പത്തനംതിട്ട: ആറന്മുള സർവീസ് സഹകരണ സംഘത്തിന്റെ ഭരണം പിടിച്ചെടുക്കാനുള്ള സിപിഎം നീക്കം പാളി. വർഷങ്ങളായി യുഡിഎഫ് ഭരിക്കുന്ന സംഘം പിടിച്ചെടുക്കാൻ അരയും തലയും മുറുക്കിയെങ്കിലും നാല് പേരെ മാത്രമാണ് എൽഡിഎഫിന് വിജയിപ്പിക്കാൻ കഴിഞ്ഞത്. പത്തനംതിട്ട, കൈപ്പട്ടൂർ എന്നീ സഹകരണ സംഘങ്ങളിൽ സർവ സന്നാഹങ്ങളും ഒരുക്കിയെങ്കിലും തിരിച്ചടി നേരിട്ടപ്പോഴാണ് ആറന്മുളയിൽ ആവോളം മുൻകരുതൽ എടുത്തത്. കട്ട സിപിഎമ്മുകാരായ ഉദ്യോഗസ്ഥരെ മാത്രം പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചു. സംരക്ഷണം ഒരുക്കാൻ വൻ പൊലീസ് സേനയെയും ഒരുക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പാർട്ടി സഖാക്കളെ കള്ളവോട്ട് ചെയ്യാനും എത്തിച്ചു. ഒടുക്കം ഫലം വന്നപ്പോൾ 13 ൽ ഒമ്പത് സീറ്റും നേടി യുഡിഎഫ് ഭരണം നിലനിർത്തി.

വർഷങ്ങൾക്ക് ശേഷമാണ് ഇവിടെ എൽ.ഡി.എഫിന് നാലു സീറ്റ് കിട്ടുന്നത്. മത്സര രംഗത്തുണ്ടായിരുന്ന ബിജെപിയുടെ മൂന്നാം മുന്നണി ഉച്ചക്ക് രണ്ടു മണിയോടെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് കളം വിട്ടു. ഇന്നലെ രാവിലെ വോട്ടിങ് ആരംഭിച്ചപ്പോൾ മുതൽ എൽ.ഡി.എഫും യു.ഡി.എഫും പരസ്പരം കള്ള വോട്ട് ആരോപണം ഉന്നയിച്ചു. ഉച്ചയോടെ ചേരി തിരിഞ്ഞ് വാക്കേറ്റം തുടങ്ങിയത് സംഘർഷത്തിന്റെ വക്കോളമെത്തി. ഏറ്റുമുട്ടാൻ ഇരു വിഭാഗവും തയ്യാറെടുത്തതോടെ പൊലീസും സജീവമായി. ഒരു തരത്തിലും സംഘർഷം അനുവദിക്കില്ലെന്ന് സ്ഥലത്തുണ്ടായിരുന്ന ഡിവൈ.എസ്‌പി എസ്. നന്ദകുമാർ രണ്ടു കൂട്ടരെയും അറിയിച്ചു. ഇതിനിടെ എൽ.ഡി.എഫ് റോഡ് ഉപരോധവും നടത്തി. വാഹനങ്ങളിൽ വ്യാജ വോട്ടർമാരെ എത്തിക്കുന്നെന്ന് ആരോപിച്ചായിരുന്നു ഇത്. എന്നാൽ റോഡിൽ കുത്തിയിരുന്നവരോട് കർശനമായ നിലപാട് എടുക്കേണ്ടി വരുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഇതോടെ ഇവർ പിന്നാക്കം പോയി.

കള്ളവോട്ട് ആരോപിച്ച് ഇരുപക്ഷവും വാക്കേറ്റം നടത്തുന്നതിനിടെ ബിജെപി ബഹിഷ്‌കരണവും പ്രഖ്യാപിച്ചു. ജില്ലയിലെ മറ്റ് പല സ്ഥലത്തും നടത്തിയതു പോലെ ആറന്മുളയിലും സിപിഎം കള്ളവോട്ട് ചെയ്തുവെന്നാണ് യു.ഡി.എഫ് ആരോപണം. സഹകരണ വകുപ്പിലെ സിപിഎം അനുകൂലികളായ ഉദ്യോഗസ്ഥരെ മാത്രമാണ് ഡ്യുട്ടിക്ക് നിയോഗിച്ചതെന്നും പൊലീസും ഇവർക്ക് ഒത്താശ ചെയ്തുവെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. പി.എം.ജേക്കബ്, ജേക്കബ് സ്‌കറിയ, തോമസ് ഫിലിപ്പ്, ജി. പ്രദീപ്, ഷാജൻ തോമസ്, രമാ സുരേന്ദ്രൻ, ലീന പ്രഭാകരൻ, പി.എം ശിവൻ, കെ.ശിവപ്രസാദ് എന്നിവരാണ് യു.ഡി.എഫ് പാനലിൽ നിന്നും വിജയിച്ചത്. ഇടതു മുന്നണിയിൽ എസ്. ബാലകൃഷ്ണൻ നായർ, ചന്ദ്രബാബു, അരുൺ കെ.ബി, അർച്ചന മനീഷ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

യു.ഡി.എഫിന്റെ നേതൃത്വത്തിൽ കിടങ്ങന്നൂരിൽ പ്രകടനവും പൊതുയോഗവും നടത്തി. ബാങ്ക് മുൻ പ്രസിഡന്റ് വി.ആർ.ഉണ്ണിക്കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാർ, വിനീത അനിൽ എന്നിവർ പ്രസംഗിച്ചു. ഇടതു മുന്നണിയും പ്രകടനം നടത്തി. സഹകരണ സംഘം തെരഞ്ഞെടുപ്പിൽ ഇടത് വലത് മുന്നണി പാനലുകളിൽ മത്സരിക്കുന്നവർക്കു വേണ്ടി വ്യാജ തിരിച്ചറിയൽ കാർഡുകൾ തയ്യാറാക്കി കള്ള വോട്ടുകൾ ചെയ്യുന്നതായി പരാതി ഉയർന്നിരുന്നു. എൽ.ഡി.എഫ് -യു.ഡി.എഫ് പ്രവർത്തകർ പ്രദേശത്തിന് പുറത്തു നിന്നുള്ള പ്രവർത്തകരെ വാഹനങ്ങളിൽ എത്തിക്കുകയായിരുന്നുവെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.

തുടർന്ന് ബി. ജെ.പി നേതൃത്വം നല്കിയ സഹകരണ സംരക്ഷണ മുന്നണി തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. പ്രകടനത്തിന് ശേഷം കിടങ്ങന്നൂരിൽ നടന്ന യോഗം ആറന്മുള മണ്ഡലം പ്രസിഡന്റ് ദീപ ജി. നായർ ഉദ്ഘാടനം
ചെയ്തു.

യു.ഡി.എഫ് വിജയം സിപിഎമ്മിന്റെ ഗുണ്ടാ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്ത്: സതീഷ് കൊച്ചുപറമ്പിൽ

പത്തനംതിട്ട: ആറന്മുള സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വിജയം ഭരണ സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തുന്ന അധാർമ്മിക ഗുണ്ടാ രാഷ്ട്രീയത്തിനേറ്റ കനത്ത പ്രഹരവും മുന്നറിയിപ്പും ആണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.

കഴിഞ്ഞ കുറെ നാളുകളായി കോടതി ഉത്തരവുകൾ പോലും കാറ്റിൽപ്പറത്തി ജനാധിപത്യം അട്ടിമറിച്ച് സിപിഎം ജില്ലാ സെക്രട്ടറിയുടേയും സെക്രട്ടറിയേറ്റ് അംഗങ്ങളുടേയും നേരിട്ടുള്ള മേൽനോട്ടത്തിൽ നിരവധി സഹകരണ സംഘങ്ങളാണ് പിടിച്ചെടുത്തത്. ഇത്തരത്തിൽ സിപിഎം ഭരണം കൈയാളുന്ന നിരവധി സഹകരണ ബാങ്കുകൾ നിക്ഷേപ തട്ടിപ്പുകളുടേയും കൊള്ളയുടേയും കൂത്തരങ്ങായി മാറിയിരിക്കുകയും അന്വേഷണം നേരിടുകയുമാണ്.

ജില്ലയിലെ സഹകരണ സ്ഥാപനങ്ങൾ സിപിഎമ്മിന്റെ കറവപ്പശുക്കളായി മാറ്റുവാനുള്ള വ്യഗ്രതയിൽ എല്ലാ ജനാധിപത്യ മര്യാധകളും ലംഘിച്ച് നടത്തുന്ന പിടിച്ചടക്കൽ എല്ലാ കാലത്തും എല്ലാ സ്ഥലങ്ങളിലും വിലപ്പോവില്ല. ജനാധിപത്യ വിശ്വാസികളായ സഹകാരികൾ തിരിച്ചടി നൽകുമെന്നതിന് ഉദാഹരണങ്ങളാണ് സിപിഎം മുപ്പത് വർഷമായി ഭരിച്ചു കൊണ്ടിരുന്ന കൈപ്പട്ടൂർ സഹകരണ ബാങ്കിലെ നാല് യു.ഡി.എഫ് സ്ഥാനാർത്ഥികളുടേയും ആറന്മുളയിലെ വൻ ഭൂരിപക്ഷത്തോടെയുമുള്ള വിജയവും എന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

ഇന്ന് നടക്കുന്ന തിരുവല്ല സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ കോടതി ഉത്തരവ് മറികടന്ന് അക്രമത്തിനും കള്ള വോട്ടിനും ശ്രമിച്ചാൽ ശക്തമായി നേരിടുമെന്നും അതിന് കൂട്ടുനില്ക്കുന്ന സഹകരണ വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർ മറുപടി പറയേണ്ടിവരുമെന്നും ഡി.സി.സി പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.