- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടാനയ്ക്കൊപ്പം കടുവാഭീതിയും; ആറളം ഫാമിലെ അഞ്ചാം ബ്ളോക്ക് പൂട്ടി; ഫാമിൽ ജോലിക്കെത്തിയത് മൂന്നിലൊന്ന് തൊഴിലാളികൾ; സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങി ആറളംഫാം, വനത്തിലേക്ക് കടക്കാതെ ഫാമിൽ തമ്പടിച്ച കടുവയെ കാണാനില്ല; വമ്പൻ പ്രതിസന്ധിയിൽ ജീവനക്കാർ
ഇരിട്ടി: കാട്ടാനയ്ക്കൊപ്പം കടുവ കൂടി ആറളം ഫാാമിലെ കൃഷിയിടത്തിൽ താവളമാക്കിയതോടെ ഫാമിന്റെ പ്രവർത്തനം ഏറെ പ്രതിസന്ധിയിലായി. ഫാമിലെ തൊഴിലാളികളിൽ മൂന്നിൽ ഒന്നു മാത്രമാണ് ഇന്നും ജോലിക്ക് ഹാജരായത്. സ്ഥിരം, താൽക്കാലിക തൊഴിലാളികളാണ് ജോലിയിൽ നിന്നും വിട്ടു നിൽക്കുന്നത്. ഇതോടെ കടുവയുടെ ദൃശ്യം കണ്ടെത്തിയ ആറളം ഫാം അഞ്ചാം ബ്ളോക്ക് പൂർണമായും പൂട്ടിയിട്ടുണ്ട്. ഈ ബ്ളോക്കിൽ ജോലി ചെയ്യുന്ന നാൽപതോളം തൊഴിലാളികളിൽ പതിനഞ്ചുപേർമാത്രമാണ് ഇന്നും ജോലിക്ക് ഹാജരായത്. ഇവരെ ഫാമിന്റെ സെൻട്രൽ നഴ്സറിയിലേക്ക് മാറ്റിയിട്ടുണ്ട്. റബ്ര് ഒഴികെയുള്ള എല്ലാകാർഷിക വിളകളുമുള്ള ബ്ളോക്കാണിത്.
ഇവിടെ കാർഷിക ഉൽപന്നങ്ങളുടെ വിളവെടുപ്പ് നിർത്തിവെച്ചത് ആറളം ഫാമിന്റെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ വർധിപ്പിച്ചിട്ടുണ്ട്. മൂന്നുദിവസം മുൻപ് ജനവാസ മേഖലവഴി കൊക്കോട് പുഴവഴി ഫാമിലെ രണ്ടാം ബ്ളോക്കിലെത്തിയ കടുവ സ്വമേധയാ കർണാടക വന്യജീവി സങ്കേതത്തിലേക്കു കടക്കുമെന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷകൾ തീർത്തും അസ്ഥാനത്തായിരിക്കുകയാണ്. ഒന്നാം ബ്ളോക്കിലെത്തിയ കടുവയുടെ ദൃശ്യം ചെത്തുതൊഴിലാളിയായ അനൂപ് ഗോപാലൻ മൊബൈൽ ഫോണിൽ പകർത്തിയതോടെയാണ് കടുവ ആറളം ഫാമിൽ തന്നെയുണ്ടെന്ന് സ്ഥിരീകരിച്ചത്.
ഞായറാഴ്‌ച്ച ഒന്നാം ബ്ളോക്കിൽ നിന്നും ഫാം നഴ്സറിക്ക് സമീപമുള്ള അഞ്ചാംബ്ളോക്കിലേക്ക് കടുവ കടന്നിരുന്നു. എന്നാൽ ഇന്നലെ കടുവയുടെ സാന്നിധ്യം ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പ്രദേശത്തെ പ്രധാനകേന്ദ്രങ്ങളിലും വഴികളിലും വനംവകുപ്പിന്റെ ദ്രുതകർമ്മസേനാംഗങ്ങൾ പട്രോളിങ് നടത്തുന്നുണ്ട്. ജനവാസ കേന്ദ്രത്തിൽ നിന്നും രണ്ടു ആഴ്ചയോളമായി തങ്ങുന്ന കടുവ വനത്തിൽ നിന്നും വഴിതെറ്റി വന്നതാണെന്ന് ് കണ്ണൂർ ഡി. എഫ്. ഒ പി.കാർത്തിക്ക് പറഞ്ഞു. ആറളം ഫാമിലേക്ക് കടന്നിട്ട് മൂന്നുദിവസമായെങ്കിലും ജനങ്ങളുടെയും ജെ.സി.ബിയുൾപ്പെടെയുള്ള വാഹനങ്ങളുടെ ബഹളവും അസ്വസ്ഥതയുണ്ടാക്കുന്നതിനാൽ അതുവനത്തിലേക്ക് തന്നെ തിരിച്ചു പോകുമെന്ന് വിശ്വസിക്കുന്നതായി ഡി. എഫ്. ഒ പറഞ്ഞു.
ജനവാസ മേഖലയിൽ ഇത്രനാളായി തങ്ങിയിട്ടും മറ്റു നാശനഷ്ടങ്ങളൊന്നും കടുവയുണ്ടാക്കിയിട്ടില്ല. ഇത്തരം അവസ്ഥയിൽ സ്വാഭാവികമായി വനത്തിലേക്ക് കടുവപോകാനുള്ള സാഹചര്യമൊരുക്കാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. ആളപായം ഇല്ലാതാക്കുകയാണ് പ്രാഥമിക ലക്ഷ്യം. ഫാമിലെ തൊഴിലാളികൾക്കുണ്ടായിരുന്ന ആശങ്ക അകറ്റുന്നതിനുള്ള ശ്രമം തുടരുന്നതിന്റെ ഭാഗമായി ഫാമിലെ കാർഷിക മേഖലയിലും പുനരധിവാസ മേഖലയിലും വനംവകുപ്പിന്റെ സാന്നിധ്യവും പട്രൊളിങും ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെയിൽ ഫാമിലെ ദൈനംദിന പ്രവർത്തനം തടസപ്പെടാതിരിക്കാൻ ഫാമിലെ തൊഴിലാളികൾക്ക് വനം ദ്രുതകർമ്മ സേന സംരക്ഷണമൊരുക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആറളം ഫാം എം.ഡി ഡി. ആർ രേഖശ്രിയുമായി ഡി. എഫ്. ഒയും കൊട്ടിയൂർ റേഞ്ചറും നടത്തിയ ചർച്ചയിലാണ് ഈക്കാര്യത്തിൽ തീരുമാനമായത്. തൊഴിലാളികളെ ചെറിയ കൂട്ടങ്ങളായി വിവിധ ബ്ളോക്കുകളിലേക്ക് വിടുന്നതിനു പകരം എല്ലാവരും ഒരു മേഖലയിൽ തൊഴിലെടുക്കുന്ന രീതിയിലാണ്് കാര്യങ്ങൾ നടപ്പിലാക്കുന്നത്.
ഇവർക്കൊപ്പം വനം, ദ്രുതകർമ്മ സേനാംഗങ്ങളും സുരക്ഷയൊരുക്കി കൂടെയുണ്ടാകും. ഫാമിലെ കാടുവെട്ടിതെളിക്കുന്നതിനും കശുവണ്ടി ശേഖരിക്കുന്നതിനും വനംവകുപ്പിന്റെ സുരക്ഷയുണ്ടാകും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്