- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കളഭാഭിഷേകത്തിനുള്ള കലശ പൂജ നടക്കുമ്പോള്‍ പുറത്ത് മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് സദ്യ വിളമ്പി; അഷ്ടമി രോഹിണി വള്ളസദ്യയില്‍ സംഭവിച്ചത് ആചാരലംഘനം തന്നെ; ആറന്മുളയില് പളളിയോട സേവാസംഘം പ്രസിഡന്റിനെ തള്ളി പൊതുയോഗം; തന്ത്രി നിര്‍ദേശിച്ച പരിഹാര ക്രിയകള്‍ ക്ഷേത്രത്തില്‍ ചെയ്യണം
ആറന്മുളയില് പളളിയോട സേവാസംഘം പ്രസിഡന്റിനെ തള്ളി പൊതുയോഗം
പത്തനംതിട്ട: ആറന്മുള: അഷ്ടമി രോഹിണി വള്ളസദ്യയില്‍ ആചാര ലംഘനം നടന്നെന്ന് പള്ളിയോട സേവാസംഘം പൊതുയോഗവും. ഞായറാഴ്ച ചേര്‍ന്ന സംഘം പൊതുയോഗത്തില്‍ ഏറെ നേരത്തെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവിലാണ് ആചാര ലംഘനം നടന്നു എന്ന് അംഗീകരിച്ചത്. ലംഘനത്തിന് തന്ത്രി നിര്‍ദേശിച്ച പരിഹാര ക്രിയകള്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നടത്താനും പൊതുയോഗം അംഗീകാരം നല്‍കി.
അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം നടന്നതായി നേരത്തെ ക്ഷേത്ര ഉപദേശകസമിതി അറിയിച്ചിരുന്നു. ശ്രീകോവിലില്‍ തന്ത്രിയുടെ നേതൃത്വത്തില്‍ കളഭാഭിഷേകത്തിനുള്ള കലശം പൂജ നടന്നു കൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു പുറത്ത് സദ്യ വിളമ്പിയത്. കളഭാഭിഷേകത്തിനുശേഷം മാത്രമാണ് ഉച്ചപൂജക്കുള്ള നിവേദ്യം എഴുന്നള്ളിക്കുന്നത്. ഇതിനു ശേഷമേ സദ്യ പാടുള്ളൂവെന്നാണ് ആചാരം.
ഇത് പാലിക്കാതെ സദ്യ വിളമ്പിയതാണ് ആചാര ലംഘനമായി കണ്ടെത്തിയിരുന്നത്. ഇതേ തുടര്‍ന്ന് അഭിപ്രായം ആരാഞ്ഞ് ദേവസ്വം ബോര്‍ഡ് തന്ത്രിക്ക് കത്ത് നല്‍കി. ഇതിനുള്ള മറുപടിയില്‍ തന്ത്രി പരിഹാരക്രിയകള്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇവ പള്ളിയോട സേവാ സംഘത്തിന്റെ ചെലവില്‍ വൃശ്ചികം ഒന്നിന് മുമ്പ് തന്നെ നടത്തണമെന്നും നിര്‍ദേശം ഉയര്‍ന്നിരുന്നു. പള്ളിയോടസേവാസംഘം ഭരണ സമിതി ഇത് അംഗീകരിച്ചില്ല. ആചാരം ലംഘിച്ചില്ല എന്നായിരുന്നു ഇവരുടെ നിലപാട്.
എന്നാല്‍ ഭരണ സമിതിയുടെ അഭിപ്രായം തള്ളിയാണ് ഇന്നലെ പൊതുയോഗം പരിഹാരക്രിയകള്‍ നടത്താന്‍ നിര്‍ദേശിച്ചത്. ദേവസ്വംമന്ത്രി വി.എന്‍. വാസവന്‍, കൃഷി മന്ത്രി പി. പ്രസാദ് അടക്കം വിശിഷ്ടാതിഥികള്‍ക്ക് നേരത്തെ സദ്യ നല്‍കി എന്നും ആരോപണം ഉയര്‍ന്നിരുന്നു. ക്ഷേത്ര ചടങ്ങുകളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരുന്നില്ലെന്നും പിഴവ് സംഭവിച്ചത് പള്ളിയോട സേവാ സംഘത്തിനാണെന്നും ആയിരുന്നു കണ്ടെത്തല്‍.
വിവാദത്തിന് പിന്നില്‍ വള്ള സദ്യയില്‍ നിന്നും പള്ളിയോട സേവാസംഘത്തെ ഒഴിവാക്കാന്‍ ആണെന്നായിരുന്നു പ്രസിഡന്റ് കെ.വി. സാംബദേവന്റെ നിലപാട്. ഇത് പൊതുയോഗം അംഗീകരിച്ചില്ല. ആറന്മുള വള്ളസദ്യയിലെ ആചാരലംഘനവുമായി ബന്ധപ്പെട്ട് അഭിപ്രായം ആവശ്യപ്പെട്ടത് ദേവസ്വം ബോര്‍ഡാണെന്ന് തന്ത്രി പരമേശ്വരന്‍ വാസുദേവ ഭട്ടതിരിപ്പാട് പറഞ്ഞു.ഇതിനുള്ള നല്‍കിയ മറുപടിയിലാണ് പരിഹാരക്രിയകള്‍ നിര്‍ദ്ദേശിച്ചതെന്നും തന്ത്രി അറിയിച്ചിരുന്നു.




