പത്തനംതിട്ട: ആറന്മുള വള്ളസദ്യയില്‍ 'കൈയിട്ടു വാരാനുള്ള' ദേവസ്വം ബോര്‍ഡ് നീക്കത്തില്‍ 'മണ്ണു വാരിയിട്ട്' പള്ളിയോട സേവാസംഘം. കരകള്‍ ഒറ്റക്കെട്ടായി ദേവസ്വം ബോര്‍ഡ് നടപടിക്കെതിരേ രംഗത്തു വന്നു. പള്ളിയോട സേവാസംഘം. നേതൃത്വത്തില്‍ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫീസിലേക്ക് വള്ളപ്പാട്ടുമായി മാര്‍ച്ചും നടത്തി. പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ ഇന്നലെ ചേര്‍ന്ന പൊതുയോഗ തീരുമാനപ്രകാരമാണ് പ്രതിഷേധം. കെ.എസ്.ആര്‍.ടി.സിയുടെ പഞ്ചപാണ്ഡവ ക്ഷേത്രദര്‍ശന്‍ പദ്ധതിയടക്കം അടുത്ത വര്‍ഷം മുതല്‍ ഒരു സ്പെഷ്യല്‍ പാസിനും സദ്യ നല്‍കേണ്ടെന്നും പൊതുയോഗം തീരുമാനിച്ചു.

നിലവില്‍ ദേവസ്വം ബോര്‍ഡ് സ്പെഷ്യല്‍ പാസ് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 250 രൂപ നിരക്കില്‍ സ്പെഷ്യല്‍ പാസ് വള്ളസദ്യ നടത്താന്‍ തീരുമാനിച്ചതാണ് പള്ളിയോട സേവാസംഘത്തിന്റെ പ്രതിഷേധത്തിന് കാരണമായത്. ആറന്മുള വള്ളസദ്യകള്‍ക്ക് വ്യക്തമായ ആചാരാനുഷ്ഠാനങ്ങളുണ്ടെന്നും പള്ളിയോടങ്ങള്‍ അനിവാര്യമാണെന്നും പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍ പറഞ്ഞു.

ഇതൊന്നുമില്ലാതെ 250 രൂപ ഈടാക്കി,ഹോട്ടലുകളില്‍ ഊണ് കൊടുക്കുന്നത് പോലെ ആറന്മുള ക്ഷേത്രത്തിന്റെ ഊട്ടുപുരയില്‍ ഊണ് കൊടുക്കുന്നത് അതിദരിദ്രമായ പരിപാടിയാണ്. സമ്പന്നമായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രം തന്നെ മാറ്റിയെഴുതുന്ന വികലമായ പരിപാടിയുമായി മുന്നോട്ട് പോയാല്‍ കൂടുതല്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.

27 ന് ഒരു ദിവസത്തേക്ക് ദേവസ്വം ബോര്‍ഡ് പ്രത്യേകം നടത്തുന്ന വളളസദ്യയ്ക്ക് കൂപ്പണ്‍ എടുത്തവര്‍ക്ക് പള്ളിയോട സേവാസംഘം, വളളസദ്യകളില്‍ ഉള്‍പ്പെടുത്തി സൗജന്യമായി സദ്യ നല്‍കാന്‍ തയാറാണ്. പള്ളിയോട സേവാസംഘം കെ.എസ്.ആര്‍.ടി.സിയുമായി സഹകരിച്ച് നടത്തുന്ന പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശന പാക്കേജില്‍ ഉള്‍പ്പെട്ടവര്‍ക്ക് നടത്തുന്ന വള്ളസദ്യയെ ദേവസ്വം ബോര്‍ഡ് പ്രഖ്യാപിച്ച പദ്ധതിയുമായി താരതമ്യപ്പെടുത്താന്‍ കഴിയില്ല.

കെ.എസ്.ആര്‍.ടി.സി പാക്കേജില്‍ എത്തുന്നവര്‍ക്കായി ക്ഷേത്രത്തിന് പുറത്ത് പാഞ്ചജന്യം ഓഡിറ്റോറിയത്തിലാണ് സദ്യ നടത്തുന്നത്. എങ്കിലും അടുത്ത വര്‍ഷം മുതല്‍ ഈ സദ്യ ഉണ്ടാവില്ലെന്നും കെ.വി. സാംബദേവന്‍ പറഞ്ഞു. പ്രസിഡന്റ് സാംബദേവന്‍, സെക്രട്ടറി പ്രസാദ് ആനന്ദഭവന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭാരവാഹികള്‍ ദേവസം ബോര്‍ഡ് അസി കമ്മിഷണര്‍ ഓഫീസിനു മുന്നിലേക്ക് മാര്‍ച്ച് നടത്തിയ ശേഷം നിവേദനവും നല്‍കി.