- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടങ്ങുന്നില്ല ആറളത്തെ കാട്ടാനക്കലി; അനാഥമായത് മൂന്ന് കുട്ടികൾ; ആറളത്ത് ഹർത്താൽ പൂർണം; രഘുവിന്റെ സംസ്‌കാരം ഇന്ന് നടക്കും; ജനകീയ പ്രതിഷേധത്തെ തുടർന്ന് പ്രദേശത്ത് വൻ പൊലിസ് സുരക്ഷ
കണ്ണൂർ: കാട്ടാന ചവിട്ടിക്കൊന്ന ആറളം ഫാം പത്താം ബ്ളോക്കിലെ രഘുവിന്റെ(43) സംസ്‌കാരം ഇന്ന് ഉച്ചയോടെ വൻജനാവലിയുടെ സാന്നിധ്യത്തിൽ നടക്കും. ജനകീയ പ്രതിഷേധമുണ്ടായ സാഹചര്യത്തിൽ വൻ പൊലിസ് സന്നാഹം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംസ്‌കാര ചടങ്ങിൽ പങ്കെടുക്കും. യു.ഡി. എഫ്, എൽ. ഡി. എഫ്, ബിജെപി എന്നീ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ ആറളം പഞ്ചായത്തിൽ പൂർണമാണ്.കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. വാഹനഗതാഗതവും മുടങ്ങിയിട്ടുണ്ട്. പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ നിന്നും പോസ്റ്റു മോർട്ടം നടത്തിയതിനു ശേഷമാണ് രഘുവിന്റെ മൃതദേഹം ആറളത്ത് എത്തിക്കുക.
ആറളം ഫാമിൽ കാട്ടാനയുടെ അക്രമണത്തിൽ രഘുകൊല്ലപ്പെട്ടതോടെ അനാഥരായത് മൂന്ന് കുട്ടികളാണ്. രഘുവിന്റെ മൂത്തമകൾ രഹ്ന പ്ളസ്ടൂവിനും രണ്ടാമത്തെ മകൾ രഞ്ചിനി എട്ടിലും ഇളയവൻ വിഷ്ണു ആറിലുമാണ് പഠിക്കുന്നത്. രഘുവിന്റെ ഭാര്യ ബീന എട്ടുവർഷം മുൻപേ തീപൊള്ളലേറ്റു മരിച്ചതോടെ കുട്ടികളുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് രഘുവായിരുന്നു. വീട്ടിലെ പാചകത്തിനും മറ്റുമായി രഘു തന്നെയാണ് വിറക് ശേഖരിച്ചിരുന്നത്. ഇന്നലെ വിറക് തേടിയുള്ള യാത്ര മരണത്തിൽ അവസാനിക്കുകയായിരുന്നു. ഇനി കുട്ടികളുടെ കാര്യം എന്താകുമെന്ന ആശങ്കയിലാണ് ഫാമിലെ താമസക്കാരും നാട്ടുകാരും.രഘുവിന്റെ മൂന്ന് പിഞ്ചുകുട്ടികളുടെ പഠനവും സംരക്ഷണവും സർക്കാർ ഏറ്റെടുക്കണമെന്ന് സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ ആവശ്യപ്പെട്ടു. വനംവകുപ്പിന്റെ ധനസഹായമായ പത്തുലക്ഷം രൂപ ഉടനെ തന്നെ കുടുംബത്തിന് നൽകണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.
ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയെ് സർക്കാർ തള്ളിമറിക്കുന്ന ആറളം ഫാമിലെ പുനരധിവാസ മേഖലയിലാണ് ഇന്നലെ പന്ത്രണ്ടാമത്തെ ജീവൻ പൊലിഞ്ഞത്. 2014-ഏപ്രിൽ 20ന് ബ്ളോക്ക് പതിമൂന്നിൽ ചോമാനിയിൽ മാധവിയെയാണ് ആറളം ഫാമിൽ ആദ്യം ആന കൊലപ്പെടുത്തുന്നത്. ഇവർ താമസിച്ചിരുന്ന വീട് തകർത്തായിരുന്നു ആക്രമണം. ബ്ളോക്ക് ഏഴിൽ 2015- ഏപ്രിൽ ആറിന് ബാലനെയും 2017- മാർച്ച് ഏഴിന് ബ്ളോക്ക് പത്തിൽ അമ്മിണിയെയും അതേ വർഷം ഏപ്രിൽ അഞ്ചിന് ബ്ളോക്ക് മൂന്നിൽ പൈനാപ്പിൾ കൃഷി കൃഷി സൂപ്പർവൈസറായിരുന്ന വാളത്തോട് റജിയെയും കാട്ടാന കൊലപ്പെടുത്തിയിരുന്നു.
2018 ഒക്ടോബർ 30ന് ബ്ളോക്ക് പതിമൂന്നിൽ ദേവുകരിയാത്തനെയും അതേ വർഷം ഡിസംബർ എട്ടിന് ബ്ളോക്ക് പത്തിൽ പുലിക്കരി ചപ്പിലികൃഷ്ണനെയും 2020 ഒക്ടോബർ 31ന് ബ്ളോക്ക് ഏഴിൽ ബബീഷിനെയും 2021 ഏപ്രിൽ 26ന് ഫാമിലെ തൊഴിലാളി ബന്ദപ്പൻ നാരായണനെയും കാട്ടാന കൊലപ്പെടുത്തി. 2022 ജനുവരി 31ന് ഫാമിലെ ചെത്തുതൊഴിലാളിയായ മട്ടന്നൂർ കൊളപ്പ പാണലാട്ടെ പുതിയ പുരയിൽ പി.പി റിജേഷ്, ജൂലായ് 14ന് ഏഴാംബ്ളോക്കിലെപി. എ ദാമു, സെപ്റ്റംബർ ഏഴിന് എട്ടാം ബ്ളോക്കിലെ വാസു കാളികം എന്നിവർ കൊല്ലപ്പെട്ടു. വെള്ളിയാഴ്‌ച്ച വിറകു ശേഖരിക്കാൻ പോയ പത്താംബ്ളോക്കിലെ കണ്ണവീട്ടിൽ രഘുവാണ് കാട്ടാനക്കലിക്ക് ഇരയായ ഒടുവിലത്തെ മനുഷ്യൻ. 2009-ൽ ഫാമിൽ തന്നെ ചീരയെന്ന സ്ത്രീയെ കാട്ടുപന്നി കുത്തിക്കൊന്നിരുന്നു.
കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റവരും ഇവിടെ ഒട്ടേറെപ്പേരുണ്ട്. ഫാമിലും പുറത്തും ആറളം ഫാമിൽ നാലുവർഷത്തിനിടെ മുപ്പതുകോടിയിലേറെ രൂപയുടെ വിളനാശവും സംഭവിച്ചിട്ടുണ്ട്.ആറളം വനത്തിനുള്ളിൽ ഫയർലൈൻ ജോലിക്കായി പോയ പൊയ്യ ഗോപാലനെ കാട്ടാനകുത്തിക്കൊന്നത് 2017 ഫെബ്രുവരി ഏഴിനായിരുന്നു. ജനവാസ കേന്ദ്രത്തിലെത്തിയ ഒറ്റയാനെ ഓടിക്കുന്നതിനിടെയാണ് 2017 ജനുവരിയിൽ അടയ്ക്കാത്തോട് നരിക്കടവ് സ്വദേശി ബിജു കൊല്ലപ്പെട്ടത്. 2018 ഓഗസ്റ്റ് പതിനൊന്നിന് എടക്കാനത്ത് തോട്ടത്തിൽ വർഗീസിനെകുത്തിക്കൊന്നത് കാട്ടുപന്നിയായിരുന്നു. 2020 മാർച്ച്് ഒന്നിന് വീട്ടിനു മുൻപിലെ നടവഴിയിലാണ് കൊട്ടിയൂരിലെ ആഗസ്തിയെ ആന ആക്രമിച്ചത്.
2021 ഫെബ്രുവരിി ഒൻപതിന് പടിയൂരിലെ സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോൾ മീനോത്ത് നിഖിൽ അപകടത്തിൽപ്പെട്ടു. കാട്ടുപന്നി കുറുകെ ചാടിയതുകാരണമാണ് അപകടത്തിൽ ഇയാൾ മരിക്കാൻ കാരണമായത്. 2019ഓഗസ്റ്റിൽ ചെറപുഴ ആറാട്ടുകടവ് ആദിവാസി കോളനിയിലെ പുതിയ വീട്ടിൽ പത്മനാഭൻ, 2021 സെപ്റ്റംബർ 26ന് വള്ളിത്തോട് പെരിങ്കരിയിൽ ജസ്റ്റിൻ എന്നിവരാണ് മേഖലയ്ക്കു പുറത്ത് കാട്ടാനയുടെയും മറ്റു വന്യമൃഗങ്ങളും ആക്രമണത്തിൽ കൊല്ലപ്പെട്ടവർ. തലനാരിഴയ്ക്കു ജീവൻ രക്ഷപ്പെട്ടവരും ഗുരുതര പരുക്കുകളോടെ ദുരിതകിടക്കയിൽ ജീവിതം തള്ളി നീക്കുന്നവരും ഒട്ടേറെയുണ്ട് ഈ മേഖലയിൽ.
മറുനാടന് മലയാളി ബ്യൂറോ