ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീനയിലെ ഒരു തടാകത്തില്‍ സ്ഥിതി ചെയ്യുന്ന ചെറിയൊരു ദ്വീപ് എക്കാലത്തും ശാസ്ത്രജ്ഞരെ അമ്പരപ്പിക്കുന്ന ഒരു പ്രതിഭാസമാണ്. ദി ഐ എന്നറിയപ്പെടുന്ന ഈ ദ്വീപ് വൃത്താകൃതിയിലാണ് സ്ഥിതി ചെയ്യുന്നത്. നിറയെ പച്ചപ്പ് നിറഞ്ഞ സസ്യജാലങ്ങള്‍ കൊണ്ട് സമൃദ്ധമായ ഈ ഭൂവിഭാഗം തടാകത്തിലൂടെ ഒഴുകി നടക്കുകയാണ്. തടാകത്തിനടിയിലുള്ള ഏതെങ്കിലും അന്യഗ്രഹ ജീവികളുടെ ആവാസ വ്യവസ്ഥയുടെ ഒരു ഭാഗമാണോ ഈ ദ്വീപെന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു.

ഈ പ്രദേശം സന്ദര്‍ശിച്ചിട്ടുള്ളവര്‍ പറയുന്നത് കൃത്യമായ വൃത്താകൃതിയിലാണ് ഈ ചെറുദ്വീപ് സ്ഥിതി ചെയ്യുന്നത് എന്നാണ്. തടാകത്തിന് പിന്നിലെ ദുരൂഹതകള്‍ കണ്ടെത്താനായി പ്രശസ്ത അര്‍ജന്റീനിയന്‍ ഡോക്യുമെന്ററി സംവിധായകനായ സെര്‍ജിയോ നൂസ്പില്ലര്‍ ഒരിക്കല്‍ ഇതിന് മുകളിലൂടെ വിമാനത്തില്‍ സഞ്ചരിച്ചിരുന്നു. തുടര്‍ന്ന് ദ്വീപിലേക്ക് അദ്ദേഹം നേരിട്ട് എത്തിയിരുന്നു. ചുറ്റിനും നടന്നു കണ്ട അദ്ദേഹം പിന്നീട് പറഞ്ഞത് ആകാശത്ത് നിന്ന് കാണുന്നത് പോലെ കൃത്യമായ വൃത്താകൃതിയില്‍ തന്നെയാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നതെന്നാണ്.

തടാകത്തിലെ വെള്ളം കറുത്ത നിറത്തിലാണ് ദൂരെ നിന്ന് നോക്കുമ്പോള്‍ കാണപ്പെടുന്നത് എങ്കിലും അടുത്ത് എത്തുമ്പോള്‍ തെളിഞ്ഞ വെള്ളമായിട്ടാണ് കാണപ്പെടുന്നത് എന്നാണ്. ഇത് വളരെ വിചിത്രമായ ഒരു പ്രതിഭാസമാണെന്നാണ് നൂസ്പില്ലര്‍ പറയുന്നത്. അര്‍ജന്റീനയിലെ ഇതിന് സമീപമുള്ള പല തടാകങ്ങളിലും ഉള്ളത് ഉഷ്ണജലം ആണെങ്കില്‍ ഇവിടെയുള്ളത് തണുത്ത ജലമാണ്.




ജലപ്രവാഹങ്ങളുടെ പ്രവര്‍ത്തനഫലമായിട്ടാണ് ദ്വീപിന് ഇത്തരത്തില്‍ വൃത്താകൃതി കൈവന്നത് എന്നാണ് ഗവേഷകര്‍ പറയുന്നത്. 2016 ല്‍ ഈ തടാകത്തിന്റയും ദ്വീപിന്റെയും ദുരൂഹതകളെ കുറിച്ച് അന്വേഷണം നടത്തുന്നതിനായി ഒരു സംഘം ഗവേഷകരും ചലച്ചിത്ര പ്രവര്‍ത്തകരും ഒത്തു ചേര്‍ന്നിരുന്നു. ഈ ടീമില്‍ ഉണ്ടായിരുന്ന ന്യൂയോര്‍ക്കുകാരനായ റിച്ചാര്‍ഡ് പെട്രോണി എന്ന എന്‍ജിനിയര്‍ ദി ഐ എന്നറിയപ്പെടുന്ന ഈ ചെറുദ്വീപിനെ കുറിച്ച് വിശദമായി പല കാര്യങ്ങളും വെളിപ്പെടുത്തിയിരുന്നു.

അന്യഗ്രഹ ജീവികളെയും പ്രേതങ്ങളേയും മുഖ്യ കഥാപാത്രങ്ങളാക്കി നിര്‍മ്മിക്കുന്ന ഒരു സിനിമയുടെ ലൊക്കേഷന്‍ തേടി നടന്ന ഒരു സംഘം സിനിമാ പ്രവര്‍ത്തകരാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ സ്ഥലം കണ്ടെത്തിയത്. പിന്നിട് അങ്ങോട്ട് ഇതിനെ കുറിച്ചുള്ള നിരന്തരമായ അന്വേഷണങ്ങളാണ് നടന്നത്.