തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനായി റിട്ട. ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെ നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനം ചട്ടവിരുദ്ധമെന്ന് ആക്ഷേപം. കേന്ദ്ര നിയമപ്രകാരം അയോഗ്യതയുള്ള ആളെയാണ് രാഷ്ട്രീയ പാരിതോഷികമായി വീണ്ടും നിയമിക്കുന്നതെന്ന് ആരോപിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാര്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്‌തെന്ന പരാതി തള്ളിയതിനുള്ള ഉപകാരസ്മരണയാണിതെന്ന് പരാതിയില്‍ പറയുന്നു.

നിയമനത്തിലെ 'അയോഗ്യത'

2016-ല്‍ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ശേഷം ബാബു മാത്യു പി. ജോസഫ് ആംഡ് ഫോഴ്സസ് ട്രിബ്യൂണലില്‍ ജുഡീഷ്യല്‍ അംഗമായി സേവനമനുഷ്ഠിച്ചിരുന്നു. 2007-ലെ ആംഡ് ഫോഴ്സസ് ട്രിബ്യൂണല്‍ ആക്ട് (വകുപ്പ് 11) പ്രകാരം ട്രിബ്യൂണല്‍ അംഗമായിരുന്നവര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള ഔദ്യോഗിക പദവികള്‍ സ്വീകരിക്കുന്നതിന് വിലക്കുണ്ട്. ഈ അയോഗ്യത നിലനില്‍ക്കെയാണ് അദ്ദേഹത്തെ നേരത്തെ ഉപലോകായുക്തയായും ഇപ്പോള്‍ ഓംബുഡ്സ്മാനായും നിയമിക്കാന്‍ നീക്കം നടക്കുന്നത്. അദ്ദേഹത്തിന്റെ ഉപലോകായുക്ത നിയമനവും ചട്ടവിരുദ്ധമായിരുന്നുവെന്ന് ശശികുമാര്‍ ചൂണ്ടിക്കാട്ടുന്നു.

വഴിവിട്ട നീക്കമെന്ന് ആക്ഷേപം

ലോകായുക്ത, മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങിയവയിലെ പ്രായപരിധി 70 ആയി നിശ്ചയിച്ചിട്ടുണ്ടെങ്കിലും, 72 വയസ്സുള്ള ജസ്റ്റിസിനെ നിയമിക്കാനായി ഓംബുഡ്സ്മാന്‍ സ്ഥാനത്തെ പ്രായപരിധി സര്‍ക്കാര്‍ ബോധപൂര്‍വ്വം ഒഴിവാക്കിയതായി പരാതിയില്‍ പറയുന്നു. ഓംബുഡ്സ്മാന്‍ നിയമനത്തിന് അര്‍ഹരായവരുടെ പാനല്‍ തയ്യാറാക്കാതെ ഏകപക്ഷീയമായാണ് ബാബു മാത്യു പി. ജോസഫിന്റെ പേര് മന്ത്രിസഭ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്തത്.

ഫുള്‍ ബെഞ്ച് വിധിക്ക് പിന്നാലെ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കേസിലെ പരാതിക്കാരനാണ് ആര്‍.എസ്. ശശികുമാര്‍. ലോകായുക്തയും ഉപലോകായുക്തയും ഭിന്നവിധിയെഴുതിയ കേസില്‍, മൂന്നംഗ ഫുള്‍ ബെഞ്ചിലെ അംഗമായിരുന്ന ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് മുഖ്യമന്ത്രിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇതിന് പകരമായാണ് പുതിയ നിയമനമെന്ന് നിവേദനത്തില്‍ ആരോപിക്കുന്നു. നിയമം ലംഘിച്ച് ഒന്നിനുപുറകെ ഒന്നായി പദവികള്‍ ഏറ്റെടുക്കുന്ന ന്യായാധിപനില്‍ നിന്ന് നീതി പ്രതീക്ഷിക്കാനാവില്ലെന്നും, മന്ത്രിസഭാ ശുപാര്‍ശ അംഗീകരിക്കരുതെന്നും ഗവര്‍ണറോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ സെപ്റ്റംബറില്‍ സ്വാശ്രയ കോളേജ് പ്രവേശന മേല്‍നോട്ട സമിതി ചെയര്‍മാനായി ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെ നിയമിച്ചിരുന്നെങ്കിലും ചുമതല ഏറ്റെടുത്തിരുന്നില്ല.