- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗ്രാമീണ വിനോദ സഞ്ചാര പദ്ധതി സ്വകാര്യ മേഖലക്ക് കൈമാറാൻ നീക്കം?
പത്തനംതിട്ട: ആറന്മുള ഗ്രാമീണ വിനോദ സഞ്ചാര പദ്ധതി സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ നീക്കം. പമ്പ മുഖ്യ ആകർഷണമാക്കി ഉൾനാടൻ ജലഗതാഗതമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയാണ് സ്വകാര്യ മേഖലയിലേക്ക് നീങ്ങുമോ എന്ന ആശങ്ക ഉണ്ടായിരിക്കുന്നത്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്, ജില്ലാ ടുറിസം പ്രമോഷൻ കൗൺസിൽ, വിവിധ സർക്കാർ ഏജൻസികൾ എന്നിവർ പദ്ധതിയുമായി സഹകരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്നുള്ള സ്വകാര്യ ഏജൻസി ഇത് സംബന്ധിച്ച പഠനത്തിനായി എത്തിയതോടെ ആണ് ആദ്യം പദ്ധതിയുമായി സഹകരിച്ചിരുന്നവർ ആശങ്കപ്പെടുന്നത്.
ആറന്മുള-ചെങ്ങന്നൂർ ഉൾനാടൻ ജലപാത യാഥാർഥ്യത്തിലേക്ക്‌നീങ്ങുമെന്നായിരുന്നു ആദ്യ പഠനത്തെ തുടർന്ന് അധികൃതർ അറിയിച്ചിരുന്നത്. 8.5 കിലോമീറ്റർ ദൈർഘ്യമുള്ള ചെങ്ങന്നൂർ-ആറന്മുള-പമ്പ ജലഗതാഗത പാത സംസ്ഥാന സർക്കാർ ഉൾനാടൻ പാതയായി പ്രഖ്യാപിച്ചിരുന്നു. പദ്ധതി യാഥാർഥ്യമാകുന്നതോടെ ആറന്മുള കേന്ദ്രമാക്കി ഒരു മണിക്കൂർ ബോട്ടുയാത്രയും ആറാട്ടുപുഴ വരെയാണെങ്കിൽ വരട്ടാറിന്റെ ഉത്ഭവ സ്ഥാനംവരെ മൂന്നു മണിക്കൂർ യാത്രയും സഞ്ചാരികൾക്കു വേണ്ടി നടത്താൻ കഴിയും. ആലപ്പുഴയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് യാത്രാബോട്ട് സർവീസുണ്ടായിരുന്നു. ചെങ്ങന്നൂർ ഇറപ്പുഴകടവിൽ ബോട്ട് ജെട്ടിയുമുണ്ട്. കാലക്രമേണെ യാത്രാ ബോട്ടുകൾ നഷ്ടത്തിലായതോടെ ചെങ്ങന്നൂരിലേക്കുള്ള ജലയാത്രയും നിർത്തിവച്ചു. ആറന്മുള-ചെങ്ങന്നൂർപാതയിൽ മാലക്കര, ഇടയാറന്മുള, ആറാട്ടുപുഴ എന്നിവയാണ് നിർദ്ദിഷ്ട ജെട്ടികൾ.
ആറന്മുള-ചെങ്ങന്നൂർ ജലഗതാഗത പാത യാഥാർഥ്യമാകുന്നതോടെ വിനോദ സഞ്ചാരത്തിന് സാധ്യതയേറും. നിലവിൽ ആറന്മുള കച്ചേരിപ്പടിക്കു മുകൾ ഭാഗത്തുള്ള കോയിക്കൽ കടവു വരെ ബോട്ടുകൾക്ക് വരാനാകും. ബോട്ടു യാത്ര യാഥാർഥ്യമാകുന്നതോടൊപ്പം ബോട്ടുജെട്ടികളും തീരങ്ങളിൽ ഉണ്ടാകും. ആഞ്ഞിലിമൂട്ടിൽ കടവിൽ ഇറിഗേഷൻ വകുപ്പിന്റെ പുറമ്പോക്ക് സ്ഥലം ഉള്ളതിനാൽ ബോട്ടുജെട്ടി നിർമ്മാണത്തിന് ഉപയോഗപ്പെടുത്താനാകും.എന്നാൽ പുതിയ ഏജൻസി വന്നാൽ ഇവയെല്ലാം ഇവർക്ക് കൈമാറേണ്ടി വരും. പാത യാഥാർഥ്യമായാൽ ആലപ്പുഴ നിന്നും ആറന്മുള വരെ ഉപയോഗിക്കാൻ കഴിയും എന്നും പ്രതീക്ഷിച്ചിരുന്നു.
ആലപ്പുഴയിലെ ഉൾനാടൻ പ്രദേശങ്ങളായ റാണി, ചിത്തിര മാർത്താണ്ഡം പാടശേഖരങ്ങൾ ഉൾപ്പെട്ട പാത പോലെ ആറന്മുള-ചെങ്ങന്നൂർ പാതയും വിനോദസഞ്ചാരികൾക്ക് ഇഷ്ടമാകുമെന്നാണ് വിലയിരുത്തൽ. പാരമ്പര്യവും ചരിത്രവും ഭക്തിയും ഉൾപ്പെട്ട പദ്ധതിയായി ഇതുമാറുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.ആറന്മുളയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ആറന്മുള ക്ഷേത്രം,വാസ്തുവിദ്യാ ഗുരുകുലം, പള്ളിയോടം, ആറന്മുള കണ്ണാടിയുടെ നിർമ്മാണം,തിരുവോണത്തോണി, മാരാമൺ കൺവൻഷൻ നഗർ, പുരാതന ക്രൈസ്തവദേവാലയങ്ങൾ, സി. കേശവൻ സ്‌ക്വയർ, മധ്യതിരുവിതാംകൂറിന്റെ തനതായസദ്യകൾ എന്നിവയും പരിചയപ്പെടാൻ കഴിയും.
ആറന്മുളയിൽനിന്നും വാഹനത്തിൽ കോന്നിയിലേക്കുള്ള യാത്രയും ഡി.ടി.പി.സി വിഭാവനം ചെയ്തിരുന്നു. കോന്നിയുടെ വനദൃശ്യങ്ങളും വെള്ളച്ചാട്ടവും പദ്ധതിയുടെ ഭാഗമാക്കാൻ ഇതിലൂടെ കഴിയും. ജല ടൂറിസത്തിന്റെ മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനായി സാധ്യത പഠനത്തിന് ഇറിഗേഷൻ ,ടൂറിസം, തദ്ദേശസ്വയം ഭരണ വകുപ്പ് എന്നിവർ സംയുക്തമായാണ് നേതൃത്വം നൽകിയിരുന്നത്. ഒരു മാസത്തോളം നീണ്ട പരിശോധന കാലയളവിൽ റൂട്ട് നിർണയിക്കുക, ചെളിനീക്കം സംബന്ധിച്ച സാധ്യതാ പഠനം നടത്തുക, ആറന്മുളയിലെ പ്രധാന ടൂറിസം സ്പോട്ടുകൾ തിരിച്ചറിയുക, ജെട്ടികൾക്കായുള്ള സ്ഥലം കണ്ടെത്തുക, പാരിസ്ഥിതിക ആഘാത പഠനം അടക്കമുള്ള പ്രവൃത്തികളായിരിക്കും നടക്കുക. റോഡ് മാർഗം ജെട്ടികളെ ബന്ധിപ്പിക്കുന്നത് സംബന്ധിച്ച പഠനവും ലക്ഷ്യമിട്ടിരുന്നു.
എന്നാൽ ഇതെല്ലം വെള്ളത്തിലാക്കിയാണ് പുതിയ പഠനം എന്നറിയുന്നു. ഇത് സംബന്ധിച്ച വിശദംശങ്ങൾ വെളിപ്പെടുത്താൻ അധികൃതർ തയ്യാറായിട്ടുമില്ല. ഇടശേരിമല കളപ്പുരകടവ്, തോട്ടപ്പുഴശേരി, ആഞ്ഞിലിമൂട്ടിൽകടവ്, വിളക്കുമാടം കടവ്, മാലക്കര വാട്ടർ കമ്മീഷൻ കേന്ദ്രം, ആറാട്ടുപുഴ, പുത്തൻകാവ്, മിത്രമഠംകടവ്, ചെങ്ങന്നൂർ തുടങ്ങി 13 സ്ഥലങ്ങളിൽ ജെട്ടി പണിയുന്നതിന് സ്ഥലം നേരത്തെ കണ്ടെത്തിയിരുന്നു. കോയിക്കൽ കടവ് മുതൽ പരപ്പുഴക്കടവ് വരെ ബോട്ട് ഗതാഗതത്തിന് ഡ്രഡ്!ജ് ചെയ്ത് ആഴം കൂട്ടാനും നിർദ്ദേശം ഉണ്ടായിരുന്നു.എന്നാൽ പുതിയ പഠനം വരുന്നതോടെ ഇനി എങ്ങനെയെന്ന് അറിയേണ്ടതുണ്ട്.