കണ്ണൂർ: രണ്ടു മാസമായി നാഥനില്ലാതായ ആറളം ഫാം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ഫാം എം ഡി ആയിരുന്ന ബിമൽ ഘോഷിന്റെ കാലാവധി അവസാനിച്ചിട്ട് രണ്ടുമാസം പിന്നിട്ടെങ്കിലും ഇതുവരെയായി ആരെയെങ്കിലും നിയമിക്കുകയോ മുൻ എം ഡി യുടെ കാലാവധി നീട്ടിക്കൊടുക്കുകയോ ചെയ്തിട്ടില്ല. ഇതിനിടയിൽ നാലു മാസമായി വേതനം കിട്ടാതായ ഫാമിലെ നാനൂറിൽ അധികം വരുന്ന തൊഴിലാളികളും ജീവനക്കാരും പട്ടിണിയിലായി.

റേഷൻ ലഭിക്കുന്നത് മൂലം ആദിവാസി കുടുംബങ്ങൾക്ക് പട്ടിണി കിടക്കേണ്ടി വരുന്നില്ലെങ്കിലും മറ്റു കാര്യങ്ങൾക്കു പണമില്ലാത്തതുമൂലം കഷ്ടപ്പെടുകയാണ് മിക്ക കുടുംബങ്ങളും. പണം അടയ്ക്കാനില്ലാഞ്ഞതിനാൽ പല കുടുംബങ്ങളുടേയും വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ വിച്ഛേദിച്ചു കഴിഞ്ഞു. ഇൻഷൂറൻസ് പ്രീമിയം മുടങ്ങിയതിനാൽ പലർക്കും ഇൻഷൂറൻസ് പരിരക്ഷയും ഇല്ലാതായ അവസ്ഥയിലാണ്.ഫാമിൽ 240 ദിവസം തൊഴിൽ ചെയ്ത ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള തൊഴിലാളികലെ സ്ഥിരപ്പെടുത്താൻ ആറുമാസം മുന്മ്പ് എടുത്ത തീരുമാനം ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

പ്ലാന്റേഷൻ തൊഴിലാളികളെ ഫാം തൊഴിലാളികളായി പരിഗണിച്ച് അവർക്ക് നൽകുന്ന സേവന വേതന വ്യവസ്ഥകൾ നൽകാൻ എടുത്ത തീരുമാനവും എങ്ങും എത്തിയിട്ടില്ല. കഴിഞ്ഞ ഏപ്രിൽ മാസമാണ് തൊഴിലാളികളും ജീവനക്കാരുമായ ഫാമിലെ 425ഓളം പേർക്ക് വേതനം ലഭിച്ചത്. ഇതിൽ 300ൽഅധികം പേരും ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. മെയ്, ജൂൺ, ജൂലായ് മാസത്തെ ശമ്പളം പൂർണ്ണമായും കിട്ടിയിട്ടില്ല. ഓഗസ്റ്റ് മാസവും അവസാനിക്കാൻ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.

ശമ്പളം എന്ന് നൽകും എന്ന് പറയാൻ പോലും പറ്റാത അവസ്ഥയിലാണ് ഫാം മാനേജ്മെന്റ്. കൂടാതെ തൊഴിലാളികളുടെ പി എഫ് വിഹിതവും അടച്ചിട്ടില്ല. പിരിഞ്ഞുപോയ തൊഴിലാളികൾക്ക് ഒരു വർഷത്തിലധികമായി ആനുകൂല്യങ്ങൾ ഒന്നും അനുവദിച്ചിട്ടില്ല. ആദിവാസി തൊഴിലാളികൾക്ക് ഭക്ഷണം നൽകിയ വകയിൽ കോടികളാണ് കുടിശ്ശികയായി കിടക്കുന്നുണ്ട്.

വൈവിധ്യ വത്ക്കരണത്തിലുടെ തൊഴിലും വരുമാനവും വാർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ എല്ലാം നടക്കുന്നുണ്ടെങ്കിലും സ്വന്തം കാലിൽ നില്ക്കാനുള്ള വരുമാനം കണ്ടെത്താൻ ഫാമിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഫമിന്റെ ആവശ്യത്തിനുള്ള വരുമാനം ഫാമിൽ നിന്നുത്തന്നെ കണ്ടെത്തണമെന്ന് ധനകാര്യ വകുപ്പിൽ നിന്നും പലതവണ നിർദ്ദേശം ഉണ്ടായെങ്കിലും ഇതിനായി നടത്തുന്ന പ്രവർത്തനങ്ങളൊന്നും ഫലപ്രദമാകുന്നില്ല. 25ഓളം വരുന്ന ജീവനക്കാർക്കും 400ഓളം വരുന്ന തൊഴിലാളികൾക്കും ഒരു മാസത്തെ ശമ്പളം മാത്രം അനുവദിക്കണമെങ്കിൽ 70 ലക്ഷത്തോളം രൂപ വേണം.

ഫാമിന്റെ പ്രധാന വരുമാന മാർഗ്ഗമായിരുന്ന തെങ്ങിൽ നിന്നുള്ള വരുമാനം നാലിലൊന്നായി കുറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ കാട്ടാന ശല്യം മൂലം 5000 ത്തോളം തെങ്ങുകളെങ്കിലും നശിച്ചു. അവശേഷിക്കുന്ന തെങ്ങുകൾ കുരങ്ങ് ശല്യം മൂലം വരുമാനം ഇല്ലാത്തതുമായി. കശുവണ്ടിയിൽ നിന്നുള്ള വരുമാനത്തിൽ ഒരു കോടിയിലധികം രൂപയുടെ കുറവുണ്ടായതും പ്രതീസന്ധി രൂക്ഷമാക്കി.

അടിയന്തിരമായി സർക്കാരിൽ നിന്നും അഞ്ചു കോടിയെങ്കിലും അനുവദിച്ചാൽ മാത്രമെ ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്നും താല്ക്കാലികമായെങ്കിലും രക്ഷപ്പെടാൻ കഴിയുകയുള്ളൂ. ഓണം വരുന്നതോടെ അലവൻസും കുടിശ്ശിക ശബളവും അനുവദിക്കണമെങ്കിൽ മാത്രം നാലുകോടിയോളം രൂപ വേണ്ടി വരും. ഓണത്തിന് തൊഴിലാളികൾ പട്ടിണിയിലാക്കുന്ന സാഹചര്യത്തിലേക്കാണ് കാര്യത്തിന്റെ പോക്ക്. ശമ്പളം എങ്കിലും ലഭിക്കണമെന്ന ആറളം ഫാം തൊഴിലാളികളുടെ ആവശ്യത്തിൽ ഇതുവരെ ആരും യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.