ഇരിട്ടി: ആറളം ഫാമിൽ നിന്നും കാട്ടാനചവുട്ടിമരിച്ച രഘുവിന്റെ മൃതദേഹമെത്തിച്ചപ്പോൾ അനാഥരായ കുഞ്ഞുങ്ങളുടെയും വയോധികയായ അമ്മയുടെയും നിലവിളിയാൽ നാടുനടുങ്ങി. മാതാപിതാക്കൾ നഷ്ടപ്പെട്ട മൂന്ന് കുരുന്നുകളുടെയും വയോധികയായ രഘുവിന്റെ അമ്മയുടെയും ഹൃദയഭേദകമായ നിലവിളി തീമഴയായി പെയ്തപ്പോൾ ആറളംഫാമിലെ പുനരധിവാസ മേഖലയിൽരഘുവിനെ ഒരു നോക്കുകാണാനായി എത്തിയ ഓരോരുത്തരുടെയുംകണ്ണൂകളും ഈറനായി.. ആറളത്ത് കാട്ടാന ചവിട്ടി കൊന്ന ആദിവാസി യുവാവായ രഘുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ അയ്യോ അച്ഛായെന്നു വിളിച്ചു മൃതദേഹത്തെ കെട്ടിപ്പിടിച്ചുള്ള കുട്ടികളുടെ നിലവിളി കണ്ടു നിന്നവരർക്ക് കരൾ നുറുക്കും വേദനയാണ് സമ്മാനിച്ചത്.

മക്കൾ അന്ത്യചുംബനംനൽകിയതിനു ശേഷം ഉറ്റവരും നാട്ടുകാരും യാത്രാമൊഴിയേകി രഘുവിന്റെ മൃതദേഹം വീടിന്റെ പരിസരത്താണ് സംസ്‌ക്കരിച്ചത്. ഇതേസമയം ശനിയാഴ്‌ച്ച രാവിലെ മുതൽ പ്രദേശത്ത്് സ്ഫോടനാത്മകമായ അന്തരീക്ഷമാണുണ്ടായിരുന്നത്. അവസാനത്തെ ആദിവാസിയും കൊല്ലപ്പെടുന്നതു വരെ നിങ്ങൾ ഒന്നും ചെയ്യില്ലെന്നും കാട്ടാനയുടെ അക്രമത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ സർക്കാർ നപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം പൊലീസിനും, റവന്യു ഉദ്യോഗസ്ഥർക്കുമെതിരെ തിരിഞ്ഞതോടെ അന്തരീക്ഷത്തിൽ ആശങ്കയുടെ കാർമേഘം ഉരുണ്ടുകൂടി. സംസ്‌കാര വേളയിൽ പൊലീസും, മറ്റു ഉദ്യോഗസ്ഥരും രഘുവിന്റെ വീട്ടുപരിസരത്തു നിന്നും പുറത്ത് പോകണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് രഘുവിന്റെ മൃതദേഹം വീട്ടിൽ എത്തിച്ചത്.നൂറു കണക്കിനാളുകൾ രഘുവിന് അന്തിമോപചാരം അർപ്പിച്ചു. രഘുവിന്റെ കുട്ടികളുടെ കരച്ചിലാണ് ഏവരുടെയും ഉള്ളുലച്ചത്. ഇവരുടെ ഭാവിയെ കുറിച്ചുള്ള ആശങ്ക ഏവരുടെയം മുഖത്ത് നിഴലിച്ചിരുന്നു. വെള്ളിയാഴ്‌ച്ച ഉച്ചയ്ക്കു രണ്ടു മണിയോടെയാണ് വീട്ടിൽ നിന്നും ഭക്ഷണംകഴിച്ചശേഷം വിറക് ശേഖരിക്കാൻ പോയ രഘുവിനെ കാട്ടാന ആക്രമിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ആറളം ഫാമിൽ നിരവധി പേറെ കാട്ടാന ആക്രമിച്ചിട്ടുണ്ട്.

സംഭവത്തിൽ പ്രതിഷേധിച്ച് ശനിയാഴ്‌ച്ച ആറളം പഞ്ചായത്തിൽ യുഡിഎഫും, ഇടതുമുന്നണിയും ബിജെപിയും ഹർത്താൽ ആചരിച്ചു.. കാട്ടാന ആക്രമണത്തിൽ നിന്ന് കുടുംബങ്ങളെ സംരക്ഷിക്കാൻ ശാശ്വത പരിഹാരം വേണമെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. ആന മതിൽ നിർമ്മാണം പൂർത്തിയാക്കാത്തതിൽ സംസ്ഥാന സർക്കാരിനെതിരെ വ്യാപക പ്രതിഷേധമാണ് ആറളത്ത് നിന്ന് ഉയരുന്നത്.

വീടിനടുത്തു നിന്നും വെറും നൂറുമീറ്റർ അകലെനിന്നാണ് രഘുവിനെ വിറകു ശേഖരിക്കാനായി മറ്റുള്ളവരോടൊപ്പം പോയപ്പോൾ പുറകെയെത്തിയകാട്ടാന തുമ്പികൈക്കൊണ്ടു അടിച്ചുവീഴ്‌ത്തി ചവുട്ടിക്കൊന്നത്. ആറളം ഫാമിലെ പുനരധിവാസ മേഖലയിൽ നിന്നുംകാട്ടാനശല്യത്തിൽ ജീവൻ നഷ്ടമായ പന്ത്രണ്ടാമത്തെയാളാണ് രഘു. രഘുവിന്റെ മൃതദേഹമെത്തിയപ്പോൾസംഘർഷമൊഴിവാക്കുന്നതിനായി ആറളം പൊലിസ്ിനെ വിന്യസിച്ചിരുന്നു. ഇതിനെ ഗൗനിക്കാതെ വനംവകുപ്പ്, റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ പ്രദേശവാസികളായജനങ്ങൾ രോഷം പ്രകടിപ്പിച്ചു.

പത്താം ബ്ളോക്കിൽ ആനയിറങ്ങിയാൽഏഴാംബ്ളോക്കിൽ പോകുന്ന വനംവകുപ്പ് വാച്ചർമാരാണ് ഇവിടെയുള്ളതെന്നും ഇവർരാത്രികാലങ്ങളിൽ മദ്യപിച്ചിരിക്കുകമാത്രമേ ചെയ്യുന്നുള്ളുവെന്നും ഫാംനിവാസിയായ ഒരു വയോധികൻ പൊട്ടിത്തെറിച്ചു. കലക്ടറോടാണ് തങ്ങൾക്ക് സംസാരിക്കേണ്ടതെന്നും കലക്ടർ സ്ഥലം സന്ദർശിക്കണമെന്നും ഫാം നിവാസികൾ ആവശ്യപ്പൈട്ടു. വനം,റവന്യൂവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയാണ് ആറളം ഫാംനിവാസികളുടെ രോഷം കൂടുതൽപ്രകടിപ്പിച്ചത്. ഫാമിൽ തമ്പടിച്ച ആനകളെ തുരത്താൻ നടപട സ്വീകരിക്കണമെന്നും തങ്ങൾക്ക് ഇവിടെ ജീവിക്കാൻ ഭയമുണ്ടെന്നും ഇവർ പറഞ്ഞു.

സണ്ണി ജോസഫ് എംഎൽഎ ,ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ് ഉൾപ്പടെ വിവിധ രാഷ്ട്രിയ പാർട്ടി നേതാക്കളും അന്തിമോപചാരം അർപ്പിച്ചു.രഘുവിന്റെ മക്കളെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് പത്തുലക്ഷം രൂപ സർക്കാർ ധനസഹായം നൽകണമെന്നും സി.പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജൻ ആവശ്യപ്പെട്ടു. രഘുവിന്റെ ഭാര്യ എട്ടുവർഷം മുൻപാണ് രഘുവിന്റെ ഭാര്യ തീപൊള്ളലേറ്റ്മരിച്ചത്. അതിനു ശേഷം മൂന്ന് കുട്ടികളെയും കണ്ണിലെ കൃഷ്ണമണി പോലെ രഘുവാണ്സംരക്ഷിച്ചുവരുന്നത്.വീട്ടിൽ പാചകം ചെയ്യുന്നതിനായി വിറകു ശേഖരിക്കാൻ അയൽവാസികളോടൊപ്പം കാട്ടാന മരണത്തിന്റെ രൂപത്തിലെത്തി കുടുംബത്തിന്റെ അത്താണിയായ യുവാവിനെ അപഹരിച്ചത്.