- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരിക്കൊമ്പനെ 29 വരെ മയക്കു വെടി വയ്ക്കാൻ പാടില്ല; ആനയെ ട്രാക്ക് ചെയ്യുന്നതിന് തടസ്സമില്ല; ചിന്നക്കനാലിനെ വിറപ്പിക്കുന്ന കൊമ്പനെ പിടിക്കാനുള്ള 'ഓപ്പറേഷൻ അരിക്കൊമ്പൻ' നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്; കേസ് 29ന് പരിഗണിക്കും; രാത്രി പ്രത്യേക സിറ്റിങ്; ബദൽ തേടി ഹൈക്കോടതി
കൊച്ചി : ഇടുക്കിയിലെ ആക്രമണകാരിയായ അരിക്കൊമ്പൻ എന്ന ആനയെ പിടികൂടാനുള്ള 'ഓപ്പറേഷൻ അരിക്കൊമ്പൻ' നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. രാത്രി 8 മണിക്ക് പ്രത്യേക സിറ്റിങ് നടത്തിയാണ് 29 വരെ നിർത്തിവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത്. ബദൽ മാർഗങ്ങൾ പരിശോധിക്കാമെന്നും കോടതി നിർദ്ദേശിച്ചു. ഞായറാഴ്ച അരികൊമ്പനെ മയക്കുവെടി വെക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി വനംവകുപ്പ് മുന്നോട്ട് പോകുന്നതിനിടെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
മയക്കുവെടി വെക്കുന്നത് ഈ മാസം 29-ന് കേസ് പരിഗണിച്ചതിന് ശേഷം മതിയെന്നും കോടതി ഉത്തരവിട്ടു. അരിക്കൊമ്പനെ പിടികൂടുന്നതിനെതിരെ മൃഗസംരക്ഷണ സംഘടന സമർപ്പിച്ച ഹർജിയിൽ പ്രത്യേക സിറ്റിങ് നടത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. അരിക്കൊമ്പനെ പിടിക്കുന്നതിനായി തെറ്റായ നടപടികളാണ് വനംവകുപ്പ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ആനയെ 29 വരെ മയക്കുവടി വയ്ക്കാൻ പാടില്ല. എന്നാൽ ഈ കാലയളവിൽ അരിക്കൊമ്പനെ ട്രാക്ക് ചെയ്യുന്നതിന് വനം വകുപ്പിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.
അരിക്കൊമ്പൻ ദൗത്യത്തിന്റെ പശ്ചാത്തലത്തിൽ ഇടുക്കി ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിലെ ജനങ്ങളെ ബോധവൽക്കരിക്കുന്ന നടപടികൾ വ്യാഴാഴ്ച തുടങ്ങിയിരുന്നു. വീടുകളിൽ വാർഡ് മെമ്പർമാർ നേരിട്ടുചെന്ന് വിവരങ്ങൾ ധരിപ്പിക്കും. ദൗത്യദിനമായ ഞായറാഴ്ച പുറത്തിറങ്ങാതിരിക്കാൻ പരമാവധി ശ്രമിക്കണമെന്നും അരിക്കൊമ്പനെ പിടികൂടി കൊണ്ടുപോകുന്നതുവരെ വനംവകുപ്പിന്റെയും പൊലീസിന്റെയും മറ്റു വകുപ്പുകളുടെയും പ്രവർത്തനങ്ങളോട് സഹകരിക്കണമെന്നുമാണ് ജനങ്ങളോട് അഭ്യർത്ഥിക്കുന്നത്. ഇതിനിടെയാണ് കോടതി ഉത്തരവ്.
ചിന്നക്കനാലിൽ അരിക്കൊമ്പൻ ഏറ്റവും നാശംവിതച്ചത് 301 കോളനിയിലാണ്. ഈ കോളനിയിൽ അരിക്കൊമ്പൻ ആക്രമിക്കാത്ത ഒരു വീടുപോലുമില്ല. വീടുകളെല്ലാം പൂർണമായോ ഭാഗികമായോ തകർന്ന നിലയിലാണ്. അരിക്കൊമ്പനെ പിടികൂടാനായി വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം 71 പേരടങ്ങുന്ന 11 ടീമുകളാണു തയാറായിരിക്കുന്നത്. ആനയുടെ സാന്നിധ്യം മനസ്സിലാക്കിയ ശേഷം മയക്കുവെടി വച്ചു കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിൽ കയറ്റി കോടനാട് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതാണ് കോടതി തൽകാലത്തേക്ക് തടയുന്നത്.
ദൗത്യസംഘത്തിൽപെട്ട സൂര്യ എന്ന കുങ്കിയാന വയനാട് മുത്തങ്ങ ആനപ്പന്തിയിൽ നിന്ന് ചിന്നക്കനാലിലെത്തിയിരുന്നു. കുങ്കിയാനകളിലൊന്നായ വിക്രം നേരത്തേ എത്തിയിരുന്നു. ശനിയാഴ്ച രാവിലെ രണ്ട് കുങ്കിനാനകൾ കൂടി എത്തും. പുതിയ സാഹചര്യത്തിൽ വനംവകുപ്പ് കൂടിയാലോചനകളിലൂടെ തീരുമാനം എടുക്കും. സൂര്യനെല്ലി ബി എൽ റാം ഭാഗത്ത് ഗതാഗതം നിരോധിച്ച് കനത്ത ജാഗ്രതയിലാണ് ഓപറേഷൻ അരിക്കൊമ്പൻ നടപ്പാക്കാനായിരുന്നു തീരുമാനം. അരിക്കൊമ്പൻ തകർത്ത കെട്ടിടം തന്നെ തെരഞ്ഞെടുത്ത് ഇഷ്ടഭക്ഷണമായ അരിവച്ച് കെണി ഒരുക്കാനായിരുന്നു പദ്ധതി. ഇവിടെ എത്തിയാലുടൻ മയക്കു വെടി വയ്ക്കാനായിരുന്നു ആലോചന.
ദ്രുത പ്രതികരണ സേനാ തലവൻ വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ, ഡോ. നിഷ റെയ്ച്ചൽ, ഡോ. ശ്യാം ചന്ദ്രൻ, കോന്നി വെറ്ററിനറി സർജൻ ഡോ. സിബി പുനലൂർ, ഡോ. അരുൺ തേക്കടി, ഡോ. ജിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കിയത്. വനം വകുപ്പിന്റെ 11 സംഘങ്ങളിലായി 71 അംഗ ദ്രുതപ്രതികരണ സേനയാണ് ദൗത്യത്തിനുള്ളത്.
മറുനാടന്‍ മലയാളി ബ്യൂറോ