കണ്ണൂര്‍:സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആറളം ഫാമിന്റെ 655 ഏക്കര്‍ ഭൂമി സ്വകാര്യ സംരഭകര്‍ക്ക് പാട്ടത്തിന് നല്‍കാനുള്ള തീരുമാനത്തിനെതിരെ ഭരണകക്ഷിയിലെ രണ്ടാം പാര്‍ട്ടിയായ സി.പി.ഐ പ്രതിഷേധവുമായി രംഗത്തുവന്നു. ഫാം ചെയര്‍മാനായ കണ്ണൂര്‍ കലക്ടര്‍ക്കെതിരെയാണ് അതിരൂക്ഷ വിമര്‍ശനവുമായി സി.പി.ഐ നേതാക്കള്‍ പരസ്യമായി രംഗത്തുവന്നത്.

എ ഡി എം നവീന്‍ ബാബുവിന്റെ ആത്മഹത്യ കേസില്‍ സംശയ നിഴലില്‍ നില്‍ക്കുന്ന കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയന്‍ സി.പി.ഐയുടെ ഹിറ്റ് ലിസ്റ്റില്‍ തുടര്‍ച്ചയായുണ്ടായ വിവാദങ്ങളാല്‍പ്പെട്ടിരിക്കുകയാണ്. കണ്ണൂര്‍ കലക്ടര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി സി.പി.ഐ യും അവരുടെ പോഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭയും പരസ്യമായി പ്രതിഷേധത്തിനിറങ്ങിയത് ഇടതുമുന്നണിയിലും അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ആറളം ഫാംഭൂമി വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കാനുള്ള തീരുമാനത്തിനെതിരേയാണ് ഫാം ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ക്കെതിരേ സി.പി.ഐ നേതൃത്വം കടുത്ത വിമര്‍ശനം ഉന്നയിക്കുന്നത്. കലക്ടര്‍ക്കെതിരായ പരാതി പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനും റവന്യൂമന്ത്രിക്കും കണ്ണൂരിലെ നേതാക്കള്‍ നല്‍കിയിട്ടുണ്ട്

അമ്മയ്ക്കൊപ്പം ഭക്ഷണം നല്‍കി; വിമാന ടിക്കറ്റ് എടുത്തു കൊടുത്തു; പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയും ബുക് ചെയ്തു; ആഞ്ഞടിച്ച് റിപ്പോര്‍ട്ടര്‍ ടിവി മുതലാളി;... സഹപ്രവര്‍ത്തകന്റെ മരണത്തിന് മൗനാനുവാദിയായി നിന്ന കലക്ടര്‍ അരുണ്‍ കെ. വിജയനാണ് ഫാം പാട്ടത്തിന് നല്‍കാന്‍ മുന്‍കൈയെടുക്കുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ഫാം ഭൂമി വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കുന്നത് എല്‍.ഡി.എഫ്. നയത്തിന് വിരുദ്ധമാണ്. ഫാമിന്റെ കണ്ണായ ഭൂമിയാണ് പാട്ടക്കരാറിലൂടെ കൈമാറുന്നത്. ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ കലക്ടര്‍ക്ക് ആര് അധികാരം നല്‍കിയെന്നാണ് സി പി ഐ നേതാക്കള്‍ ചോദിക്കുന്നത്. ഈ ഇടപാടിനേയും നവീന്‍ ബാബു എതിര്‍ത്തുവെന്ന് സൂചനയുണ്ട്. ഇതും കളക്ടറുമായി നവീന്‍ ബാബുവിന്റെ ബന്ധം വഷളാകാന്‍ കാരണമായി.

പട്ടികവര്‍ഗ വികസന വകുപ്പ് ഒരു കുടുംബത്തിലെ ഒരാള്‍ക്ക് ഫാമില്‍ തൊഴില്‍ നല്‍കണമെന്നാണ് വ്യവസ്ഥ. സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കിയാല്‍ ഇതെല്ലാം ലംഘിക്കപ്പെടും. മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത കാരണം നഷ്ടത്തിലായതിന്റെ പേരിലാണ് ഭൂമി പാട്ടത്തിന് നല്‍കുന്നതെന്നും സി പി ഐ നേതാക്കള്‍ തുറന്നടിച്ചു. കഴിഞ്ഞ ദിവസം സി.പി.ഐ സംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭ സ്വകാര്യവല്‍ക്കരണത്തിനെതിരെ ആറളം ഫാം ഓഫിസിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു.

കിസാന്‍ സഭ നടത്തിയ സമരത്തില്‍ സി.പി.ഐ ജില്ലാഅസി. സെക്രട്ടറിമാരായ കെ.ടി ജോസും എ പ്രദീപനും കലക്ടര്‍ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. നേരത്തെ എ.ഡി.എം കെ. നവീന്‍ ബാബു ജീവനൊടു ക്കിയ സംഭവത്തില്‍ കലക്ടറെ കണ്ണൂരില്‍ നിന്നും മാറ്റണമെന്ന് സി.പി.ഐ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നുവെങ്കിലും സി.പി.എം നേതൃത്വം അവഗണിക്കുകയായിരുന്നു. ഇതില്‍ സി.പി.ഐ നേതാക്കള്‍ക്കും അവരുടെ സര്‍വീസ് സംഘടനയായ ജോയന്റ് കൗണ്‍സിലിനും കടുത്ത അതൃപ്തിയുണ്ട്.

അനീഷ് കുമാര്‍