- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം'! അന്‍വറിന് പതിവില്‍ കവിഞ്ഞ പ്രാധാന്യം നല്കിയ ദേശാഭിമാനിയില്‍ പിണറായി വിരുദ്ധതയും അടിച്ചു വന്നു; ഒന്നാം പേജിലെ വാര്‍ത്തയില്‍ അന്വേഷണം; പാര്‍ട്ടി പത്രത്തിലും അന്‍വര്‍ ഫാന്‍സ്!
പാര്‍ട്ടി വിരുദ്ധതയ്ക്ക് സമാനമായത് ദേശാഭിമാനിയില്‍ എങ്ങനെ കടന്നു കൂടിയെന്നാണ് പരിശോധിക്കുന്നത്.
തിരുവനന്തപുരം : ദേശാഭിമാനിയില്‍ അന്‍വര്‍ ഫാന്‍സ്! മുഖ്യമന്ത്രിയുടെയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും അന്ത്യശാസനം തള്ളി കഴിഞ്ഞ 26ന് പി.വി.അന്‍വര്‍ നടത്തിയ വാര്‍ത്താസമ്മേളനം പാര്‍ട്ടി മുഖപത്രമായ 'ദേശാഭിമാനി'യുടെ ഒന്നാം പേജില്‍ അച്ചടിച്ചത് സിപിഎം സംസ്ഥാന നേതൃത്വത്തിന് ഞെട്ടലായി. ഇത് പരിശോധിക്കാന്‍ സിപിഎം തീരുമാനിച്ചു. അന്‍വറിന്റെ പ്രസ്താവനകള്‍ക്ക് പതിവില്‍ കവിഞ്ഞ പ്രാധാന്യം ദേശാഭിമാനി നല്‍കുന്നുണ്ടെന്ന വ്യാഖ്യാനം ആദ്യമേ ഉയര്‍ന്നിരുന്നു.
അന്‍വര്‍ പരസ്യ പ്രസ്താവനകളില്‍നിന്ന് പിന്തിരിയണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നതായി അന്‍വര്‍ പ്രഖ്യാപിച്ചെങ്കിലും നാലാം ദിവസം അദ്ദേഹം അതു ലംഘിച്ചു. നിലമ്പൂരില്‍ വിളിച്ചു ചേര്‍ത്ത ആ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയെ അന്‍വര്‍ നേരിട്ട് ആദ്യമായി വിമര്‍ശിക്കുന്നത്. ഇതില്‍ 'മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം' എന്ന ആവശ്യം ഉള്‍പ്പെടെ ദേശാഭിമാനിയുടെ ഒന്നാം പേജില്‍ അച്ചടിച്ചു വന്നു. ഇതാണ് സിപിഎമ്മിനെ ചിന്തിപ്പിക്കുന്നത്. സാധാരണ ഗതിയില്‍ ഇത്തരമൊരു വാര്‍ത്ത ദേശാഭിമാനി നല്‍കാറില്ല. ഇതാണ് അന്വേഷണത്തിന് കാരണം.
അന്‍വറിനെതിരെ എം.വി.ഗോവിന്ദന്റെയും എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്റെയും പ്രതികരണത്തിനും ഒപ്പമാണ് അന്‍വര്‍ പറഞ്ഞതും വന്നത്. 3 പേരുടെയും ചിത്രങ്ങളും വാര്‍ത്തയ്‌ക്കൊപ്പമുണ്ടായി. പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണ അന്‍വറിനുണ്ടെന്ന പ്രതീതി നിലനില്‍ക്കുമ്പോള്‍ ഇതു സംഭവിച്ചത് നേതൃത്വം ഗൗരവമായെടുക്കുന്നുവെന്ന് മനോരമയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭാവിയില്‍ ഇത്തരം നീക്കം തടയാന്‍ കൂടിയാണ് അന്വേഷണം. അന്‍വര്‍ പാര്‍ട്ടി ശത്രുവാണെന്ന സന്ദേശമാണ് സിപിഎം ഇതിലൂടെ ദേശാഭിമാനിയിലുള്ളവര്‍ക്കും നല്‍കുക.
'ദേശാഭിമാനി'യുടെ ചുമതലയില്‍ 2 സെക്രട്ടേറിയറ്റ് അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരായ നീക്കങ്ങള്‍ പാര്‍ട്ടി മുഖപത്രത്തില്‍ വേണോ എന്ന കാര്യം രാഷ്ട്രീയ നേതൃത്വം ആലോചിച്ചു തീരുമാനിക്കുന്ന രീതിയാണ് സിപിഎമ്മിലുള്ളത്. പിണറായി വിജയന്റെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പുത്തലത്ത് ദിനേശനാണ് ചീഫ് എഡിറ്റര്‍. എം സ്വരാജും റിസഡന്റെ എഡിറ്ററായുണ്ട്. എന്നിട്ടും പാര്‍ട്ടി വിരുദ്ധതയ്ക്ക് സമാനമായത് ദേശാഭിമാനിയില്‍ എങ്ങനെ കടന്നു കൂടിയെന്നാണ് പരിശോധിക്കുന്നത്.
ഇന്ന് അന്‍വര്‍ വാര്‍ത്തകള്‍ക്ക് ദേശാഭിമാനി വലിയ പ്രാധാന്യവും നല്‍കിയിട്ടില്ല. അന്‍വറിനെതിരെ സിപിഎം നേതാക്കളുടെ പ്രസ്താവനകള്‍ ഉള്‍പേജില്‍ കൊടുത്തിട്ടുമുണ്ട്.