- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എടോ തെമ്മാടി..; ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാളില്ല...!!'; സൈബർ പേജുകൾ തുറന്ന ആൾക്കാരുടെ ചെവി പൊട്ടി; ബിഷപ്പ് പാംപ്ലാനിയെ അധിക്ഷേപിച്ച് തോമസ് ഐസക്കിന്റെ മുന് സെക്രട്ടറി; അതേ നാണയത്തില് തിരിച്ചടിക്കുന്ന അതിരൂപതയും; സഭയും സിപിഎമ്മും തമ്മിലുള്ള പോര് മറ്റൊരു രീതിയിലേക്ക് വഴിമാറുമ്പോൾ
തലശ്ശേരി: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയും തമ്മിലുള്ള വാക്പോര് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് വഴിമാറുന്നു. സി.പി.എം സൈബർ വിഭാഗങ്ങൾ വിഷയം ഏറ്റെടുത്തതോടെയാണ് പ്രതികരണങ്ങളിൽ കടുത്ത ഭാഷ ഉപയോഗിച്ചു തുടങ്ങിയത്. മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന ഗോപകുമാർ മുകുന്ദൻ, ആർച്ച് ബിഷപ്പിനെ "തെമ്മാടി" എന്ന് സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.
ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അഭിനന്ദിച്ചതിനെത്തുടർന്നാണ് എം.വി. ഗോവിന്ദൻ മാർ പാംപ്ലാനിയെ "അവസരവാദി" എന്ന് വിശേഷിപ്പിച്ചത്. ഇതിനെ തുടർന്ന്, ഐസക്കിന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കൂടിയായ ഗോപകുമാർ മുകുന്ദൻ ഉൾപ്പെടെയുള്ള സി.പി.എം അനുഭാവികൾ കടുത്ത ഭാഷയിൽ സൈബർ ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നു.
"ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാളില്ല" എന്നായിരുന്നു എം.വി. ഗോവിന്ദൻ മാർ പാംപ്ലാനിക്കെതിരെ ഉന്നയിച്ച വിമർശനം. ഇതിന് അതേ നാണയത്തിൽ തലശ്ശേരി അതിരൂപതയും മറുപടി നൽകിയിരുന്നു. "അവസരവാദം ആപ്തവാക്യമാക്കി സ്വീകരിച്ചയാളാണ് ഗോവിന്ദൻ" എന്നായിരുന്നു അതിരൂപതയുടെ പ്രതികരണം. ഈ വാക്പോര് മുറുകിയതോടെയാണ് സി.പി.എം നേതാക്കൾ പരസ്യ പ്രതികരണങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി സൈബർ ആക്രമണങ്ങളിലേക്ക് തിരിഞ്ഞത്.
ഗോപകുമാർ മുകുന്ദൻ, മാർ പാംപ്ലാനിയെ "എടോ തെമ്മാടി" എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ഫേസ്ബുക്കിൽ അധിക്ഷേപകരമായ കുറിപ്പ് പോസ്റ്റ് ചെയ്തത്. "നീണ്ട വെള്ളപ്പാവാടയിട്ട പൗരോഹിത്യ ജീർണ്ണതയ്ക്ക് രാഷ്ട്രീയ വ്യക്തിത്വം മനസ്സിലാക്കാൻ കഴിയില്ല, നിനക്കൊക്കെ ചേരുന്നത് ബജ്രംഗ്ദൾ ആണ്" എന്നും കുറിപ്പിൽ പറയുന്നു. ദശാബ്ദങ്ങൾ നീണ്ട രാഷ്ട്രീയ പ്രവർത്തനത്തിലൂടെ എം.വി. ഗോവിന്ദൻ നേടിയെടുത്ത സാമൂഹിക മൂലധനത്തെ പാംപ്ലാനിക്ക് മനസ്സിലാക്കാൻ കഴിയില്ലെന്നും ഗോപകുമാർ തന്റെ കുറിപ്പിൽ അധിക്ഷേപിക്കുന്നുണ്ട്.
അതേസമയം, കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ വിമർശിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കേരള കത്തോലിക്കാ കോൺഗ്രസ് രംഗത്തെത്തി. എം.വി. ഗോവിന്ദന്റേത് വീണ്ടുവിചാരമില്ലാത്ത പ്രസ്താവനയാണെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ കുറ്റപ്പെടുത്തി. കോടിയേരി ബാലകൃഷ്ണൻ ഒക്കെ ഇരുന്ന പദവിയിലാണ് ഇരിക്കുന്നതെന്ന് എം.വി. ഗോവിന്ദൻ മറക്കരുത്. പ്രസ്‌താവന തിരുത്തണോയെന്ന് എം.വി ഗോവിന്ദൻ തീരുമാനിക്കട്ടെ. മൂന്നാം പിണറായി സർക്കാർ വരണോ എന്ന് അവർ ആലോചിക്കണം. പാർട്ടി സെക്രട്ടറിയെ മുഖ്യമന്ത്രി തന്നെ നേരത്തെ ശാസിച്ചു. ഗോവിന്ദൻ മാഷ് ഗോവിന്ദ ചാമിയെ പോലെ സംസാരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷ വിമർശനമാണ് എം.വി. ഗോവിന്ദൻ ഉന്നയിച്ചത്. ബിഷപ്പ് പാംപ്ലാനി അവസരവാദിയാണെന്ന് പറഞ്ഞ അദ്ദേഹം ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോൾ ബി.ജെ.പിക്കെതിരെ പറഞ്ഞ പാംപ്ലാനി, ജാമ്യം കിട്ടിയപ്പോൾ അമിത് ഷായെ സ്തുതിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരായാണ് കത്തോലിക്ക കോൺഗ്രസിന്‍റെ പ്രതികരണം.
നേരത്തെ തലശേരി അതിരൂപത തന്നെ എം.വി. ഗോവിന്ദനെതിരെ രംഗത്തുവന്നിരുന്നു. എം.വി ഗോവിന്ദന്റെ പരാമർശം ഫാഷിസ്റ്റ് ശക്തികളുടേതിന് സമാനമെന്നാണ് തലശ്ശേരി അതിരൂപത കുറ്റപ്പെടുത്തിയത്. എ.കെ.ജി സെൻററിൽനിന്നും തീട്ടൂരം വാങ്ങിയതിനു ശേഷം മാത്രമേ കത്തോലിക്കാ സഭയിലെ മെത്രാന്മാർ പ്രസ്താവന നടത്താൻ പാടുള്ളൂ എന്ന സമീപനം ഉള്ളിൽ ഒളിപ്പിച്ചുവെച്ച ഫാസിസത്തിൻറെ മറ്റൊരു മുഖമാണ്. ഛത്തീസ്ഗഡ് വിഷയത്തിൽ കേന്ദ്രസർക്കാരിൻറെയും സംഘപരിവാർ സംഘടനകളുടെയും ഭരണഘടനാ വിരുദ്ധമായ നിലപാടുകളെ ശക്തിയുക്തം എതിർത്ത മാർ ജോസഫ് പാംപ്ലാനി നിലപാടുകളിൽ മാറ്റം വരുത്തി എന്ന രീതിയിലുള്ള വ്യാഖ്യാനം ശരിയല്ല എന്നും പ്രസ്താവനയിൽ പറഞ്ഞു.