തലശേരി: റബ്ബറിന് 300 രൂപ വില ആക്കിയാൽ ബിജെപിയെ സഹായിക്കാമെന്ന തലശേരി അതിരൂപത ആർച്ചബിഷപ്പ് മാർ ജോസഫ് പാംപ്‌ളാനിയുടെ പ്രസംഗത്തെ ചൊല്ലി വിവാദം ചൂടുപിടിച്ചിരിക്കുകയാണ്. വാദ-പ്രതിവാദങ്ങൾക്കിടെ, തലശ്ശേരി ആർച്ച് ബിഷപ്പ്  ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രവും പുറത്ത് വന്നു. ബിഷപ്പുമായി കഴിഞ്ഞ ചൊവ്വാഴ്ച കൂടിക്കാഴ്ച നടന്നതായി ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് സ്ഥിരീകരിച്ചു. കൂടിക്കാഴ്ചക്ക് പിന്നാലെയായിരുന്നു ബിഷപ്പിന്റെ വിവാദ പ്രസ്താവന. റബ്ബറിന്റെ വിലയിടിവ് സംബന്ധിച്ച ആകാംക്ഷ കൂടിക്കാഴ്ചയിൽ ബിഷപ്പ് പങ്കുവെച്ചതായും ബിജെപി നേതാക്കൾ പറഞ്ഞിരുന്നു.

മലയോര കർഷകരുടെ ബുദ്ധിമുട്ടുകളാണ് താൻ തുറന്നുപറഞ്ഞതെന്ന് ബിഷപ്പ് പറയുന്നു. റബ്ബർ ഇറക്കുമതിയുടെ കാര്യത്തിലടക്കം തീരുമാനം എടുക്കേണ്ടത് കേന്ദ്രസർക്കാരായതുകൊണ്ടാണ് ബിജെപിയെ പ്രസംഗത്തിൽ പരാമർശിച്ചതെന്നും ബിഷപ്പ് വിശദീകരിക്കുന്നു. എന്നാൽ, തലശേരി രൂപതയുടെ കീഴിൽ വരുന്ന കർണാടക മേഖലയിൽ മൂന്ന് ബിജെപി എംപിമാർ ഉണ്ടായിട്ടും, അവർ റബ്ബർ വില ഉയർത്താൻ ഒന്നും ചെയ്യാത്തത് എന്തുകൊണ്ടെന്ന് വിമർശകർ ചോദിക്കുന്നു.

കേരളവും തമിഴ്‌നാടുമാണ് രാജ്യത്തെ സ്വാഭാവിക പ്രകൃതിദത്ത റബർ പ്ലാന്റേഷന്റെ പരമ്പരാഗത പ്രദേശങ്ങൾ. പാരമ്പര്യേതര പ്രദേശങ്ങളിൽ പ്രാഥമികമായി ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളും കർണാടക, മഹാരാഷ്ട്ര, ഗോവ, ഒഡീഷ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളും ഉൾപ്പെടുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വാഭാവിക റബർ ഉൽപാദിപ്പിക്കുന്നത് കേരളത്തിലാണ്. ത്രിപുര, കർണാടക, അസം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ തൊട്ടു പിന്നിലുണ്ട്. കർണാടകയിൽ റബർ ഉത്പാദനം ഏറെയുള്ളത് ദക്ഷിണ കന്നട, ചിക്കമംഗളൂരു, കുടക് ജില്ലകളിലാണ്.

ദക്ഷിണ കന്നട, ചിക്കമംഗളുരു, കുടക് ഉൾപ്പെടുന്ന മൈസുരു മണ്ഡലങ്ങൾ തലശേരി രൂപതയുടെ കീഴിലാണ്. റബ്ബർ മേഖലയായ ഇവിടുത്തെ മലയാളികളിൽ മിക്കവാറും പേർ കർണാടകയിലെ വോട്ടർമാരാണ്. കേരളത്തിൽ നിന്നുള്ള കുടിയേറ്റ കർഷകർ കൂടി ഉൾപ്പെടുന്ന വോട്ടർമാരാണ് ദക്ഷിണ കന്നടയിലെ നളിൻ കുമാർ കട്ടീലിനെ വൻഭൂരിപക്ഷത്തിൽ ജയിപ്പിച്ചുവിട്ടത്. 2.75 ലക്ഷത്തിന്റെ ഭൂരിപക്ഷം. ചിക്കമംഗളൂരു-ഉടുപ്പി മണ്ഡലത്തിൽ നിന്നും ജയിച്ച് കേന്ദ്രമന്ത്രിയായ ശോഭ കരന്ത്‌ലജെയുടെ ഭൂരിപക്ഷം 3.50 ലക്ഷം വോട്ടുകളായിരുന്നു. കുടക് ഉൾപ്പെടുന്ന മൈസുരുവിൽ പ്രതാപ് സിംഹയും രണ്ടാംവട്ടം ഭൂരിപക്ഷം മോശമാക്കിയില്ല. രണ്ട് ബിജെപി എംപിമാരും, ഒരു കേന്ദ്രമന്ത്രിയും ഉണ്ടായിട്ടും റബർ വില മേൽപ്പോട്ടല്ല, കീഴ്‌പ്പോട്ടാണ്. അതുകൊണ്ട് തന്നെ ബിജെപിക്ക് കേരളത്തിൽ എംപിയെ വാഗ്ദാനം ചെയ്യാൻ തലശേരി അതിരൂപത ബിഷപ്പ് മാർ ജോസഫ് പാംപ്‌ളാനി ആവേശഭരിതനായതിന് പിന്നിലെ യുക്തിയാണ് വിമർശകർ ചോദ്യം ചെയ്യുന്നത്.

അതിനിടെ കെസിബിസിയുടെ വക്താവ് ഫാദർ ജേക്കബ് ജി പാലക്കാപ്പിള്ളി തലശേരി ബിഷപ്പിനെ പിന്തുണച്ച് രംഗത്തെത്തി. കേരളത്തിലെ റബർ കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിക്കാനാണ് ആർച്ച് ബിഷപ്പ് ശ്രമിച്ചത് എന്നാണ് കെസിബിസി വക്താവിന്റെ വിശദീകരണം. 'കേരളത്തിലെ റബർ കർഷകർ നേരിടുന്ന പ്രശ്‌നങ്ങളോട് കേരളാ കോൺഗ്രസും ഇടതു-വലത് മുന്നണികളും ഒരുപോലെ മുഖം തിരിച്ച് നിൽക്കുകയാണ്' ഫാദർ പാലക്കാപ്പിള്ളി പറഞ്ഞു. ഈസ്റ്ററിന് ശേഷം റബർ വില ഉയർത്താൻ പല സമരങ്ങളും സഭ ആലോചിക്കുന്നതായും വക്താവ് പറഞ്ഞു.