കണ്ണൂർ: കാട്ടാനകൾ താവളമാക്കിയ ആറളം ഫാമിലെ തെങ്ങുകൾ ചെത്താൻ ഫാമിന്റെ കൃഷിയടത്തിൽ സ്വയം സുരക്ഷക്കായി പടക്കങ്ങളും കയ്യിൽ കരുതിയാണ് തങ്ങൾ എത്തുന്നതെന്ന് ചെത്തു തൊഴിലാളികൾ. തെങ്ങ് ചെത്തിനെത്തിയ സഹപ്രവർത്തകനെ കാട്ടാന ചവിട്ടിക്കൊന്നതു മുതൽ ആണ് ഇങ്ങിനെ സ്വയം സുരക്ഷാ ഏർപ്പെടുത്തി തങ്ങൾ എത്തുന്നത്. ഇരുഭാഗത്തും കാടുകൾ വളർന്നു നിൽക്കുന്ന നടവഴിയിൽ ആനയില്ലെന്ന് ഉറപ്പു വരുത്തുന്നതിനാണ് പടക്കം പൊട്ടിക്കുന്നത്.

നേരത്തെ ആന ഭിഷണിയായിരുന്നെങ്കിൽ കടുവ കൂടി എത്തിയതോടെ അജീവ ജാഗ്രതയിലാണ് തൊഴിലാളികൾ. മുൻപ് ആറു മണിയാകുമ്പോൾ ആരംഭിച്ചിരുന്ന തെങ്ങ് ചെത്ത് ആന ഭീഷണിമൂലം ഇപ്പോൾ ഏഴുമണിക്ക് ശേഷമാണ് നടത്തുന്നത്. എന്നാൽ കടുവ കൂടി എത്തിയതോടെ അത് എട്ടുമണിയാക്കി മാറ്റി. തങ്ങളുടെ വിശ്രമ ഷെഡ് പലതവണ ആനതകർത്തു. ഇപ്പോൾ ഷെഡിന് ചുറ്റും കമ്പി വേലി സ്ഥാപിച്ച് വേലിയുടെ നിശ്തിച അകലത്തിൽ രണ്ട് ബിയർ കുപ്പികൾ അടുത്തടുത്ത് തൂക്കിയിടുന്നു. ആന വന്ന കമ്പിയിൽ തട്ടുമ്പോൾ കുപ്പികൾ തമ്മിൽ മുട്ടിയുണ്ടാകുന്ന ശബ്ദത്താൻ ആന മാറി പോകുന്നു.

ഇത് ആനപ്രതിരോധത്തിന് ഏറെ ഗുണം ചെയ്യുന്നുണ്ടെങ്കിലും കടുവയ്ക്കുള്ള പ്രതിരോധമാകുന്നില്ലെന്നതാണ് ഇവരുടെ ഭയം. ഫാമിൽ ഇപ്പോൾ 79 പേരാണ് ഇപ്പോൾ തെങ്ങു ചെത്താനായി എത്തുന്നത്. എട്ട് തെങ്ങുകൾ വീതമാണ് ഒരാൾക്ക് നൽകിയിരിക്കുന്നത്. പണം ഫാം അധികൃതർ മുൻകൂറായി സ്വീകരിച്ചാണ് തെങ്ങുകൾ ചെത്താനായി വിട്ടുകൊടുത്തിരിക്കുന്നത്. എന്നിട്ടും മേഖലയിലെ കാടുകൾ വെട്ടിത്തെളിക്കാനോ തൊഴിലാളികൾക്ക് വേണ്ട സുരക്ഷാ ഒരുക്കാനോ അധികൃതർക്ക് സാധിക്കുന്നില്ല.

വരുന്ന മാർച്ച് വരെയുള്ള പണം മുൻകൂറായി വാങ്ങിയാൽ പണി ഉപേക്ഷിച്ച് പോകുവാനും കഴിയാത്ത അവസ്ഥയിലാണ്. ഇവിടെ തൊഴിലിനെത്തുന്നവർ ഇടയ്ക്കിടെ പരസ്പരം വിളിച്ച് സുരക്ഷിതത്വം ഒരുക്കുകയാണ് ചെയ്യുന്നതെന്നും ഇവർ പറഞ്ഞു.