- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
18 മാസം കൊണ്ട് പണി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് പ്രഖ്യാപനം; കോടികൾ മുടക്കി പാലം പണി പൂർത്തിയായെങ്കിലും അപ്രോച്ച് റോഡ് നിർമ്മിച്ചില്ല; നാലു വർഷമായിട്ടും പാലത്തിലൂടെ ഗതാഗതം അസാധ്യം; ദുരിതത്തിലായത് ആറളത്തെ നാട്ടുകാർ
കണ്ണൂർ: കോടികൾ മുടക്കി പാലം പണിതെങ്കിലും ഇരു ഭാഗത്തെയും അപ്രോച്ച് റോഡിന്റെ പ്രവർത്തി നിലച്ചത് ജനങ്ങളെ പെരുവഴിയിൽ നിർത്തുന്ന അവസ്ഥയിലായി. ആറളം ഫാമിനേയും കണിച്ചാർ പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന ഓടന്തോട് പാലമാണ് പാലത്തിന്റെ നിർമ്മാണം തൊണ്ണൂറ്റി അഞ്ച് ശതമാനവും പൂർത്തിയാക്കിയിട്ടും അപ്രോച്ച് റോഡ് നിർമ്മാണം വൈകുന്നതുമൂലം ഇരു മേഖലയിലെയും ജനങ്ങളെ കഷ്ടത്തിലാക്കുന്നത്.
നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിലവിലെ ചപ്പാത്ത് പാലം പൊളിച്ചു നീക്കി കോടികൾ മുടക്കി പുതിയ പാലം പണിതത്. 2019 ഫെബ്രുവരിയിൽ മന്ത്രി എ.കെ. ബാലനാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തി ഉദ്ഘാടനം ചെയ്തത്. 18 മാസം കൊണ്ട് പണി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുക്കും എന്നായിരുന്നു പ്രഖ്യാപനം.
എന്നാൽ നാലു വർഷമായിട്ടും പാലം തുറന്നു കൊടുക്കാനായില്ല. ഇരുകരകളെയും ബന്ധിപ്പിച്ചിരുന്ന തൂക്കുപാലം 2007 ൽ മലവെള്ളപ്പാച്ചിലിൽ തകർന്നതോടെ മേഖലയിലെ ജനങ്ങൾ സഹകരിച്ച് 10 ലക്ഷത്തോളം രൂപമുടക്കി ഇവിടെ ചപ്പാത്ത് പാലം നിർമ്മിച്ചിരുന്നു. മഴക്കാലത്തൊഴികെ മറ്റു സമയങ്ങളിലെല്ലാം ജനങ്ങൾ ഈ പാലമാണ് ഉപയോഗിച്ച് വന്നിരുന്നത്. ഈ ചപ്പാത്ത് പാലം തകർത്താണ് ഇതേ സഥലത്തു പാലത്തിന്റെ പ്രവർത്തി ആരംഭിച്ചത്. ഇതോടെ അക്കരെയിക്കരെ കടക്കാൻ കഴിയാതെ ജനങ്ങൾ നാല് വർഷമായി പെരുവഴിയിലാണ്.
ഇഴഞ്ഞു നീങ്ങിയ പാലം പണി ഒടുവിൽ നാലു വർഷമെടുത്ത് പൂർത്തിയാക്കിയെങ്കിലും മാസങ്ങളായി അപ്രോച്ച് റോഡിന്റെ പ്രവർത്തി മുടങ്ങിക്കിടക്കുകയാണ്. ഇരുഭാഗത്തും നേരത്തെയുള്ള റോഡുണ്ടെങ്കിലും പാലവുമായി റോഡ് ബന്ധിപ്പിക്കാത്തതാണ് വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാൻ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ടാർ ചെയ്തില്ലെങ്കിലും മണ്ണിട്ടുയർത്തി പാലവുമായി റോഡ് ബന്ധിപ്പിക്കാമെങ്കിലും ഇത് ചെയ്യാതെ കരാറുകാരൻ വാഹനങ്ങൾ ഇതുവഴി കടന്നു പോകാൻ കഴിയാത്തവിധം തടസ്സപ്പെടുത്തിയിരിക്കയാണ്. ഇപ്പോൾ ഇരുചക്ര വാഹനങ്ങൾക്ക് കടന്നുപോകാൻ മാത്രം പാകത്തിലുള്ള ഒരു പാത ഒരുക്കിയിട്ടുമുണ്ട്.
ആറളം പഞ്ചായത്തിനെയും കണിച്ചാൽ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലം ആറളം ഫാം ഓഫീസിന് മുന്നിലാണ് സ്ഥിതിചെയ്യുന്നത്. വയനാട് മേഖലയിൽ ഉള്ളവർക്കും കൊട്ടിയൂർ, കണിച്ചാർ, പേരാവൂർ പഞ്ചായത്തുകളിലെ ജനങ്ങൾക്കും ആറളം, അയ്യൻകുന്ന്, പായം, മുഴക്കുന്ന് പഞ്ചായത്തുകളുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ ഈ പാലം ഉപകരിക്കും. ആറളം പുനരധിവാസ മേഖലയിൽ താമസിക്കുന്ന ആദിവാസി വിഭാഗങ്ങൾക്ക് പേരാവൂർ താലൂക്ക് ആശുപത്രിയിലും മണത്തണ മേഖലയിലും വേഗം എത്തിപ്പെടാൻ ഈ പാലം വരുന്നതോടെ സാധിക്കും.
ഫാമിന്റെ മേഖലകളിൽ ഉണ്ടാകുന്ന തീപ്പിടുത്ത സമയങ്ങളിൽ പേരാവൂരിൽ നിന്നും അഗ്നിശമനസേനക്ക് എളുപ്പം എത്തിപ്പെടാൻ കഴിയുന്ന മാർഗ്ഗം കൂടിയാണ് ഈ പാലം. എന്നാൽ കരാറുകാരന് നൽകാനുള്ള പണം ലഭിക്കാത്തതാണ് പണിമുടങ്ങാൻ ഇടയാക്കിയത് എന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ ദിവസം നടന്ന ഇരിട്ടി താലൂക്ക് വികസനസമിതി യോഗത്തിൽ ഇത് സംബന്ധിച്ച ചോദ്യമുയന്നപ്പോൾ എത്രയും പെട്ടെന്ന് അപ്രോച്ച് റോഡിന്റെ കൂടി പണി പൂർത്തിയാക്കാനായി കരാറുകാരന് കത്തു നൽകിയിട്ടുണ്ടെന്നാണ് അധികൃതരിൽ നിന്നും ലഭിച്ച മറുപടി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്