കൊച്ചി: കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ കപ്പല്‍ അപകടം. വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് പോയ എംഎസ്സി എല്‍സാ 3 എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കപ്പല്‍ ചരിഞ്ഞതായും കപ്പലില്‍നിന്നു കുറച്ച് കണ്ടെയ്നറുകള്‍ കടലിലേക്ക് വീണതായുമാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്. അപകടരമായ വസ്തുക്കളാണ് കണ്ടെയ്‌നറുകളില്‍ ഉള്ളതെന്നാണ് വിവരം.

കപ്പല്‍ അപകടത്തില്‍പെട്ട സാഹചര്യത്തില്‍ ജീവനക്കാരെ രക്ഷിക്കാന്‍ ശ്രമം തുടങ്ങിയെന്ന് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. കപ്പലില്‍ 24 ജീവനക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതില്‍ 9 പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. നാവികസേനയുടെ ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിനായി എത്തി.

ജീവനക്കാരെ രക്ഷിക്കാന്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ കപ്പലിലേക്ക് ഹെലികോപ്റ്ററില്‍ നിന്നും ഇട്ടുനല്‍കി. വിഴിഞ്ഞത്ത് നിന്നും കൊച്ചിയിലെത്തി പിന്നീട് തൂത്തുകുടിയിലേക്ക് പോകേണ്ടതായിരുന്നു കപ്പല്‍. ഇന്ന് രാത്രി 10നാണ് കപ്പല്‍ കൊച്ചിയില്‍ എത്തേണ്ടിയിരുന്നത്. നിലവില്‍ കേരളാ തീരത്തിനടുത്ത് കടലില്‍ ചരിഞ്ഞുകിടക്കുന്ന നിലയിലാണ് കപ്പല്‍.

കപ്പലില്‍ നിന്ന് മറൈന്‍ ഗ്യാസ് ഓയില്‍(എംജിഒ), വെരി ലോ സള്‍ഫര്‍ ഫ്യുയല്‍ ഓയില്‍ (വിഎല്‍എസ്എഫ്ഒ) എന്നിവ ചോര്‍ന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. വടക്കന്‍ കേരളത്തിന്റെ തീരത്തേക്ക് കണ്ടെയ്‌നറുകള്‍ ഒഴുകിയെത്താന്‍ സാധ്യതയുണ്ടെന്നും കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി.

ജനങ്ങള്‍ ഒരു കാരണവശാലും കണ്ടെയ്‌നറുകളില്‍ തൊടരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. തീരദേശ നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. സംശയകരമായ വസ്തുക്കള്‍ കേരള തീരത്ത് കണ്ടാല്‍ ജനങ്ങള്‍ സ്പര്‍ശിക്കരുതെന്നും വിവരം പൊലീസിലോ 112ലോ അറിയിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

68 വരെ കണ്ടെയ്‌നറുകളാണ് കടലിലേക്കു വീണതെന്നാണ് വിവരം. കണ്ടെയ്‌നറുകള്‍ വടക്കന്‍ കേരള തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അപകടം ഉണ്ടായത് എങ്ങനെയെന്ന് വ്യക്തമല്ലെന്നും കടല്‍തീരത്ത് എണ്ണപ്പാട കണ്ടാല്‍ സ്പര്‍ശിക്കരുതെന്നും അധികൃതര്‍ അറിയിച്ചു.

വിഴിഞ്ഞത്തു നിന്നും കൊച്ചിയിലേക് പോയ കപ്പലാണ് അപകടത്തില്‍പെട്ടതെന്ന് നാവികസേനാ വക്താവ് അറിയിച്ചു. കപ്പലിലുണ്ടായിരുന്ന ഒന്‍പത് ജീവനക്കാര്‍ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് രക്ഷപ്പെട്ടു. ബാക്കിയുള്ളവരെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

അറബിക്കടലില്‍ കേരളതീരത്ത് അപകടകരമായ വസ്തുക്കളടങ്ങിയ കാര്‍ഗോകള്‍ ഒഴുകുന്നതായാണ് വിവരം. ഇത്തരത്തില്‍ സംശയാസ്പദകരമായ നിലയിലുള്ള കണ്ടെയ്നറുകള്‍ തീരത്ത് കണ്ടാല്‍ അടുത്തേക്ക് പോകുകയോ ഇതില്‍ സ്പര്‍ശിക്കുകയോ ചെയ്യരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കോസ്റ്റുഗാര്‍ഡില്‍ നിന്നാണ് ഇത്തരത്തിലൊരു വിവരം ലഭിച്ചതെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കണ്ടെയ്‌നറുകള്‍ തുറന്ന് പരിശോധിച്ചാല്‍ മാത്രമേ ഉള്ളിലുള്ള വസ്തുക്കളെ സംബന്ധിച്ച് വ്യക്തത വരൂവെന്നാണ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചിട്ടുള്ളത്.

കടല്‍ തീരത്ത് എണ്ണപ്പാട ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു. വടക്കന്‍ കേരളത്തിന്റെ തീരത്താണ് ഈ കണ്ടെയ്നറുകള്‍ അടിയാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ്് അറിയിച്ചു.

കാലവര്‍ഷാരംഭത്തെ തുടര്‍ന്ന് അതിരൂക്ഷമായ കടല്‍ക്ഷോഭത്തില്‍പെട്ടാണ് കപ്പല്‍ അപകടത്തില്‍പെട്ടതെന്നാണ് വിവരം. തീരദേശത്തേക്ക് ഒഴുകി വരുന്ന വസ്തുക്കള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ 112 - ല്‍ അറിയിക്കണമെന്നാണ് അറിയിപ്പ്. തീരദേശ പൊലീസ് കേരളാ തീരത്തെ സ്ഥലങ്ങളില്‍ മൈക്കിലൂടെ അനൗണ്‍സ്‌മെന്റ് നടത്തി ജാഗ്രത പാലിക്കാന്‍ അറിയിക്കും.