ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ കൃഷിവകുപ്പും, ആറളം ഗ്രാമ പഞ്ചായത്തും, ടി ആർ ഡി എമ്മും, തൊഴിലുറപ്പു പദ്ധതിയും ചേർന്ന കൂട്ടായ്മയിൽ നടപ്പിലാക്കുന്ന ഫ്ളോറി വില്ലേജിൽ ഓണം കഴിഞ്ഞിട്ടും പൂത്തുലയുകയാണ് ചെണ്ടുമല്ലികൾ. എന്നാൽ ഓണം കടന്നു പോയതോടെ വിളവെടുപ്പിന് പാകമായി നിൽക്കുന്ന ഒരു ടണ്ണോളം വരുന്ന ചെണ്ടുമല്ലി പൂക്കൾക്ക് മാർക്കറ്റ് കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് തൊഴിലാളികളും കൃഷി വകുപ്പും.

ഓണം വിപണി ലഷ്യമാക്കി ആരംഭിച്ച കൃഷിയിൽ പ്രതീക്ഷിച്ചതിൽ ഏറെ വിളവ് ലഭിച്ചു. എന്നാൽ വിപണിയിലെ കടുത്ത മത്സരം വിൽപ്പനയെ കാര്യമായി ബാധിച്ചു . ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തിച്ച പൂക്കൾ വിപണി കയ്യടക്കിയതോടെ ഇരിട്ടി ഉൾപ്പെടെ ഉള്ള ജില്ലയിലെ മാർക്കറ്റുകളിൽ ആറളം ഫ്ലോറി വില്ലേജിലെ പൂക്കൾക്ക് കടുത്ത വെല്ലുവിളിയാണ് നേരിട്ടത്. എങ്കിലും കടുത്ത മത്സരത്തിനിടയിലും തൊഴിലാളികളുടെ കഠിന പരിശ്രമത്തിന്റെ ഫലമായി ഒരു ടണ്ണിന് മുകളിൽ ചെണ്ടുമല്ലി പൂക്കൾ ഓണത്തിന് വിറ്റഴികാനായി. തുടർന്ന് ഓണത്തിന് ശേഷം ലഭിച്ച തെളിഞ്ഞ കാലാവസ്ഥയിൽ വീണ്ടും ചെണ്ടുമല്ലികൾ ധാരാളമായി പൂവിട്ടു തുടങ്ങി. ഇതു വിറ്റഴിക്കാൻ മാർക്കറ്റ് കണ്ടെത്താൻ കഴിയാതെയുള്ള പ്രയാസത്തിലാണ് ഫാമിലെ ആദിവാസി തൊഴിലാളികളും കൃഷിവകുപ്പും.

എത്രയും വേഗം ഇവ വിപണി കണ്ടെത്തി വിറ്റഴിച്ചില്ലെങ്കിൽ ലക്ഷങ്ങളുടെ നഷ്ടമാണ് ഇവർക്ക് ഉണ്ടാകാൻ പോകുന്നത്. രണ്ടു ദിവസമായി തുടർച്ചയായി പെയ്തു കൊണ്ടിരിക്കുന്ന മഴയും പൂത്തുലഞ്ഞു നിൽക്കുന്ന ചെടികളെയും പൂക്കളേയും ബാധിക്കുകയും ഇവ നശിച്ചു പോകാൻ ഇടയാവുകയും ചെയ്യും. അതിനു പരിഹാരം തേടുക എന്ന ലക്ഷ്യത്തോടെ ആദിവാസി തൊഴിലാളികളുടെ നേതൃത്വത്തിൽ പൂക്കൾ മാലകളാക്കി ടൗണുകളിലും ടാക്‌സി സ്റ്റാൻഡുകളിലും മറ്റും വിൽപ്പന നടത്താനുള്ള ശ്രമമാണ് ഇപ്പോൾ നടന്നു വരുന്നത്.

അതിന്റെ ആരംഭം എന്ന നിലയിൽ ആറളം കൃഷിഭവൻ അസി. കൃഷി ഓഫീസർ എസ്. സുമേഷിന്റെ നേതൃത്വത്തിൽ കീഴ്പ്പള്ളിയിൽ ചെണ്ടുമല്ലി പൂക്കൾ 50 രൂപയുടെ മാലകളാക്കി ടാക്സി സ്റ്റാന്റിൽ നടത്തിയ വില്പന ആറളം ഗ്രാമ പഞ്ചായത് പ്രിസിഡന്റ് കെ.പി.രാജേഷ് ഉദ്ഘാടനം ചെയ്തു. നല്ല പ്രതികരണം ലഭിച്ചതോടെ ജനപ്രതിനിധികളുടെയും കോളേജ്, സ്‌കൂൾ വിദ്യാർത്ഥികളുടെയും എൻ എസ് എസിന്റെയും സഹായത്തോടെ ഇരിട്ടി, മട്ടന്നൂർ, കണ്ണൂർ ഉൾപ്പെടെ വിവിധ മാർക്കറ്റുകളിൽ ചെണ്ടു മല്ലി ചലഞ്ച് നടത്താൻ ഒരുങ്ങുകയാണ് കൃഷി വകുപ്പും തൊഴിലാളികളും.

251 ഓളം അംഗങ്ങളുള്ള ആറളം ഫാം ഫ്ലവർ പ്രൊഡ്യൂസേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴിൽ ഒ.ടി. കുമാരൻ സെക്രട്ടറിയും ഷൈല ഭരതൻ ട്രഷററുമായ 13 അംഗ കമ്മിറ്റിയാണ് പൂക്കളുടെ വില്പനയും മറ്റും നിയന്ത്രിക്കുന്നത്. ബ്ലോക്ക് 13 ൽ ഏകദേശം 40 ഏക്കർ സ്ഥലം ഇപ്പോൾ കൃഷി യോഗ്യമാക്കി മാറ്റിയതിൽ 15 ഏക്കർ സ്ഥലം ചെണ്ടുമല്ലിക്കും 25 ഏക്കറോളം സ്ഥലം പച്ച മുളക്, ചെറുധാന്യങ്ങളായ തിന, ചാമ, മുത്താറി എന്നിവയാണ് കൃഷി ഇറക്കിയിരിക്കുന്നത്. 11 യൂണിറ്റ് വരുന്ന തൊഴിലുറപ്പ് ജോലിക്കാർക്കാണ് കൃഷിയുടെ പരിപാലന ചുമതല.

ഒരു കോടിയിൽ അധികം രൂപ ചെലവിലാണ് കൃഷിവകുപ്പും, ടി ആർ ഡി എമ്മും,ആറളം ഗ്രാമപഞ്ചായത്തും, തൊഴിലുറപ്പും ചേർന്ന് ഈ സ്വപ്ന പദ്ധതി നടപ്പിലാക്കിയത്. ആരംഭത്തിൽ തന്നെ രണ്ടു ഏക്കറിലേറെ സ്ഥലത്തെ കൃഷി നശിപ്പിക്കപ്പെട്ടു. പൂക്കളുടെ വ്യാപകമായ മോഷണം നടന്നു. വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതും കാലാവസ്ഥ വ്യതിയാനവും തൊഴിലാളികളുടെ ലഭ്യതക്കുറവും ആദ്യം വെല്ലുവിളിയായി. ഈ പ്രതി സന്ധികൾക്കിടയിലും ഓണം കഴിഞ്ഞിട്ടും പൂത്തുലയുകയാണ് ഫ്ലോറി വില്ലേജ്. ടൺ കണക്കിന് പൂക്കൾ അഴുകിപോകാതെ വിറ്റഴിക്കുക എന്ന പുതിയ ചലഞ്ച് നേരിടുകയാണ് ആറളം ഫാം ഫ്ളവർ പ്രൊഡ്യൂസേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി.