- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാരത കത്തോലിക്ക സഭയ്ക്ക് ഇത് ചരിത്രനിമിഷം; ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് കര്‍ദിനാള്‍ പദവിയില്‍; മാര്‍പ്പാപ്പ സ്ഥാനിക ചിഹ്നങ്ങള്‍ അണിയിച്ചതോടെ സ്ഥാനാരോഹണം; വൈദികരില്‍ നിന്ന് ഒരാള്‍ നേരിട്ട് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയരുന്നത് ഇന്ത്യന്‍ സഭാ ചരിത്രത്തില്‍ ആദ്യം; അഭിമാന മുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രി
ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് കര്‍ദിനാള്‍ പദവിയില്‍;
വത്തിക്കാന്‍ സിറ്റി: ഭാരത കത്തോലിക്ക സഭയ്ക്ക് ഇന്ന് ഓര്‍മ്മയില്‍ കുറിച്ചുവയ്ക്കാവുന്ന ചരിത്ര ദിനം. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍, ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് കര്‍ദിനാളായി സ്ഥാനമേറ്റു. ഇന്ത്യന്‍ സഭാചരിത്രത്തിലാദ്യമായിട്ടാണ് വൈദികരില്‍ നിന്നും ഒരാളെ നേരിട്ട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത്.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് ഉള്‍പ്പെടെയുള്ള 21 പേരുടെ സ്ഥാനാരോഹണ ചടങ്ങിന് മുഖ്യ കാര്‍മികത്വം വഹിച്ചത്. പൗരോഹിത്യത്തിന്റെ 20ാം വര്‍ഷത്തിലാണ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് ഉന്നത പദവിയിലേക്ക് ഉയര്‍ത്തപെടുന്നത്.
സ്ഥാനാരോഹണ ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനിക ചിഹ്നങ്ങള്‍ അണിയിച്ചതോടെയാണ് മാര്‍ കൂവക്കാട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. ഇന്ത്യന്‍ സമയം രാത്രി 9.23-ന് ഇരുപതാമത്തെ ആളായാണ് മാര്‍ ജോര്‍ജ് കൂവക്കാടിനെ വിളിച്ചത്. ചുവന്ന വസ്ത്രത്തിന് പുറത്ത് കറുത്തവസ്ത്രം ധരിച്ചാണ് മാര്‍ ജോര്‍ജ് കൂവക്കാട് സ്ഥാനാരോഹണത്തിനെത്തിയത്. ദൈവത്തിന് എളിമയോടെ ഹൃദയം സമര്‍പ്പിക്കണമെന്നും മറ്റുള്ളവരെക്കുറിച്ച് കരുതല്‍ വേണമെന്നും പ്രതീക്ഷ നഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പാനുള്ള വഴിയാണ് നമ്മുടെ മുന്നിലുള്ളതെന്നും നിയുക്ത കര്‍ദിനാള്‍മാരോട് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു.
ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ കര്‍ദിനാള്‍ സ്ഥാനാരോഹണ ചടങ്ങ് ഇന്ത്യയ്ക്ക് അഭിമാന മുഹൂര്‍ത്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്കൊപ്പമുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സ്ഥാനാരോഹണ ചടങ്ങിനിടെ പ്രധാനമന്ത്രി എക്‌സില്‍ കുറിപ്പിട്ടത്.
പോപ് ഫ്രാന്‍സിസ് മാര്‍പ്പ ആര്‍ച്ച് ബിഷപ് ജോര്‍ജ് കൂവക്കാടിനെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത് ഇന്ത്യക്ക് തീര്‍ത്തും അഭിമാനകരമായ കാര്യമാണെന്ന് മോദി എക്‌സില്‍ കുറിച്ചു. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും വത്തിക്കാനിലെത്തിയിട്ടുണ്ടെന്നും ഇന്ത്യന്‍ സംഘം പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായും കൂടിക്കാഴ്ച നടത്തിയെന്നും മോദി എക്‌സില്‍ കുറിച്ചു.
മാര്‍പ്പാപ്പയുടെ ഔദ്യോഗിക ഉപദേശക സംഘാംഗം
കത്തോലിക്കാ സഭയിലെ രാജകുമാരന്‍മാരെന്നാണ് കര്‍ദ്ദിനാള്‍മാര്‍ അറിയപ്പെടുന്നത്. കത്തോലിക്കാസഭയിലെ പൗരോഹിത്യ ശ്രേണിയില്‍ മാര്‍പാപ്പ കഴിഞ്ഞാല്‍ ഒരു പുരോഹിതന് എത്താന്‍ കഴിയാവുന്ന ഏറ്റവും ഉയര്‍ന്ന സ്ഥാനമാണിത്. കര്‍ദ്ദിനാള്‍ തിരുസംഘത്തില്‍ അംഗമാകുന്നതോടെ മാര്‍പാപ്പയുടെ ഔദ്യോഗികമായ ഉപദേശക സംഘത്തിലാണ് മാര്‍.കൂവക്കാട് ഉള്‍പ്പെടുന്നത്.
സാധാരണഗതിയില്‍ മെത്രാന്മാരാണ് കത്തോലിക്കാ സഭയില്‍ കര്‍ദിനാള്‍മാരായി ഉയര്‍ത്തപ്പെടുക. മോണ്‍. ജോര്‍ജ് കൂവക്കാടിനെ വൈദിക പദവിയില്‍ നിന്ന് നേരിട്ട് കര്‍ദിനാളായി ഉയര്‍ത്തുകയായിരുന്നു. ഇന്ത്യയില്‍ നിന്നും നേരിട്ട് കര്‍ദിനാള്‍ പദവിയിലെത്തുന്ന ആദ്യ വൈദികനാണ് മാര്‍.ജോര്‍ജ് കൂവക്കാട്. കത്തോലിക്കാ സഭയുടെ നിയമമനുസരിച്ച് സാധാരണ ഒരു വിശ്വാസിക്ക് (അല്‍മായന്‍) മാര്‍പ്പാപ്പയോ കര്‍ദിനാളോ ആകുന്നതിന് തടസമൊന്നുമില്ല.
മാര്‍പ്പാപ്പമാരെ തിരഞ്ഞെടുക്കാന്‍ വോട്ടവകാശമുള്ളത് 80 വയസില്‍ താഴെ പ്രായമുള്ള കര്‍ദിനാള്‍മാര്‍ക്കാണ്. കാത്തലിക് എന്ന വാക്കിന്റെ അര്‍ത്ഥം യൂണിവേഴ്സല്‍ (എല്ലാവരെയും ഉള്‍ക്കൊള്ളുന്നത്). റോമന്‍ കത്തോലിക്കാ സഭയും വ്യക്തിഗത സ്വഭാവ വിശേഷമുള്ള 23 പൗരസ്ത്യ കത്തോലിക്കാ സഭകളും ചേരുന്നതാണ് ആഗോള കത്തോലിക്കാ സഭ.
നിര്‍ണായക കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ പോപ്പിന് കര്‍ദ്ദിനാള്‍ തിരുസംഘത്തെ കൂട്ടായോ, കര്‍ദ്ദിനാള്‍മാരെ ഒറ്റയ്‌ക്കോ വിളിക്കാം. കൂടാതെ കര്‍ദ്ദിനാള്‍മാര്‍ക്ക് രൂപതയുടേയോ അതിരൂപതയുടേയോ ചുമതലയുണ്ടാകും. അല്ലെങ്കില്‍ റോമില്‍ പോപ്പിന്റെ ഓഫീസായ കൂരിയയില്‍ ഏതെങ്കിലും വിഭാഗത്തിന്റെ ചുമതലക്കാരനായിരിക്കും. പോപ്പ് കാലം ചെയ്യുകയോ, സ്ഥാനത്യാഗം ചെയ്യുകയോ ചെയ്ത് ആ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വരുമ്പോള്‍ കര്‍ദ്ദിനാള്‍മാരാണ് പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നത്. പോപ്പിന്റെ സ്ഥാനം ഒഴിയുന്ന ദിവസം 80 വയസ്സ് തികയാത്ത കര്‍ദ്ദിനാള്‍മാര്‍ക്കാണ് വോട്ടവകാശമുള്ളത്. ബിഷപ്പിന്റെ വേഷവിധാനങ്ങളില്‍ നിന്ന് കര്‍ദ്ദിനാളിന്റെ വേഷത്തിന് വ്യത്യാസമുണ്ട്. കുപ്പായത്തിന് ചുവപ്പ് നിറമാണ്. കൂടാതെ പ്രത്യേക തരത്തിലുള്ള ചുവപ്പ് ആലങ്കാരിക തൊപ്പിയും ഉണ്ടാകും. 90 രാജ്യങ്ങളില്‍ നിന്നുള്ള 253 പേരടങ്ങുന്നതാണ് ഇപ്പോഴത്തെ കര്‍ദിനാള്‍ തിരുസംഘം. ഇതില്‍ മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ യോഗ്യരായ 80 വയസ്സിനു താഴെയുള്ളവര്‍ 140 ആണ്.
ഇറ്റലിക്കാരനായ 99 വയസ്സുള്ള ആഞ്ചലോ അച്ചേര്‍ബിയാണ് കര്‍ദ്ദിനാള്‍ സംഘത്തിലെ ഏറ്റവും പ്രായമുള്ളയാള്‍. 44 വയസ്സുമാത്രമുള്ള യുക്രേനിയക്കാരന്‍ മൈക്കോല ബെചോക്ക് ആണ് ഏറ്റവും പ്രായം കുറഞ്ഞ കര്‍ദ്ദിനാള്‍. വിജാഗിരി എന്നര്‍ഥമുളള കാര്‍ദോ എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് കര്‍ദ്ദിനാള്‍ എന്ന വാക്കുണ്ടായത്. യേശുവിലേക്കുളള സഭയുടെ കവാടമായ മാര്‍പാപ്പയുടെ ശുശ്രൂഷയിലുള്ള കര്‍ദ്ദിനാള്‍മാരുടെ പ്രാധാന്യമാണ് ഇത് സൂചിപ്പിക്കുന്നത്.
ചങ്ങനാശ്ശേരിക്കടുത്ത് മാമ്മൂട്ടില്‍ കൂവക്കാട് ജേക്കബ് വര്‍ഗീസ്, ത്രേസ്യാമ്മ ദമ്പതിമാരുടെ മകനാണ് മാര്‍ ജോര്‍ജ് കൂവക്കാട്. ചെത്തിപ്പുഴ ക്രിസ്തുജ്യോതി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചങ്ങനാശ്ശേരി സെയ്ന്റ് ബര്‍ക്കുമാന്‍സ് കോളേജില്‍നിന്ന് പ്രീഡിഗ്രിയും രസതന്ത്രത്തില്‍ ബിരുദവും നേടി.
കുറിച്ചി മൈനര്‍ സെമിനാരിയിലെ പരിശീലനത്തിനുശേഷം ആലുവ സെയ്ന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ തത്വശാസ്ത്രപഠനം, റോമിലെ ദേ സാപിയന്‍സേ യൂണിവേഴ്‌സിറ്റിയില്‍ ദൈവശാസ്ത്രപഠനം പൂര്‍ത്തിയാക്കി. 2004 ജൂലായ് 24-ന് മാര്‍ ജോസഫ് പൗവ്വത്തിലില്‍നിന്നും പൗരോഹിത്യം സ്വീകരിച്ചു. അതിരൂപതയുടെ തീര്‍ത്ഥാടനകേന്ദ്രമായ പാറേല്‍ സെയ്ന്റ് മേരീസ് പള്ളിയിലെ പൗരോഹിത്യശുശ്രൂഷയ്ക്കുശേഷം റോമില്‍ ഉപരിപഠനം. പൗരോഹിത്യത്തിന്റെ 20-ാം വര്‍ഷമാണ് കര്‍ദ്ദിനാള്‍ പദവിയിലേക്ക് എത്തുന്നത്. മലയാളത്തിന് പുറമെ സ്പാനിഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളിലും പ്രാവീണ്യം നേടിയിട്ടുണ്ട്.
2006-ല്‍ വത്തിക്കാനിലെ സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റിന്റെ ഡിപ്ലോമാറ്റിക് സര്‍വീസില്‍ ചേര്‍ന്നു. അള്‍ജീറിയ, സൗത്ത് കൊറിയ, ഇറാന്‍, കോസ്റ്റാറിക്ക, വെനസ്വേല തുടങ്ങിയ നൂണ്‍ഷ്യേച്ചറുകളിലെ സേവനത്തിനുശേഷം 2020-ല്‍ വത്തിക്കാനില്‍ തിരിച്ചെത്തി. സെക്രട്ടേറിയറ്റ് ഓഫ് സ്റ്റേറ്റില്‍ ജോലി ആരംഭിച്ചു. 2021-മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അന്താരാഷ്ട്രയാത്രകളുടെ ചുമതല നിര്‍വഹിക്കുന്നു. ഒക്ടോബര്‍ ആറിന് മധ്യാഹ്നപ്രാര്‍ഥനയ്ക്കിടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ, ജോര്‍ജ് കൂവക്കാടിനെ കര്‍ദ്ദിനാളായി പ്രഖ്യാപിച്ചത്.
നേരിട്ട് കര്‍ദ്ദിനാളായി ഉയര്‍ത്തപ്പെട്ട ജോര്‍ജ് ജേക്കബ്ബ് കൂവക്കാടിനെ, ഔദ്യോഗിക സ്ഥാനാരോഹണത്തിന് മുന്നോടിയായി നവംബര്‍ 25 ന് ആര്‍ച്ച് ബിഷപ്പായി പ്രഖ്യാപിച്ചു. പുരാതന പൗരസ്ത്യ സുറിയാനി സഭാ കേന്ദ്രമായിരുന്ന നിസിബിസിലുണ്ടായിരുന്ന കല്‍ദായ കത്തോലിക്കാ രൂപതയുടെ സ്ഥാനിക ആര്‍ച്ച് ബിഷപ്പ് സ്ഥാനമാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്.
റോമന്‍ കത്തോലിക്കാ സഭ (ലത്തീന്‍)യും വ്യക്തിഗത സ്വഭാവ വിശേഷമുള്ള 23 പൗരസ്ത്യ കത്തോലിക്കാ സഭകളും ചേരുന്നതാണ് ആഗോള കത്തോലിക്കാ സഭ. ഇതിലെ രണ്ടു പൗരസ്ത്യ സഭകളാണ് കേരളത്തില്‍ നിന്നുള്ള സിറോ മലബാര്‍ സഭയും സിറോ മലങ്കര സഭയും. സിറോ മലബാര്‍ സഭയുടെ മുന്‍ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സിറോ മലങ്കര സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ ക്ലീമീസുമാണ് കേരളത്തില്‍ നിന്നുള്ള ഇപ്പോഴത്തെ കര്‍ദിനാള്‍മാര്‍. അവരുടെ നിരയിലേക്കാണ് ഇപ്പോള്‍ മാര്‍.ജോര്‍ജ് കൂവക്കാട്ടും ഉയരുന്നത്.