- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജലഘോഷയാത്രയിൽ നല്ല കുട്ടികൾ; സ്റ്റാർട്ടിങ് പോയിന്റ് വിട്ടപ്പോൾ തോന്നിയ പടി; ആറന്മുള ശൈലി വിട്ട് തുഴഞ്ഞവർക്ക് പിടി വീണത് വീഡിയോ റെക്കോഡിങ്ങ്; മൂന്നു പള്ളിയോടങ്ങൾക്ക് ആറന്മുള ഉത്രട്ടാതി ജലമേളയിൽ രണ്ടു വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തി പള്ളിയോട സേവാസംഘം; ട്രോഫി തിരിച്ചു നൽകേണ്ടി വരുന്നത് നിലവിലെ ജേതാക്കൾക്കും
പത്തനംതിട്ട: തുഴച്ചിലിൽ ആറന്മുള ശൈലി വിട്ട പള്ളിയോടങ്ങൾക്ക് ഉത്രട്ടാതി ജലമേളയിൽ രണ്ടു വർഷത്തെ വിലക്കേർപ്പെടുത്തി പള്ളിയോട സേവാസംഘം. ഇക്കഴിഞ്ഞ ജലമേളയിൽ എ ബാച്ചിൽ മന്നം ട്രോഫി നേടിയ മല്ലപ്പുഴശേരി അടക്കമാണ് വിലക്ക് നേരിടുന്നത്. തീരുമാനത്തിൽ പ്രതിഷേധിച്ച് മല്ലപ്പുഴശേരി പള്ളിയോട പ്രതിനിധിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പള്ളിയോട സേവാസംഘം പൊതുയോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.
മല്ലപ്പുഴശേരി, പുന്നംതോട്ടം, കുറിയന്നൂർ പള്ളിയോടങ്ങൾക്കാണ് വിലക്ക്. എ ബാച്ചിൽ ഇത്തവണത്തെ ജേതാക്കൾ ആയിരുന്നു ആറന്മുള ക്ഷേത്രം ഉൾപ്പെടുന്ന കരയിലെ പള്ളിയോടമായ മല്ലപ്പുഴശേരി. ആറന്മുള ശൈലിയിൽ വച്ച് പാട്ടുപാടി തുഴയുക, നേരത്തെ പേരുകൾ നൽകിയ പള്ളിയോടവുമായി ബന്ധപ്പെട്ടവർ മാത്രം കയറുക തുടങ്ങിയ നിർദേശങ്ങൾ പള്ളിയോട സേവാസംഘം പൊതുയോഗം അംഗീകരിച്ച് റേസ് കമ്മറ്റിക്ക് നൽകിയിരുന്നു.
ഈ നിർദ്ദേശം നടപ്പിലാക്കണമെന്ന് എല്ലാ പള്ളിയോടങ്ങളെയും രേഖാമൂലം അറിയിക്കുകയും ചെയ്തു. ഉത്രട്ടാതി ജലമേളയിൽ ഇതിന് വിരുദ്ധമായി തുഴയുന്നത് ശ്രദ്ധയിൽപ്പെട്ട റേസ് കമ്മറ്റിയുടെ ഭാരവാഹികൾ ഇക്കാര്യം ഇവർ സഞ്ചരിച്ചിരുന്ന ബോട്ടിൽ നിന്നും ബന്ധപ്പെട്ട കരക്കാരെ ഉച്ച ഭാഷിണിയിലൂടെ അറിയിച്ചു കൊണ്ടിരുന്നു. ജല ഘോഷയാത്ര സത്ര കടവിൽ നിന്നും കിഴക്ക് സ്റ്റാർട്ടിങ് പോയിന്റായ പരപ്പുഴ കടവിലേക്ക് പോയപ്പോൾ മാത്രമാണ് ഇവരെല്ലാം ആറന്മുള ശൈലി അനുവർത്തിച്ചതെന്നാണ് കണ്ടെത്തൽ. ക്രമക്കേട് കണ്ടെത്താൻ പ്രത്യേക വീഡിയോ റെക്കാർഡിങ് ഏർപ്പെടുത്തിയിരുന്നു. ഇത് കൂടി പരിശോധിച്ച ശേഷമാണ് നടപടി ഉണ്ടായിരിക്കുന്നത്.
പള്ളിയോട സേവാ സംഘം നിർവാഹക സമിതി അംഗീകരിച്ച നടപടി പൊതുയോഗം പാസാക്കിയതോടെ ഇതിന് അന്തിമഅംഗീകാരവും ലഭിച്ചു. ഇതോടെ ലഭിച്ച ട്രോഫികൾ നടപടി നേരിടുന്ന കരക്കാർ തിരികെ നൽകണം. സമ്മാനത്തുകയായ അരലക്ഷം രൂപ നൽകേണ്ടതില്ലെന്നും തീരുമാനമുണ്ട്. ഒന്നാം സ്ഥാനം നേടിയ മല്ലപ്പുഴശേരിക്ക് മന്നം ട്രോഫിയും രണ്ടാം സ്ഥാനം നേടിയ കുറിയന്നൂരിന് ദേവസ്വം ബോർഡ് ട്രോഫിയും എ ബാച്ച് ലൂസേഴ്സ് ഫൈനൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പുന്നംതോട്ടം പള്ളിയോടത്തിന് കീക്കൊഴൂർ വിനോദ് കുമാർ ട്രോഫിയും ലഭിച്ചിരുന്നു.
പള്ളിയോട സേവാസംഘം ട്രഷറർ ബാബു പഴയിടം പ്രതിനിധിയായ പള്ളിയോടമാണ് നടപടി നേരിടുന്ന കുറിയന്നൂർ, നിർവാഹക സമിതി അംഗം ശരത് ആണ് പുന്നംതോട്ടത്തെ പ്രതിനിധീകരിക്കുന്നത്. ഇവർക്കെതിരെയും നടപടി ഉണ്ടാകും. തീരുമാനത്തിൽ പ്രതിഷേധിച്ച് മല്ലപ്പുഴശേരി പള്ളിയോട പ്രതിനിധി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ പൊതുയോഗത്തിൽ നിന്നും ഇറങ്ങിപ്പോയി.
നേരത്തെ പട്ടികയിൽ കൊടുത്തിരുന്നവർ മാത്രമാണ് പള്ളിയോടങ്ങളിൽ ഉണ്ടായിരുന്നതെന്ന് നടപടി നേരിടുന്ന കരക്കാർ പറഞ്ഞു. ജലോത്സവത്തിൽ വേഗം കൂടി അടിസ്ഥാനമാക്കിയ മത്സര വള്ളംകളിയാണ് ഇക്കുറി നടന്നത്. എന്നാൽ വേഗത്തിനൊപ്പം ആറന്മുള ശൈലിയിലുള്ള തുഴച്ചിൽ വിജയികളെ നിശ്ചയിക്കുന്നതിന് മാനദണ്ഡമാകുമെന്നും വച്ചുപാട്ട് പാടിയാണ് മത്സരത്തിൽ പങ്കെടുക്കേണ്ടതെന്നും പള്ളിയോട സേവാ സംഘം നിഷ്‌കർഷിച്ചിരുന്നു.
ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ ആചാരങ്ങളും ചട്ടങ്ങളും നിബന്ധനകളും ലംഘിച്ച മല്ലപ്പുഴശേരി, കുറിയന്നൂർ, പുന്നംതോട്ടം എന്നീ മൂന്ന് പള്ളിയോടങ്ങൾക്ക് എതിരെ ശിക്ഷണ നടപടികൾ സ്വീകരിക്കുവാൻ പൊതുയോഗം തീരുമാനിച്ചു. രണ്ടുവർഷത്തേക്ക് ഉതൃട്ടാതി ജലോത്സവത്തിലും മറ്റു ജലോത്സവങ്ങളിലും പങ്കെടുക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയതായി പള്ളിയോട സേവാ സംഘം സെക്രട്ടറി അറിയിച്ചു. രണ്ടുവർഷത്തേക്കുള്ള ഗ്രാന്റ് നൽകരുതെന്നും ഈ പള്ളിയോടങ്ങളിലെ ക്യാപ്റ്റന്മാരെ മൂന്ന് വർഷത്തേക്ക് പള്ളിയോട സേവാ സംഘവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ക്യാപ്റ്റന്മാരായോ പ്രതിനിധികളായോ വരുന്നതിൽ അയോഗ്യരായും പ്രഖ്യാപിക്കുന്നതിനും തീരുമാനിച്ചു.
പള്ളിയോടസേവാസംഘം ട്രഷററായ സഞ്ജീവ് കുമാർ കുറിയന്നൂർ, കമ്മിറ്റി അംഗമായ ശരത് പുന്നംതോട്ടം എന്നിവർ ചട്ടനിബന്ധനകൾ ലംഘിച്ചതിനാൽ കമ്മിറ്റി സ്ഥാനത്തുനിന്നും ചുമതല സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനും പൊതുയോഗം പ്രമേയത്തിലൂടെ തീരുമാനിച്ചു. ശിക്ഷണ നടപടികളിൽ ഉൾപ്പെട്ട മൂന്ന് പള്ളിയോടങ്ങൾക്കും നൽകിയ ട്രോഫികളും മറ്റ് ആനുകൂല്യങ്ങളും തിരികെ നൽകണമെന്നും പൊതുയോഗം തീരുമാനിച്ചതായും സെക്രട്ടറി അറിയിച്ചു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്