പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേളയിൽ മല്ലപ്പുഴശ്ശേരി പള്ളിയോടം കിരീടം ചൂടി. ഓളപ്പരപ്പിൽ ആവേശം സൃഷ്ടിച്ച ജലോത്സവത്തിൽ കുറിയന്നൂർ പള്ളിയോടം രണ്ടാം സ്ഥാനത്തും ചിറയിറമ്പ് പള്ളിയോടം മൂന്നാമതായും ഫിനിഷ് ചെയ്തു. ആവേശം ഒട്ടും ചോരാതിരുന്ന മത്സരത്തിൽ എ ബാച്ചിൽ മല്ലപ്പുഴശ്ശേരി, കുറിയന്നൂർ, ളാകഇടയാറന്മുള, ചിറയിറമ്പ് എന്നീ പള്ളിയോടങ്ങളാണ് മത്സരിച്ചത്.

എ ബാച്ച് വള്ളങ്ങളുടെ ഫൈനലിൽ ആവേശകരമായ മത്സരത്തിൽ കുറിയന്നൂരിനെ വള്ളപാടുകൾക്കു പിന്തള്ളിയാണു മല്ലപ്പുഴശേരി വിജയത്തീരം അണിഞ്ഞത്. ബി ബാച്ചിൽ ഇടപ്പാവൂർ ഒന്നാമത് എത്തി. വന്മഴി, ഇടപ്പാവൂർ, പുല്ലുപ്രം എന്നീ പള്ളിയോടങ്ങളാണു ബി ബാച്ച് ഫൈനലിൽ ഏറ്റുമുട്ടിയത്. ലൂസേഴ്‌സ് ഫൈനലിൽ പ്രയാർ, ഇടയാറന്മുള, പുന്നംതോട്ടം, ഇടയാറന്മുള കിഴക്ക് പള്ളിയോടങ്ങൾ മത്സരിക്കും.

ആയിരങ്ങളാണു വള്ളംകളി കാണാൻ പമ്പയുടെ ഇരുകരകളിലും നിലയുറപ്പിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ഒന്നരയ്ക്കു പള്ളിയോടങ്ങളുടെ ഘോഷയാത്രയോടെയാണു വള്ളംകളിക്കു തുടക്കമായത്. 49 പള്ളിയോടങ്ങളാണു ഇത്തവണ പമ്പയുടെ ഓളങ്ങളിൽ നിറമാല തീർത്തത്. മുത്തുകുടകളും നിശ്ചല ദൃശ്യങ്ങളുമായി മനോഹരമായിരുന്നു ഘോഷയാത്ര. പള്ളിയോടങ്ങളുടെ ഘോഷയാത്ര ആന്റോ ആന്റണി എംപി ഫ്‌ളാഗ് ഓഫ് ചെയ്തു.

പ്രളയം, കോവിഡ് എന്നിവ മൂലം താളം തെറ്റിയ വള്ളംകളി ഇടവേളയ്ക്ക് ശേഷം ഇക്കുറി പൂർണ തോതിൽ നടത്തപ്പെട്ടതിനാൽ വലിയ ആവേശമാണ് ഉണ്ടായിരുന്നത്. വേഗത്തിന് പ്രാധാന്യം നൽകാതെ വഞ്ചിപ്പാട്ടുകൾ, തുഴച്ചിൽ ശൈലി, ചമയം വേഷം, അച്ചടക്കം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുകയെന്നതാണ് ആറന്മുളയിലെ പ്രത്യേകത. എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം നിലനിൽക്കുന്നതിനാൽ വർണാഭമായ ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കിയാണ് ഇത്തവണ വള്ളംകളി നടന്നത്.