ന്യൂഡൽഹി: ദളിത് സ്ത്രീ ചിന്തക രേഖാ രാജിന്റെ എം ജി സർവകലാശാലയിലെ അസിസ്റ്റന്റ് നിയമനം കഴിഞ്ഞ മാസാവസാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഗാന്ധിയൻ സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രൊഫസറായുള്ള രേഖ രാജിന്റെ നിയമനത്തിനെതിരെ റാങ്ക് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള നിഷ വേലപ്പൻ നായരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവിനെതിരെ രേഖാ രാജും, എം ജി സർവകലാശാലയും സുപ്രീം കോടതിയെ സമീപിച്ചു.

സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്സ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫെസ്സറായി രേഖ രാജിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ഹർജികളിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

രേഖ രാജിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി റാങ്ക് പട്ടികയിൽ രണ്ടാമെത്തിയ നിഷ വേലപ്പൻ നായർക്ക് ഉടൻ നിയമനം നൽകണമെന്ന് ഉത്തരവ് ഇറക്കിയിരുന്നു. ഈ ഉത്തരവ് നടപ്പാക്കിയില്ലെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ മഹാത്മാ ഗാന്ധി സർവകലാശാലയ്ക്ക് എതിരെ നിഷ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തിരുന്നു. ഓണ അവധിക്ക് ശേഷം ഈ ഹർജി ഹൈക്കോടതി പരിഗണിക്കാൻ സാധ്യത ഉള്ളതിനാൽ ആണ് എംജി സർവകലാശാല സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്. സുപ്രീംകോടതി ഹർജികളിൽ അന്തിമ തീരുമാനം എടുക്കുന്നത് വരെ നിഷയുടെ നിയമനം സ്റ്റേ ചെയ്യണമെന്നാണ് സർവകലാശാലയുടെ ആവശ്യം.

ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ചർച്ച ചെയ്ത ശേഷമാണ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാൻ എം.ജി സർവകലാശാല തീരുമാനിച്ചത്. അഭിഭാഷക സാക്ഷി കക്കറാണ് സർവകലാശാലയുടെ അപ്പീൽ സുപ്രീംകോടതിയിൽ ഫയൽ ചെയ്തത്. അസിസ്റ്റന്റ് പ്രൊഫസ്സർ നിയമന വ്യവസ്ഥകളിൽ ഇളവ് അനുവദിക്കാൻ സർവകലാശാലയ്ക്ക് അധികാരം ഉണ്ടെന്നാണ് അപ്പീലിലെ പ്രധാന വാദം.

അസിസ്റ്റന്റ് പ്രൊഫെസറെ തെരെഞ്ഞെടുക്കുന്ന സമിതി ഉദ്യോഗാർഥിയുടെ ഗവേഷണ പശ്ചാത്തലം ഉൾപ്പടെ കണക്കിലെടുത്താണ് മാർക്ക് നൽകുന്നത്. വിദഗ്ദ്ധ സമിതി നൽകുന്ന ഈ മാർക്ക് ജുഡീഷ്യൽ പരിശോധനകൾക്ക് വിധേയമാക്കുന്നതിനെയും സർവകലാശാല സുപ്രീംകോടതിയിൽ ചോദ്യം ചെയ്‌തേക്കും. സുപ്രീംകോടതി ഈ ഹർജികളിൽ എടുക്കുന്ന നിലപാട് കണ്ണൂർ സർവകലാശാലയിലെ വിവാദമായ അസ്സോസിയേറ്റ് പ്രൊഫെസ്സർ നിയമന വിഷയത്തിൽ സ്വാധീനം ചെലുത്തിയേക്കും. ഈ സാഹചര്യത്തിൽ അതീവ പ്രാധാന്യത്തോടെയാണ് സംസ്ഥാന സർക്കാരും എം.ജി സർവകലാശാലയുടെ ഹർജിയിലെ നടപടികൾ വീക്ഷിക്കുന്നത്.

മാർക്ക് സംബന്ധമായി ചില വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിഷ വേലപ്പൻ നായർ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇക്കാര്യം വിശദമായി പരിശോധിച്ച ശേഷമാണ് ഹൈക്കോടതി രേഖയുടെ നിയമനം റദ്ദാക്കിയത്. രേഖയ്ക്ക് പകരം റാങ്ക് പട്ടികയിൽ രണ്ടാമതെത്തിയ നിഷ വേലപ്പൻ നായരെ നിയമിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

2019ലാണ് എം.ജി സർവകലാശാലയിൽ അസി. പ്രൊഫസറായി രേഖാ രാജിന്റെ നിയമനം നടക്കുന്നത്. പി എച്ച് ഡിയുടെ മാർക്ക് തനിക്ക് നൽകിയില്ലെന്നും, റിസർച്ച് പേപ്പറുകൾക്ക് അർഹതയുള്ളതിലധികം മാർക്ക് രേഖ രാജിന് നൽകി എന്നുമായിരുന്നു ഹർജിക്കാരിയുടെ വാദം. പി എച്ച് ഡിക്ക് ലഭിക്കേണ്ട ആറുമാർക്ക് സെലക്ഷൻ കമ്മിറ്റി നിഷ വേലപ്പൻ നായർക്ക് കണക്കാക്കിയിരുന്നില്ല. റിസർച്ച് പേപ്പറുകൾക്ക് എട്ടുമാർക്കാണ് രേഖാ രാജിന് നൽകിയത്. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ പരിശോധിച്ച കോടതി മൂന്നു മാർക്കിന് മാത്രമേ രേഖ രാജിന് യോഗ്യത ഉള്ളുവെന്ന് കണ്ടെത്തി. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, സി എസ് സുധ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നടപടി.