പത്തനംതിട്ട: കേരളത്തെ ഒന്നാകെ നടുക്കിയ ഇലന്തൂരിലെ നരബലി കേസിൽ മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കേരളം അടുത്തറിഞ്ഞിട്ടില്ലാത്ത നരബലി എന്ന കൊടുംക്രൂരതയുടെ ചുരുളഴിയുമ്പോൾ പ്രതികളുടെ നിഷ്ഠൂരമായ മനസ്സുകൂടിയാണ് വെളിച്ചത്ത് വരുന്നത്. നരബലിക്ക് ഇവർ ഇരയാക്കിയതോ, അന്നന്നത്തെ അന്നത്തിന് വേണ്ടി കഷ്ടപ്പെടുന്ന രണ്ട് സ്ത്രീകളെ.

ലോട്ടറി വിറ്റു നടന്ന റോസ്‌ലിക്ക് പത്ത് ലക്ഷം പ്രതിഫലം വാഗ്ദാനം ചെയ്ത് നീലച്ചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് ഇവർ കൂടെക്കൂട്ടിയത്. പെരുമ്പാവൂരുകാരനായ ഷാഫിയാണ് ഇവരെ തിരുവല്ലയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.



അശ്ശീല സിനിമയിൽ അഭിനയിച്ചാൽ സാമ്പത്തിക നേട്ടമുണ്ടാകുമെന്നും പത്തു ലക്ഷം രൂപ നൽകാമെന്നും ആയിരുന്നു പത്മത്തിനും റോസ്ലിനും മുഹമ്മദ് ഷാഫി നൽകിയ വാഗ്ദാനം. നിത്യവൃത്തിക്ക് ലോട്ടറി കച്ചവടം നടത്തിയിരുന്ന ഇവർ പത്തു ലക്ഷം എന്ന വാഗ്ദാനത്തിനു വഴിപ്പെടുകയായിരുന്നു.

ആദ്യം റോസ്ലിനെയാണ് നരബലിക്കായി പത്തനംതിട്ട ഇലന്തൂരിലെ വീട്ടിലേക്ക് എത്തിച്ചത്. തിരുവല്ലയിലെ ഇവരുടെ സങ്കേതത്തിൽ കൊടും പീഡനമാണ് റോസ്ലിക്ക് നേരിടേണ്ടിവന്നത്. സിനിമാ ചിത്രീകരണത്തിനെന്ന വ്യാജേന കട്ടിലിൽ കിടത്തിയ ശേഷമായിരുന്നു ആക്രമണം. ഭഗവത് സിംഗാണ് റോസ്ലിയുടെ തലക്ക് ചുറ്റിക കൊണ്ട് അടിച്ച് ബോധം കെടുത്തിയത്.പിന്നീടാണ് ലൈല കത്തികൊണ്ട് ഇവരെ പീഡിപ്പിക്കുകയായിരുന്നു.



ആദ്യം റോസ്ലിയുടെ കഴുത്തിൽ ലൈല കത്തി കുത്തിയിറക്കുകായിരുന്നു. ശരീരത്തിന്റെ പല ഭാഗത്തും കത്തികൊണ്ട് മുറിവേൽപ്പിച്ചു. സ്വകാര്യ ഭാഗത്ത് കത്തി കുത്തിയിറക്കി മുറിവുണ്ടാക്കുകയും ചെയ്തു. ഈ രക്തം വീട് മുഴുവൻ തളിച്ചായിരുന്നു പ്രതികൾ പൂജ നടത്തിയത്.

രാത്രി മുഴുവൻ റോസ്‌ലിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം വീടിന് മുന്നിൽ തന്നെ കുഴിച്ചിടുകയായിരുന്നു ചെയ്തത്. പൂജകളെല്ലാം കഴിഞ്ഞ് മൃതദേഹം അടക്കിയെങ്കിലും ശാപത്തിന്റെ സ്വാധീനം കൊണ്ട് പൂജ പരാജയപ്പെട്ടെന്നും വീണ്ടുമൊരു നരബലി നടത്തിയാലേ ഐശ്വര്യം ലഭിക്കു എന്നു കരുതിയാണ് പ്രതികൾ രണ്ടാമത്തെ ഇരയെ തേടിയത്. അങ്ങനെയാണ് പ്രതികൾ പത്മയെ കണ്ടെത്തുന്നതും നരബലിക്ക് ഇരയാക്കുന്നതും. റോസ്‌ലി നേരിട്ടതിന് സമാനമായ പീഡനം തന്നെയാണ് പത്മയും നേരിട്ടത്.



ശാപത്തിന്റെ ശക്തി മൂലം ആദ്യ പൂജ പരാജയപ്പെട്ടെന്ന് ദമ്പതികളെ വിശ്വസിപ്പിച്ച ശേഷമാണ് പത്മത്തെ ഷാഫി കൊണ്ടുവന്നത്. ജൂൺ മാസത്തിലാണ് റോസ്ലിയെ നരബലിക്ക് വിധേയയാക്കുന്നത്. എന്നാൽ ശാപം കാരണം നരബലി ഫലിച്ചില്ലെന്ന് ഷാഫി ദമ്പതികളെ വിശ്വസിപ്പിച്ചു. തുടർന്നാണ് വീണ്ടും ബലിക്കായി കൊച്ചി പൊന്നുരുന്നിയിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിനിയായ പത്മ(52)യെ തിരുവല്ലയിലെത്തിക്കുന്നത്. തെറ്റിദ്ധരിപ്പിച്ചാണ് പത്മയെയും ഷാഫി ഇലന്തൂരിലെത്തിച്ചത്. തുടർന്ന് ഇവരെയും കൊലപ്പെടുത്തി ശരീരം കഷണങ്ങളായി മുറിച്ച് കുഴിച്ചിടുകയായിരുന്നു.

പത്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കേരളത്തെ നടുക്കിയ നരബലിയുടെ ചുരുളഴിയുന്നത്. കേസുമായി ബന്ധപ്പെട്ട് ഷിഹാബ് എന്ന മുഹമ്മദ് ഷാഫി, തിരുവല്ല സ്വദേശികളായ ദമ്പതികളായ ഭഗവൽ സിങ്, ലൈല എന്നിവർ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. കൂടുതൽ പേർ ഇവരുടെ ഇരകളായിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് ദക്ഷിണമേഖല ഐജി പി പ്രകാശ് പറഞ്ഞു.