ലാസ് വെഗാസ് / തിരുവനന്തപുരം: മാജിക്കിലെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന മെര്‍ലിന്‍ അവാര്‍ഡ് 2025 മലയാളിയായ അരവിന്ദ് വി കെയ്ക്ക്. അരവിന്ദിന് മോസ്റ്റ് മാജിക്കല്‍ ടെക്കി ആന്‍ഡ് ഫിലിം മേക്കര്‍ (Most Magical Techie & Filmmaker) എന്ന ബഹുമതിയോടെയാണ് ഇന്റര്‍നാഷണല്‍ മജീഷ്യന്‍ സൊസൈറ്റി പുരസ്‌കാരം പ്രഖ്യാപിച്ചത്.


ലാസ് വെഗാസില്‍ നടന്ന ചടങ്ങില്‍ ലോകപ്രശസ്ത 'Mindfreak' ഷോയുടെ താരം ക്രിസ് ആഞ്ചല്‍ എത്തിയിരുന്നു. ഏറ്റവും കൂടുതല്‍ തവണ മെര്‍ലിന്‍ അവാര്‍ഡ് വാങ്ങിയ മജിഷ്യന്‍ കൂടിയാണ് അദ്ദേഹം.




മാജിക്കില്‍ അരവിന്ദിന്റെ സംഭാവനകളും സിനിമ, സാങ്കേതിക വിദ്യ എന്നിവ അതുല്യമായി മാജിക്കില്‍ കലര്‍ത്തിയ കഴിവും പരിഗണിച്ചാണ് ഇന്റര്‍നാഷണല്‍ മജീഷ്യന്‍ സൊസൈറ്റി പ്രസിഡന്റ് ടോണി ഹാസിനിയും ബോര്‍ഡ് അംഗങ്ങളും ഈ ബഹുമതിക്ക് തിരഞ്ഞെടുത്തത്. 2011-ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന്‍ സിംഗിന്റെ സാന്നിധ്യത്തില്‍ മെര്‍ലിന്‍ അവാര്‍ഡ് നേടിയ മജീഷ്യന്‍ മുതുകാടുമായുള്ള അരവിന്ദിന്റെ അടുത്ത ബന്ധവും, അമേരിക്കയിലെ കൊളംബസില്‍ മുതുകാടിന്റെ ഡിഫറന്റ് ആര്‍ട്ട് സെന്ററിന് (different art center)നു വേണ്ടി അരവിന്ദ് മുന്നില്‍ നിന്നു നയിച്ച ചാരിറ്റി പ്രവര്‍ത്തനങ്ങളും വിലയിരുത്തപ്പെട്ടു.

പ്രശസ്ത മജീഷ്യനായ സാമ്രാജും മെര്‍ലിന്‍ അവാര്‍ഡ് നേടിയ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഒരു പക്ഷേ ഈ അവാര്‍ഡ് ലഭിക്കുന്ന ഏക അമേരിക്കന്‍ മലയാളി പ്രവാസിയും ടെക്കിയുമായിരിക്കും അരവിന്ദ്. അതുകൊണ്ട് തന്നെ ഇത് മലയാളികള്‍ക്കും ഭാരതീയര്‍ക്കും അഭിമാന നിമിഷമാണ്.




കുട്ടിക്കാലത്തെ മാജിക്കിന്റെ വിസ്മയ ലോകത്ത്

തിരുവനന്തപുരം ജില്ലയിലെ കൃഷ്ണപുരം ഗ്രാമത്തില്‍ നിന്ന് വളര്‍ന്നു വന്ന അരവിന്ദ് വി.കെ., മാജിക് ലോകത്ത് Myztiq എന്നാണ് അറിയപ്പെടുന്നത്. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്, സ്വന്തം ടെയ്‌ലര്‍ അങ്കിളിന്റെ മാജിക്കില്‍ പ്രചോദനം കണ്ടെത്തി അരവിന്ദ് മാജിക്കിലേക്ക് കടന്നത്. ഗ്രാമവാസികളും അധ്യാപകരും പ്രോത്സാഹിപ്പിച്ചപ്പോള്‍, സ്വയം പഠിച്ച മജീഷ്യനായ അദ്ദേഹം മാജിക്ക് വിനോദത്തിനൊപ്പം വിദ്യാഭ്യാസത്തിലും, കുട്ടികള്‍ക്കായുള്ള പ്രചോദന ക്ലാസ്സുകളിലും, അക്കാദമിക് പരിശീലനത്തിലും, ചാരിറ്റികളിലും ഉപയോഗിച്ചു.

എസ്.സി.ടി.കോളേജ് ഓഫ് എഞ്ചിനീയറിംഗ് ബിരുദധാരിയായ അരവിന്ദ്, കോളേജ് യൂണിയന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു, വിദ്യാര്‍ത്ഥി കാലത്തുതന്നെ നിറഞ്ഞ കൈയടികളോടെ മാജിക് ഷോകള്‍ അവതരിപ്പിച്ചു. പ്രശസ്ത മാജീഷ്യനായ ഗോപിനാഥ് മുതുകാട് സ്ഥാപിച്ച മാജിക് ക്ലബ്ബിലെ പ്രാരംഭ അംഗമായിരുന്നു അദ്ദേഹം.

സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറെന്ന നിലയില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തശേഷം, പിന്നീട് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ (TCS) ചേര്‍ന്നു, അവിടെ നിന്ന് യുഎസിലേക്കു. ഇതിനൊപ്പം ഇന്ത്യയിലും അമേരിക്കയിലുമായി നിരവധി ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചു, കോര്‍പ്പറേറ്റ് ഷോകളും ചാരിറ്റി പരിപാടികളും അവതരിപ്പിച്ചു, കൂടാതെ വിനോദലോകത്ത് നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു.

അതില്‍ പ്രത്യേകം ശ്രദ്ധേയമായത് 'Park Bench' എന്ന ഹ്രസ്വചിത്രം. മാജിക്കിനെ കേന്ദ്രീകരിച്ചുള്ള ഈ ചിത്രത്തില്‍ അരവിന്ദിനൊപ്പം ഒരു അമേരിക്കന്‍ ബാലനടിയും അഭിനയിച്ചു. ചിത്രം ഗോപിനാഥ് മുതുകാട് പുറത്തിറക്കി Different Art Centre (DAC)-ന് സമര്‍പ്പിച്ചു. അനേകം അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയ ഈ ചിത്രമാണ് അരവിന്ദിന്റെ കരിയറില്‍ നിര്‍ണ്ണായകമായി മാറിയത്.



നാട്ടിന്‍പുറത്തിന്റെ അനുഗ്രഹം

ഈ നേട്ടം കേരളത്തിലെ സുഹൃത്തുകള്‍ക്കും, കൃഷ്ണപുരത്തെ ഗ്രാമവാസികള്‍ക്കും, ബന്ധുകള്‍ക്കും, നാട്ടിലെ മറ്റു ക്ലബുകള്‍ക്കും, സംഘടനകള്‍ക്കും, ആദ്യ പ്രചോദനമായ വിജയഭാരതന്‍ എന്ന തയ്യല്‍ തൊഴിലാളിയായ സ്വന്തം കൊച്ചച്ചനും, മുതുകാട് സാറിനും, പാര്‍ക്ക് ബെഞ്ച്് (Park Bench) സിനിമാ സംഘത്തിനും, തന്റെ സ്‌കൂള്‍-കോളേജ് അധ്യാപകര്‍ക്കും, അമേരിക്കയിലെ കൊളംബസിലും യുഎസിലുമുള്ള സുഹൃത്തുകള്‍ക്കും, സെന്‍ട്രല്‍ ഒഹായോ മലയാളി അസോസിയേഷനും (Central Ohio Malayali Association)-, മറ്റ് ഇന്ത്യന്‍- അമേരിക്കന്‍ കള്‍ച്ചറല്‍ - കമ്മ്യൂണിറ്റി സംഘടനകള്‍ക്കുമാണ് അരവിന്ദ് സമര്‍പ്പിക്കുന്നത്.




ഗ്രാമത്തിലെ തെരുവുവിളക്കിന്റെ കീഴില്‍ ആദ്യ ട്രിക്കുകള്‍ അഭ്യസിച്ച താാന്‍, ഇന്ന് ലൈറ്റുകളുടെ നഗരമായ ലാസ് വേഗാസില്‍ നിന്ന് ലോകത്തോട് സംസാരിക്കുമ്പോള്‍, അത് എന്റെ നാട്ടിന്‍പുറത്തിന്റെ അനുഗ്രഹമായി കാണുന്നുവെന്ന് അരവിന്ദ് പറഞ്ഞു.

'എന്റെ മലയാളം ടീച്ചര്‍ ആയ ശ്രീജ ടീച്ചര്‍ എനിയ്ക്ക് പത്താം ക്ലാസിലെ ഓട്ടോഗ്രാഫില്‍ എഴുതിയതും ഓര്‍ക്കുന്നു' - 'ഏതു ധൂസര സങ്കല്പത്തില്‍ വളര്‍ന്നാലും ഏതു യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും മനസില്‍ ഉണ്ടാകട്ടെ ഗ്രാമത്തില്‍ മഹിമയും മണവും ഇത്തിരി കൊന്ന പൂവും..'