പത്തനംതിട്ട: കഞ്ചാവ് കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്ന പ്രതിയെ പിടിയിലായിട്ടും കസ്റ്റഡിയിൽ നിന്നു വിട്ടയച്ചു. ഗുരുതരമായ വീഴ്ച വരുത്തിയ ആറന്മുള പൊലീസ് ഇൻസ്പെക്ടർ സി.കെ. മനോജിനെതിരേ വകുപ്പു തല നടപടിക്ക് സാധ്യതയേറി. രണ്ടര മാസം മുൻപ് നടന്ന സംഭവം ഇപ്പോഴാണ് പുറത്തു വന്നിരിക്കുന്നത്. ആറന്മുള സ്റ്റേഷനിൽ 2019 ൽ രജിസ്റ്റർ ചെയ്ത 970/2019 നമ്പർ കേസിലെ പ്രതി തെന്മല കഴുതുരുട്ടി എച്ച്ആർ മൻസിലിൽ റഹിമിനെയാണ് കസ്റ്റഡിയിൽ കിട്ടിയിട്ടും കോടതിയിൽ ഹാജരാക്കാതെ വിട്ടയച്ചത്.

ഓഗസ്റ്റ് 23 നാണ് റഹിമിനെ ആര്യങ്കാവിൽ നിന്ന് ആറന്മുള സ്റ്റേഷനിലെ വാറണ്ട് നടപ്പാക്കുന്ന സിപിഓ കണ്ടെത്തിയത്. തുടർന്ന് തന്റെ ബൈക്കിന് പിന്നിലിരുത്തി സ്റ്റേഷനിലെത്തിച്ച് ലോക്കപ്പിൽ അടച്ചു. ജനറൽ ഡയറിയിൽ അടക്കം ഇത് രേഖപ്പെടുത്തുകയും ചെയ്തു. ഓഗസ്റ്റ് 24 ന് ആയിരുന്നു റഹിമിനെ കോടതിയിൽ ഹാജരാക്കേണ്ടിയിരുന്നത്. അന്ന് ആശുപത്രി ആക്രമണ കേസിൽ പിടിയിലായ മറ്റൊരു പ്രതിയെ കോടതിയിൽ ഹാജരാക്കേണ്ടി വന്നിരുന്നു.

ഇതിനിടെ ലോക്കപ്പിലുള്ള വാറണ്ട് പ്രതിയുടെ കാര്യം പൊലീസ് ഇൻസ്പെക്ടർ മറഞ്ഞു. ആശുപത്രി ആക്രമണ കേസിലെ പ്രതിയെ അന്ന് വൈകിട്ടാണ് കോടതിയിൽ കൊണ്ടു പോയത്. അപ്പോഴാണ് ലോക്കപ്പിലുള്ള റഹിമിന്റെ കാര്യം ഓർമ വന്നത്. ഇയാളെ തുറന്നു വിടാൻ എസ്എച്ച്ഓ പറയുകയും ചെയ്തു. എന്നാൽ, അന്ന് ഇയാളെ വിട്ടയച്ചില്ല. പിറ്റേന്ന് രാവിലെ എസ്എച്ച്ഓ എത്തിയപ്പോൾ ഇയാൾ ലോക്കപ്പിൽ തന്നെ കിടക്കുന്നത് കണ്ട് തുറന്നു വിടാൻ പറയുകയായിരുന്നു. വണ്ടിക്കൂലിക്ക് പണവും നൽകിയാണ് വിട്ടത്.

വാറണ്ട് കേസിൽ കസ്റ്റഡിയിലായ പ്രതിയെ കോടതിയുടെ മുന്നിൽ ഹാജരാക്കാതിരുന്നത് ഗുരുതരമായ വീഴ്ചയാണ്. വീണ്ടും പ്രതിക്ക് വാറണ്ട് വന്നപ്പോഴാണ് നേരത്തേ കസ്റ്റഡിയിൽ കിട്ടിയിട്ടും കോടതിയിൽ ഹാജരാക്കിയില്ലെന്ന വിവരം പുറത്തു വന്നത്. വിവരം ഉന്നത പൊലീസ് അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇൻസ്പെക്ടർക്കെതിരേ നടപടിയുണ്ടാകുമെന്നാണ് സൂചന.