തിരുവനന്തപുരം: സംസ്ഥാന സർക്കാറുമായി പോരു തുടരുന്ന ഗവർണറുടെ അടുത്ത നീക്കം എന്താകു? ഈമാസം നാലിന് ഗവർണർ തലസ്ഥാനത്ത് തിരിച്ചെത്താൻ ഇരിക്കയാണ്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ അടുത്ത നീക്കത്തിന് ആകാംക്ഷയോടെ കാത്തിരിക്കയാണ് രാഷ്ട്രീയ കേരളം. അതേസമയം വൈസ് ചാൻസലർമാർക്ക് ഗവർണർ നേര്‌ത്തെ ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് ഇനിയും വിസിമാർ മറുപടി നൽകിയിട്ടില്ല. ഗവർണറുടെ കാരണം കാണിക്കൽ നോട്ടിസിനു മറുപടി നൽകാനായി വൈസ് ചാൻസലർമാർ ഉന്നത ഭരണ നേതൃത്വത്തിന്റെ നിർദേശത്തിനു കാക്കുകയാണ് അദ്ദേഹം.

ഇതു മൂലം ഇതുവരെ ആരും മറുപടി നൽകിയിട്ടില്ല. വിസി സ്ഥാനം രാജിവയ്ക്കണമെന്ന ഗവർണറുടെ നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച വിസിമാർ വിധിക്കെതിരെ ഇതുവരെ അപ്പീൽ പോയിട്ടില്ല. സംസ്ഥാനത്തെ 9 വിസിമാർ മൂന്നിനു വൈകുന്നേരം അഞ്ചിനു മുൻപും 2 വിസിമാർ നാലിനു വൈകിട്ട് അഞ്ചിനു മുൻപും വിസി സ്ഥാനത്തു നിന്നു മാറ്റാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ അറിയിക്കണം എന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. ഗവർണർ നാലിനു തിരുവനന്തപുരത്ത് മടങ്ങിയെത്തും.

ഭരണ നേതൃത്വം നിർദേശിക്കുന്നതനുസരിച്ച് വിസിമാർ തുടർ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മറുപടി നൽകിയില്ലെങ്കിൽ അവർക്ക് ഒന്നും പറയാനില്ലെന്ന അനുമാനത്തിൽ ഗവർണർ തുടർ നടപടികളിലേക്കു നീങ്ങും. തങ്ങൾക്കു പറയാനുള്ളതു കൂടി കേൾക്കണമെന്നു വിസിമാർ ആവശ്യപ്പെട്ടാൽ ഗവർണർ ഹിയറിങ് നടത്തും. അതേസമയം സാങ്കേതിക സർവകലാശാലാ വിസിയുടെ ചുമതല ആർക്കു നൽകണമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിക്കു ചുമതല നൽകണമെന്ന സർക്കാർ ശുപാർശ ഗവർണർ അംഗീകരിച്ചിട്ടില്ല.

ഡിജിറ്റൽ സർവകലാശാലാ വിസി ഡോ.സജി ഗോപിനാഥിന് ചുമതല നൽകണമെന്ന് ആദ്യം സർക്കാർ നിർദേശിച്ചിരുന്നു. എന്നാൽ സജിയുടെ നിയമനവും ചോദ്യം ചെയ്യപ്പെട്ടതിനാൽ ഗവർണർ അംഗീകരിച്ചില്ല. വിസിയുടെ ചുമതല അക്കാദമിക് രംഗത്തുള്ളവർക്കു നൽകണം എന്നാണ് യുജിസി ചട്ടങ്ങളിൽ . ഇഷിത റോയിക്കു മറ്റു പല ഭരണച്ചുമതലകൾ ഉള്ളതും തടസ്സമാണ്. സാങ്കേതിക സർവകലാശാലയുടെ ചുമതല സർക്കാർ ശുപാർശ അനുസരിച്ചു വേണം ഗവർണർ നൽകാൻ എന്നു സർവകലാശാലാ നിയമത്തിൽ പറയുന്നുണ്ട്.

അതേസമയം ചാൻസലർക്ക് കണ്ണൂരിൽ വിസി ഒരു മുറുപടിയും നൽകിയിട്ടുണ്ട്. വിശദീകരണമൊന്നും ചോദിക്കാതെ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ കഴിഞ്ഞ ദിവസമയച്ച കത്തിന് 'കത്ത് കിട്ടി, നന്ദി' എന്നു മാത്രമാണ് കണ്ണൂർ വിസി പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ മറുപടി നൽകിയത്. 'കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസത്തെ തകർക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്ന രീതിയിൽ വൈസ് ചാൻസലർ പ്രതികരിച്ചുവെന്ന് കാണുന്നു' എന്നായിരുന്നു ചാൻസലറുടെ കത്തിൽ. ഇതിനാധാരമായി ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന വാർത്തയുടെ പകർപ്പും വച്ചിരുന്നു. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി വഴി അയച്ച കത്തിൽ ഇതുസംബന്ധിച്ച് വിശദീകരണം ചോദിക്കുകയോ നിജസ്ഥിതി അന്വേഷിക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് 'കത്ത് കിട്ടി, നന്ദി' എന്നുമാത്രം മറുപടി നൽകിയതെന്ന് വിസി പറഞ്ഞു.