- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കോഴികൾ പുഴുവരിക്കാതിരിക്കാൻ കെമിക്കൽ കുത്തിവെക്കുന്നുണ്ട്; 60 ദിവസത്തിനുള്ളിൽ മാർക്കറ്റിൽ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഫോർമാൽഡിഹൈഡ് നിറയ്ക്കും; ആർത്തിയോടെ നിങ്ങൾ കഴിക്കുന്നത് മാരകവിഷമാണ്'; ബ്രോയിലർ കോഴികളിൽ സത്യത്തിൽ എന്താണ് കുത്തിവെക്കുന്നത്; വാട്സാപ്പിൽ ഭീതി പരത്തുന്ന വീഡിയോയുടെ യാഥാർഥ്യമെന്ത്?
കോഴിക്കോട്: ആരോഗ്യകാര്യങ്ങളിലടക്കം മലയാളി ഇപ്പോൾ സകലകാര്യങ്ങളിലും ആശ്രയിക്കുന്ന ഒന്നാണ് വാട്സാപ്പ്. വാട്സാപ്പ് യൂണിവേഴ്സിറ്റിയെന്നും വിജ്ഞാനകോശമെന്നുമൊക്കെ ട്രോളുകൾ ഉണ്ടാകാറുണ്ടെങ്കിലും, ഹെൽത്ത് ടിപ്പ്സ് എന്ന പേരിൽ വാട്്സാപ്പിൽ പ്രചരിക്കുന്ന കാര്യങ്ങൾക്ക് സാധാരണക്കാരുടെ ഇടയിൽ വലിയ സ്വീകാര്യതയാണ് കിട്ടുന്നത്. പലപ്പോഴും അനാവശ്യഭീതിയും ആശങ്കയും ഉണ്ടാക്കാനും, ഈ വാട്സാപ്പ് പ്രചാരണം മൂലം കഴിയുന്നുണ്ട്. അതുപോലെ ഇപ്പോൾ ഫാമിലി വാട്സാപ്പ് ഗ്രൂപ്പുകളിൽ വൈറൽ ആയിരിക്കുന്ന ഒരു വീഡിയോ ആണ് കേരളത്തിലെ ബ്രോയിലർ കോഴികളെക്കുറിച്ചുള്ളത്. ഇതിൽ വൻ തോതിൽ കെമിക്കലുകൾ കുത്തിവെക്കുകയാണെന്നും അതുമൂലം കിഡ്നിക്കും, കരളിനും, മസ്തിഷ്‌ക്കത്തിനും ഗുരുതര രോഗങ്ങൾ ഉണ്ടാവുന്നുമെന്നുമാണ്, വീഡിയോയിലെ കണ്ടെത്തൽ. എന്തോ ഒരു 'കെമിക്കൽ' കോഴിയിൽ കുത്തിവെക്കുന്നതായും വീഡിയോയിൽ കാണാം. ഇതോടെ സാധാരണക്കാരിൽ ഭീതി വർധിക്കയാണ്.
വീഡിയോയിൽ പറയുന്നത് ഇങ്ങനെയാണ്. 'കോഴി, പുഴുവരിക്കാതിരിക്കാൻ മറ്റൊരു കെമിക്കൽ, ഇങ്ങനെ പോവുന്നു രീതികൾ. കോഴികളിൽ പ്രവർത്തിക്കുന്ന ഹോർമോണുകളും രാസവസ്തുക്കളും ഇറച്ചി വേവിച്ചാലും നശിക്കുന്നില്ല. ഇത് നേരെ വയറ്റിലേക്ക് ചെന്നാൽ ശരീരം ആദ്യം വലിച്ചെടുക്കുന്നത്, ഇത്തരം മാരക, രാസവസ്തുക്കൾ തന്നെയാണ് എന്ന് വിദഗ്ദ്ധർ പറയുന്നു. കിഡ്നി, കരൾ, തലച്ചോറ് എന്നിവയെ നശിപ്പിക്കുന്ന കാര്യത്തിൽ, ഒരു സംശയവും വേണ്ട. നാൽപ്പത് ദിവസം കൊണ്ട്, രണ്ടരക്കിലോക്ക് മുകളിൽ തൂക്കം വരുന്ന കോഴിക്കുഞ്ഞുങ്ങൾ, അറുപത് ദിവസം കഴിഞ്ഞാൽ ചത്തുപോവുകയാണ് പതിവ്. അതിനിടക്ക് മാർക്കറ്റുകളിൽ, എത്തിക്കാൻ കഴിയാതിരുന്നാൽ ഫോർമാൽഡിഹൈഡ് നിറച്ച്, ഹോട്ടലുകളിലും മാർക്കറ്റുകളിലും എത്തിക്കുന്നു. ഹോട്ടലുകളിൽ ഇറച്ചിയുടെ ഗുണനിലവാരമോ, അവസ്ഥയോ ഒന്നും ആർക്കും തിരിച്ചറിയാൻ സാധിക്കുന്നില്ല. കറിയായി മേശകളിൽ എത്തുമ്പോൾ, ആർത്തിയോടെ കഴിക്കുന്നത് മാരകവിഷവും, അതേ തുടർന്ന് നമ്മെ കാത്തിരിക്കുന്നത് മാരകമായ രോഗങ്ങളുമാണെന്ന് ഓർക്കുക. ''- ഇങ്ങനെയാണ് ആ വീഡിയോ അവസാനിക്കുന്നത്.
കുത്തിവെക്കുന്നത് പച്ചവെള്ളം
എന്നാൽ ഈ വീഡിയോയയിൽ പറയുന്ന കാര്യങ്ങൾ പൂർണ്ണമായും അസത്യമാണെന്നും തീർത്തും സുരക്ഷിതമാണ് ബ്രോയിലർ കോഴി എന്നുമാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. ബ്രോയിലർ കോഴികൾ കാൻസർ ഉണ്ടാക്കുമെന്നും മറ്റുള്ള യാതൊരു പഠനങ്ങളും നിലവിലില്ല. ഇന്ത്യയുടെ നുറിരിട്ടി ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുന്ന അമേരിക്കയും യൂറോപ്യൻ യൂണിയനിലുമൊക്കെ ബ്രോയിലർ കോഴികൾ കോടിക്കണക്കിനാണ് ചെലവാകുന്നത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായ ഗൾഫ് രാജ്യങ്ങളിലും ഇതിന് വിലക്കില്ല. എന്നാലും ഭീതി വ്യാപാരികൾ തള്ളി മറക്കുന്നത് പല രാജ്യങ്ങളിലും ബ്രോയിലർ കോഴിക്ക് വിലക്ക് ഉണ്ട് എന്നാണ്. 'അതുപോലെ തന്നെ സിറ്റ്റോയിഡുകൾ ബ്രോയിലർ കോഴികളിൽ കുത്തിവെക്കുന്നുവെന്ന പ്രചാരണവും തെറ്റാണ്. കാരണം വലിയ വില കൊടുക്കേണ്ടവയാണ് സ്റ്റിറോയിഡുകൾ. അവ കുത്തിവച്ചാൽ ഒരിക്കലും വില മുതലാവില്ല. പക്ഷേ പ്രാദേശിക വ്യാപാരികൾ തൂക്കം വർധിപ്പിക്കാനായി, പച്ചവെള്ളം കുത്തിവെക്കുന്ന ഒരു രീതിയുണ്ട്. അതാണ് ഹോർമോൺ കുത്തിവെക്കുന്നുവെന്ന രീതിയിൽ പ്രചരിക്കുന്നുത്.''- വെറ്റനറി ഡോക്ടറും, ആരോഗ്യവിദഗ്ധനുമായ ഡോ അരവിന്ദ് ആനന്ദൻ ചൂണ്ടിക്കാട്ടുന്നു. ഫോർമാൽഡിഹെഡ് എന്നാൽ ശവം വരെ ഇട്ടുവെക്കുന്ന രൂക്ഷ ഗന്ധമുള്ള ഫോർമുലിൻ ആണ്. ഇത് ഒരിക്കലും കുത്തിവെക്കാൻ എടുക്കാറില്ല. കാരണം അതിന്റെ രൂക്ഷ ഗന്ധം കൊണ്ട് നിമിഷങ്ങൾ കൊണ്ട് തിരിച്ചറിയപ്പെടും എന്നത് തന്നെ.
ഇതേക്കുറിച്ച് ശാസ്ത്രപ്രചാരകനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ ലൈഫ് വിൻ സുരേന്ദ്രൻ ഇങ്ങനെ എഴുതുന്നു. 'ഈ വാട്സാപ്പ് യൂണിവേഴ്സറ്റിക്കാരൻ പറയുന്നത് ശരിയാണെന്ന് കരുതുന്നവരാണ് ഏതാണ്ട് എല്ലാ സാധാരണക്കാരും. എന്നാൽ ഇയാൾ ചെയ്യുന്നത് ഒരുതരം ഭീതി വ്യാപാരമാണ് എന്ന് മനസ്സിലാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ പരിശോധിച്ചാൽ മതിയാകും.
ഇയാളുടെ വാദം ശരിയാണെങ്കിൽ എന്തുകൊണ്ട് നാടൻ കോഴികൾക്ക് ഹോർമോൺ നൽകി 40 ദിവസംകൊണ്ട് അഞ്ചു പൗണ്ട് ഭാരം വെപ്പിക്കാൻ കഴിയുന്നില്ല..? ഭക്ഷ്യ വസ്തുക്കളിൽ സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്. പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ ആന്റിബയോട്ടിക്കുകൾ പോലും ലഭിക്കില്ല എന്നിരിക്കെ ഇത്ര കർശനമായി നിയമം പാലിക്കപ്പെടുന്ന വിദേശ രാജ്യങ്ങളിൽ കൃത്യമായി നിയമവിരുദ്ധമായ ഹോർമോൺ കുത്തിവച്ചുകൊണ്ട് ഇത്രയും വിപുലമായ രീതിയിൽ കോഴികളെ വളർത്തുവാനും വിപണനം നടത്തുവാനും സാധിക്കില്ല.
ഗ്രോത്ത് ഹോർമോണുകളുടെയും സ്റ്റീറോയിഡുകളുടെയും വിലയെക്കുറിച്ച് ധാരണ ഇല്ലാത്തതാണ് മറ്റൊരു പ്രശ്നം. ഹോർമോൺ നൽകി വളർത്തിയാൽ തന്നെ അങ്ങനെയുള്ള ഒരു കോഴിയെ വാങ്ങാൻ ആടിന്റെ വില നൽകേണ്ടിവരും. ലോകത്തിലെ എല്ലാ കായികതാരങ്ങളും കഴിക്കുന്നത് താരതമ്യേന കൊഴുപ്പ് കുറഞ്ഞ ബ്രൊയ്ലർ കോഴിയിറച്ചിയാണ്. ഡോപിങ് ടെസ്റ്റിൽ ആറ് മാസം മുൻപ് കഴിച്ച സ്റ്റിറോയ്ഡ്കളും അനുവദനീയമായ അളവിൽ കൂടുതലുള്ള ഹോർമോണുകളും പിടിക്കപ്പെടും. അപ്പോൾ ഇയാൾ പറയുന്ന പോലെ കോഴിയുടെ ശരീരത്തിൽ നിന്നും ഈ തന്മാത്രകൾ മനുഷ്യ ശരീരത്തിൽ എത്തുന്നുണ്ടെങ്കിൽ വെജിറ്റേറിയൻ അല്ലാത്ത ഒരു കായികതാരത്തിനും അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല. ഇയാളുടെ അറിവില്ലായ്മയും അതിലുപരി ദുരുദ്ദേശവും മനസ്സിലായെങ്കിൽ പിന്നെ എങ്ങനെയാണ് 40 ദിവസം കൊണ്ട് ബ്രോയിലർ കോഴികൾ 5 പൗണ്ടോളം ഭാരം വെക്കുന്നത് എന്ന് പരിശോധിക്കാം.
ഇന്ന് നാം ഉപയോഗിക്കുന്ന കൂടിയ വിളവ് നൽകുന്ന കുരുമുളക് ,തെങ്ങ്, കവുങ്, നെല്ല്, പഴവർഗ്ഗങ്ങൾ തുടങ്ങിയ പലയിനം വിളകളും, നായ ,പശു, തുടങ്ങിയ വളർത്ത് മൃഗങ്ങളും ഒക്കെ നാം അറിഞ്ഞോ അറിയാതെയൊ ആർട്ടിഫിഷ്യൽ ഇവലൂഷൻ വഴി വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് ഇനങ്ങളാണ്. തലമുറകളായി വലിപ്പവും ഗുണവുമുള്ള ചെടികളിൽ നിന്ന് മാത്രം വിത്ത് ശേഖരിക്കുകയും മികച്ച ഇനം മൃഗങ്ങളെ മാത്രം ഇണചേരാൻ അനുവദിക്കുകയും ക്രോസ് ബ്രീഡ് ചെയ്തുമൊക്കെയാണ് നാം അറിയാതെ സസ്യങ്ങളുടെയും ജന്തുക്കളുടെയും പരിണാമത്തിൽ ഇടപെട്ടുപോരുന്നത്.''- സുരേന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.
എന്താണ് ബ്രോയിലർ കോഴികൾ?
1920 ൽ അമേരിക്കയിലെ ഡെലവെയർ സെ വിൽമർ സ്റ്റീൽ എന്ന വീട്ടമ്മയാണ് ആദ്യമായി കോർണിഷ് ആൻഡ് വൈററ് റോക്ക്, എന്ന രണ്ട് ഇനം കോഴികളെ ക്രോസ് ബ്രീഡ് ചെയ്യിച്ച് ആഴ്‌ച്ചകൾ കൊണ്ട് ഭാരം വെക്കുന്ന ഇറച്ചിക്കോഴികളെ ഉൽപ്പാദിപ്പിച്ചത്. എന്നാൽ നാം കരുതുന്നത് പോലെ അന്നത്തെ ബ്രോയ്ലർ കോഴികൾ ഇന്നത്തെ പോലെ അഞ്ച് അഴ്ച കൊണ്ട് അഞ്ച് പൗണ്ട് തൂക്കം വെക്കുമായിരുന്നില്ല. അവയിൽ നിന്നും കൂടുതൽ ഭാരം വെക്കുന്ന പൂവനെയും പിടയെയും തിരഞ്ഞെടുത്ത് വീണ്ടും വീണ്ടും അനേകായിരം തലമുറകൾ സെലക്റ്റീവ് ആൻഡ് ക്രോസ് ബ്രീഡിങ്ങ് നടത്തിയാണ് ഇന്നത്തെ ബ്രോയ്‌ലർ ഇറച്ചിക്കോഴികൾ ഉണ്ടായത്.
കാനഡയിലെ ആൽബെർട്ട സർവകലാശാലയിലെ ഗവേഷകർ 50 വർഷത്തിനുള്ളിൽ കോഴികളുടെ വലിപ്പത്തിൽ ഉണ്ടാക്കിയെടുത്ത മാറ്റത്തിന്റെ ഫോട്ടോ കാണുക. വ്യത്യസ്ത കാലഘട്ടങ്ങളിൽ ഈ മൂന്ന് ഇനം കോഴികളെ ഒരേ രീതിയിൽ വളർത്തുകയും അവ എത്രമാത്രം തിന്നുവെന്നും അവ എങ്ങനെ വളർന്നുവെന്നും അളന്നുകൊണ്ട് ഹോർമോണോ ആന്റിബയോട്ടിക് പോലുള്ള മറ്റ് ഘടകങ്ങളുടെ സ്വാധീനമോ ഇല്ലാതെ ജനിതക വ്യത്യാസങ്ങൾ കൊണ്ട് മാത്രമാണ് ഈ മാറ്റം ഉണ്ടാക്കിയെടുത്തത്. ഇതിന്റെ റിസേർച്ച് ഫലങ്ങൾ പൗൾട്രി സയൻസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സുരേന്ദ്രൻ തന്റെ പോസ്റ്റിൽ ഇങ്ങനെ പറയുന്നു. 'ഇനി എന്താണ് ഈ വിഡിയോയിൽ കോഴി ഇറച്ചിയിൽ കുത്തിവെക്കുന്നത് എന്ന് അറിയണ്ടേ. പ്രത്യേകിച്ച് ഒന്നുമില്ല, നമ്മൾ പാലിൽ വെള്ളം ചേർക്കുന്നതുപോലെ ഭാരം കൂട്ടാനായി വെള്ളം കുത്തിവെക്കുകയാണ്. സായിപ്പന്മാർ നൂറ് വർഷം പാടുപെട്ട് സെലക്റ്റീവ് ആൻഡ് ക്രോസ് ബ്രീഡിങ്ങ് നടത്തി കോഴികളുടെ ഭാരം വർദ്ധിപ്പിച്ചപ്പോൾ ഇന്ത്യക്കാർ മിനിറ്റുകൾ കൊണ്ട് വെള്ളം കുത്തിവെച്ച് ഭാരം കൂട്ടുന്നു.
ലൈവ് ചിക്കൻ അല്ലാതെ ഇറച്ചിയായി വിൽക്കുന്നവരും ഫ്രോസൻ ചിക്കനിലുമാണ് ഇത് ചെയ്യുന്നത്. തൂക്കത്തിൽ നാം വഞ്ചിക്കപ്പെടുന്നു എന്നല്ലാതെ ആരോഗ്യപരമായി അതുകൊണ്ട് പ്രശ്നമൊന്നും ഉണ്ടാകുന്നില്ല.''- ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്. ഇതേ തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയും പുരോഗമിക്കുന്നുണ്ട്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ