായ പ്രവർത്തനങ്ങളൊന്നും അൻവർ ബാലശിങ്കം നടത്തിയിരുന്നില്ല. സമീപ കാലത്താണ് മൂന്നാറിൽ വീണ്ടും സജീവമായത്.തമിഴ്‌നാട്ടിലെ കർഷകർക്ക് ഇടയിൽ സ്വാധീനമുള്ള ബാലശിങ്കം അവിടുള്ള കൃഷിക്കാരുടെ മൂന്നാറിലെ ബന്ധുക്കളെയും സംഘടിപ്പിച്ചാണ് കേരള സെക്രട്ടറിയേറ്റ് ഉപരോധിക്കാനുള്ള നീക്കം നടത്തുന്നതെന്നാണ് വിവരം.
തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിൽ നിന്ന് ആരംഭിച്ച് തേനി ജില്ലയിലൂടെ കടന്ന് ഇടുക്കി ജില്ലയിൽ അവസാനിക്കുന്ന കൊടൈക്കനാൽ-മൂന്നാർ റോഡ് (പഴയ എസ്.എച്ച്18) 81 കിലോമീറ്റർ നീളമുണ്ട്. 1942ൽ ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ചതും പിന്നീട് മെച്ചപ്പെടുത്തിയതുമായ റോഡാണിത്. 1990ൽ അടയ്ക്കുന്നതിന് മുമ്പ് ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റോഡായിരുന്നു ഇത്.
1990 വരെ ഈ റോഡിലൂടെ വാഹന ഗതാഗതമുണ്ടായിരുന്നു. എന്നാൽ പിന്നീട് തമിഴ്‌നാട് വനംവകുപ്പും കേരള ഹൈവേ വകുപ്പും തമ്മിലുള്ള ഉടമസ്ഥാവകാശ തർക്കത്തെ തുടർന്ന് അറ്റകുറ്റപ്പണി നടത്താതെ വന്നതോടെ സഞ്ചാര യോഗ്യമല്ലാതാവുകയായിരുന്നു. എന്നാൽ ഈ റോഡ് തമിഴ്‌നാട് സർക്കാരാണ് നിർമ്മിച്ചതെന്നും കേരളം പാമ്പാടുംഷോല നാഷണൽ പാർക്ക് ആക്കി മാറ്റി ബെരിജം ഡാമിന് സമീപം ചെക്ക്പോസ്റ്റ് സ്ഥാപിച്ച് ഗതാഗതം തടയുന്നു എന്നുമാണ് ആരോപണം.
തമിഴ്‌നാട്ടിലെ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് നിർമ്മിച്ച റോഡ് കേരളം കൈയേറിയിരിക്കുന്നുവെന്നാണ് ആരോപണം. തമിഴ് ഭൂരിപക്ഷ മേഖലയായ പീരുമേടും ദേവികുളവും ഉടുമ്പൻചോലയും തട്ടിയെടുത്തതു പോലെ എസ്‌കേപ്പ് റോഡും കൈവശപ്പെടുത്താനാണ് മലയാളികൾ ശ്രമിക്കുന്നത്. തമിഴ്‌നാട് നിർമ്മിച്ച റോഡിന് കേരളത്തിന് ഒരു അവകാശവുമില്ല. റോഡിലെ ചെക്ക്പോസ്റ്റ് നീക്കി തമിഴ് നാടിന് വിട്ടു നല്കിയില്ലെങ്കിൽ തമിഴരെ ഒരുമിപ്പിച്ച് ശക്തമായ സമരവുമായി രംഗത്ത് വരുമെന്ന് അൻവർ ബാലശങ്കം പറഞ്ഞു.
അതെ സമയം മൂന്നാറിൽ നിന്നും കിഴക്കോട്ട് കേരളാ തമിഴ്‌നാട് അതിർത്തി വരെയും കൊടൈക്കനാലിൽ നിന്നും പടിഞ്ഞാറോട്ട് 24 കി മീറ്റർ വരെയും ഇപ്പോൾ വാഹനങ്ങൾക്ക് ഓടാൻ കഴിയുന്ന നിലയിലാണ് റോഡ്. എന്നാൽ തമിഴ്‌നാട് ഭാഗത്ത് നിന്നും കേരളാ അതിർത്തി വരെ ഏകദേശം 13 കിലോമീറ്റർ ദൂരം വാഹന ഗതാഗതം സാധ്യവുമല്ല. ഇതിന് കാരണം ഈ ഭാഗത്ത് റോഡിൽ യാത്ര തടയുന്നതിനായി തമിഴ്‌നാട് സർക്കാർ കുഴിച്ച ട്രഞ്ചുകളും കൂടാതെ വളർന്നു കിടക്കുന്ന കുറ്റിക്കാടുകളും പടർപ്പുകളുമാണ്.
എന്നാൽ ഈ കാര്യങ്ങൾ മറച്ച് വച്ചാണ് ഇവർ കേരളത്തിനെതിരെ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. താലൂക്കിൽ തമിഴർ വംശജർ ഏറെയുള്ള ദേവികുളം താലൂക്കിൽ നിന്ന് തമിഴരെ ദ്രോഹിച്ച് ഓടിച്ച് വിടണമെന്ന രഹസ്യ അജൻഡയുടെ ഭാഗമായാണ് എസ്‌കേപ്പ് റോഡ് അടച്ച് ദേശീയോദ്യാനമായി പ്രഖ്യാപിച്ചതെന്നാന്ന് അൻവർ ബാലശിങ്കത്തിന്റെ ആരോപണം.
ബാലശിങ്കത്തിന് പുറമെ മറ്റു ചില സംഘടനകളും മൂന്നാറിൽ പ്രവർത്തിക്കുന്നുണ്ട്. വിടുതലൈ ചിരുതൈ, തമിഴ് ഈയക്കം എന്നീ പേരുകളിൽ പരസ്യമായും രഹസ്യമായും പ്രവർത്തിക്കുന്ന രാഷ്ട്രീയ സാമുദായിക സംഘടനകൾ മൂന്നാറിൽ തമിഴ് വികാരം ഇളക്കുന്നതിന് ശ്രമിക്കുന്നതായാണ് വിവരം. ഇവരുടെ സ്വാധീനം തെളിയിക്കുന്നതാണ് എ.ഐ.എ.ഡി.എം.കെയും മറ്റും തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പുകളിൽ തോട്ടം മേഖലയിൽ നേടുന്ന വിജയം. തമിഴ് രാഷ്ട്രീയത്തിലേത് പോലെ തിരഞ്ഞെടുപ്പ് കാലത്ത്, തോട്ടം തൊഴിലാളികളുടെ വലിയ സ്വപ്നമായ മിക്സിയും ടിവിയുമൊക്കെ യഥേഷ്ടം വിതരണം ചെയ്യപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
ലായങ്ങളിൽ ഇന്നുള്ള പല ഇലക്ട്രോണിക് ഉപകരണങ്ങളുടെ ആകെ കണക്കെടുത്താൽ ഏറിയ പങ്കും പഴയ കലൈഞ്ജർ ടിവിയും അമ്മ മിക്സിയുമൊക്കെയാണ്. റേഷൻ വിതരണം സുഗമമല്ലാത്ത തോട്ടം മേഖലയിൽ അടുത്ത കാലം വരെ തമിഴ്‌നാട്ടിൽ നിന്നുള്ള അരി വിതരണം ചെയ്തിരുന്നു. ഇലക്ഷൻ തിരക്കുകൾ ഒഴിഞ്ഞതോടെ ഇതിന് അയവ് വന്നിട്ടുണ്ടെങ്കിലും ഇന്നും മേഖലയിൽ തമിഴ്‌നാട്ടിലെ റേഷൻ അരി ഉപയോഗിക്കുന്നവരുണ്ട്. ഇലക്ഷൻ സമയത്ത് ആയിരം സാരിയും പതിമൂന്ന് ലക്ഷം രൂപയുമാണ് മറയൂരിൽ തോട്ടം മേഖലയിൽ പ്രചരണത്തിന് എത്തിയ തമിഴ്‌നാട്ടിലെ ഒരു പാർട്ടി നേതാവിൽ നിന്ന് കണ്ടെടുത്തതെന്നാണ് വിവരം.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്