പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേളയുടെ മുഖ്യസംഘാടകരായിട്ടുള്ള പള്ളിയോട സേവാസംഘത്തിലേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പിൽ കടുത്ത മത്സരം. 17 അംഗ നിർവാഹകസമിതിയിലേക്ക് 35 പേരാണ് മത്സരിക്കുന്നത്. പൊതുതെരഞ്ഞെടുപ്പിനേക്കാൾ വീറും വാശിയും നിറഞ്ഞതാണ് പ്രചാരണം. ഇന്നലെയാണ് നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായത്. ഇന്ന് സൂക്ഷ്മ പരിശോധന നടക്കും. 19 വരെ പത്രിക പിൻവലിക്കാൻ കഴിയും. അഭിഭാഷകനായ മുടിയൂർക്കോണം ബി.ഗോപകുമാറാണ് വരണാധികാരി. നടപടി ക്രമങ്ങൾ ആരംഭിക്കും മുൻപേ കരകളിൽ നേതാക്കളും അണികളും പ്രവർത്തനം സജീവമാക്കി.

പ്രതിനിധികളെക്കാൾ കൂടുതൽ പിന്നിൽ നിന്നും നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നതിനാൽ വീറും വാശിയും ഏറിയിട്ടുണ്ട്. സംഘത്തിന്റെ ഭരണ സമിതി മൂന്ന് വർഷം പൂർത്തിയാക്കി സ്ഥാനം ഒഴിയുന്നതോടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആറന്മുള പാർത്ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് പള്ളിയോടങ്ങളുടെ ചരിത്രം എങ്കിലും രാഷ്ട്രീയ സാമുദായിക ഇടപെടലുകൾ അടുത്ത കാലത്തായി സേവാ സംഘം പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. കിഴക്ക് വടശേരിക്കര മുതൽ പടിഞ്ഞാറ് ചെന്നിത്തല വരെ 52 പമ്പാതീര കരകൾ ഉൾപ്പെടുന്നതാണ് ആറന്മുള പള്ളിയോട സേവാസംഘം. ഓരോ കരകളിൽ നിന്നുള്ള രണ്ട് പ്രതിനിധികൾക്ക് വീതമാണ് വോട്ടവകാശം ഉള്ളത്. ഇതിൽ രണ്ട് കരകളിൽ സാങ്കേതിക പ്രശ്നങ്ങൾ മൂലം യഥാസമയം തെരഞ്ഞെടുപ്പ് നടന്നില്ല. ഇതുമൂലം ഈ കരകൾ വോട്ടർ പട്ടികയിലില്ല.

ഒരു പ്രതിനിധിയുടെ മരണവും ഉണ്ടായതോടെ വോട്ടവകാശം 99 ആയി. ഇതിൽ 35 പേരാണ് രണ്ടു പാനലുകളിലായി പത്രിക നൽകിയിരിക്കുന്നത്. പള്ളിയോട കരകളിൽ നിന്നും തങ്ങൾക്ക് ഒപ്പം നിൽക്കുന്നവരെ ജയിപ്പിച്ചെടുക്കാൻ രഹസ്യനീക്കങ്ങൾ നടത്തിയിരുന്ന നേതാക്കൾ ഇവിടെ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ തന്ത്രങ്ങൾ മെനയാൻ തുടങ്ങി. കൂടുതൽ പള്ളിയോടങ്ങളുടെ ഉടമകൾ എൻ.എസ്.എസ് കരയോഗങ്ങൾ ആയതിനാൽ ഇവരുടെ പിന്തുണ അനിവാര്യമാണ്. പ്രാദേശിക കരയോഗങ്ങളെ ഭിന്നിപ്പിച്ച് എൻ.എസ്.എസ് നേതൃത്വത്തിന് എതിരാക്കാനുള്ള ശ്രമവും സജീവമാണ്.

സംഘ പരിവാർ സംഘടനകളുടെ സഹായവും ഇവർ രഹസ്യമായും പരസ്യമായും തേടുന്നുണ്ട്. എന്നാൽ സംഘ പരിവാറിന് ഇതുമായി ബന്ധമില്ലെന്ന് ഒരു വിഭാഗം പറയുന്നു. ഇരുപാനലുകളിലും സംഘപരിവാർ പ്രവർത്തകർ ഉണ്ടെന്നുള്ളത് ഇതിനു ഉദാഹരണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കേരള സർക്കാർ സഹായം ലഭിക്കാൻ ഇടത് സഹയാത്രികർ വേണമെന്ന് ഒരു വിഭാഗം പറയുമ്പോൾ കൂടുതൽ പ്രഖ്യാപിത സഹായം കേന്ദ്രത്തിൽ നിന്നുമാണെന്നും ഇതിനാൽ ഇവരെ അനുകൂലിക്കുന്നവർ ആയാൽ കൊള്ളാമെന്ന് ചിലർക്ക് അഭിപ്രായമുണ്ട്. ഇതൊക്കെ ഉറപ്പിക്കുകയാണ് നേതാക്കൾ ഇപ്പോൾ ചെയ്യുന്നത്.

17 അംഗ നിർവാഹക സമിതിയിൽ കിഴക്കൻ മേഖലയിൽ നിന്നും അഞ്ചും മധ്യ പടിഞ്ഞാറൻ മേഖലകളിൽ നിന്നും ആറും പ്രതിനിധികളെ വീതം വേണം തെരഞ്ഞെടുക്കേണ്ടത്. കേന്ദ്ര സംസ്ഥാന സർക്കാർ സഹായവും വഴിപാട് വള്ളസദ്യകളിലൂടെ ലഭിക്കുന്ന വരുമാനമാണ് പ്രധാന ധന സ്രോതസ്. പള്ളിയോടങ്ങളുടെ ഗ്രാന്റ് ക്രമാനുഗതമായ വർദ്ധനവിലൂടെ രണ്ട് ലക്ഷം രൂപ വരെ ആക്കുകയും ചെയ്തിട്ടുണ്ട്. കോടികളുടെ ബജറ്റ് ഉള്ള സ്ഥാപന ഭരണം നേടാൻ പലർക്കും ഇതിനാൽ തന്നെ താത്പര്യമുണ്ട്. എംപി, എംഎ‍ൽഎ തുടങ്ങിയവരുടെ പ്രാദേശിക വികസന നിധിയിൽ നിന്നുള്ള സഹായവും പലപ്പോഴായി സേവാ സംഘത്തിന് ലഭിക്കുന്നുണ്ട്.

എംഎ‍ൽഎമാരായിരുന്ന എസ്. രാമചന്ദ്രൻ പിള്ള, കെ.ശിവദാസൻ നായർ തുടങ്ങിയവർ പള്ളിയോട സേവാ സംഘം പ്രസിഡന്റുമാരായിരുന്നു. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ടി.എൻ.ഉപേന്ദ്ര നാഥ കുറുപ്പ്, ഡോ .കെ.ജി.ശശിധരൻ പിള്ള, കെ.വി.സാംബദേവൻ എന്നിവർ പള്ളിയോട സേവാസംഘത്തെ നയിച്ചു. ഇടവേളക്ക് ശേഷം കെ.വി.സാംബദേവന്റെ നേതൃത്വത്തിലുള്ള പാനലും നിലവിലെ വൈസ് പ്രസിഡന്റ് സുരേഷ് വെൺപാല നയിക്കുന്ന പാനലും തമ്മിലാകും മത്സരം.