തിരുവനന്തപുരം: സംസ്ഥാന സർക്കാറുമായി ഉടക്കുലൈനിൽ തന്നെ മുന്നോട്ടു പോകാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം. വിവാദ ലോകായുക്ത ഭേദഗതി നിയമം രാഷ്ട്രപതിക്ക് അയക്കാൻ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ തീരുമാനിച്ചു. ചാൻസലർസ്ഥാനത്തു നിന്ന് ഗവർണറെ മാറ്റുന്നത് ഉൾപ്പെടെയുള്ള സർവകലാശാല നിയമ ഭേദഗതികൾ ഉൾപ്പെടെ ഏഴ് ബില്ലുകൾ രാഷ്ട്രപതിയുടെ അംഗീകാരത്തിനയക്കുന്നത്.

അതേസമയം പൊതുജനാരോഗ്യ ബില്ലിന് ഗവർണർ അംഗീകാരം നൽകി. ബില്ലുകൾഒപ്പിടാതെ പിടിച്ചുവെച്ചിരിക്കുന്ന ഗവർണറുടെ നടപടിയെ കുറിച്ച് സുപ്രീംകോടതി വിമർശനം വന്നതിന് പിന്നാലെയാണ് നടപടി. കേരളത്തിന്റെ കേസ് കോടതി പരിഗണിക്കാനിരിക്കേയാണ് രാഷ്ട്രപതിക്ക് ബില്ലുകൾ അയക്കുന്നത്. ഇതോടെ കോടതിയിൽ സർക്കാറിന് കാര്യങ്ങൾ അനുകൂലമായി മാറാനും സാധ്യതകൾ കുറവാണ്.

ലോകായുക്തയുടെ അധികാരം കവർന്ന്, ഒരുസർക്കാർവകുപ്പിന്റെ തലത്തിലേക്ക് ഭരണഘടനാ സ്ഥാപനത്തെ ചുരുക്കുന്നു എന്ന വിമർശനം നേരിട്ട ലോകായുക്തനിയമഭേദഗതിയാണ് ഗവർണർ രാഷ്ട്രപതിയുടെ അംഗീകാരത്തിനയക്കാൻ തീരുമാനിച്ചത്. നിയമസഭ പാസാക്കിയബില്ലുകൾ ഗവർണർമാർ അനിശ്ചിതമായി പിടിച്ചുവെക്കുന്നതിനെ സുപ്രീംകോടതി വിമർശിച്ചിരുന്നു.

പഞ്ചാബ് ഗവർണരെ വിമർശിച്ചുകൊണ്ടുള്ള വിധിന്യായം കേരള ഗവർണർവായിക്കുന്നത് നന്നായിരിക്കും എന്ന് കോടതി അഭിപ്രായപ്പെട്ടതിന് പിറകെയാണ് വിവാദ ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കാനുള്ള ഗവർണരുടെ നിർണായക തീരുമാനം വന്നത്. ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണരെ മാറ്റുന്നതിനുള്ള സർവകലാശാല നിയമത്തിലെ രണ്ട് ഭേദഗതികൾ, വൈസ് ചാൻസലർ നിയമനത്തിനുള്ള സർച്ച് കമ്മറ്റിയിൽ സർക്കാരിന് മേൽകൈ നൽകുന്ന ബിൽ, സർവകലാശാല അപ്പലേറ്റ് അഥോറിറ്റി സംബന്ധിച്ച ബിൽ എന്നിവ രാഷ്ട്രപതിക്ക് അയക്കും.

ഗവർണർകൂടി ഉൾപ്പെടുന്ന നിയമ ഭേദഗതികളിൽ രാഷ്ട്രപതി തീരുമാനമെടുക്കുന്നതാണ് ഉചിതം എന്ന് ആരിഫ് മുഹമ്മദ്ഖാൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സഹകരണ നിയമ ഭേദഗതി ബില്ലും രാഷ്ട്രപതിക്ക് കൈമാറും. പൊതുജനാരോഗ്യ ബില്ലിന് ഗവർണർ അനുമതി നൽകി. ബില്ലിനെകുറിച്ച് നിയമോപദേശം തേടിയ ശേഷമാണ് ഒപ്പിട്ടത്. ഇതോടെ സുപ്രധാന ബില്ലുകൾരാഷ്ട്രപതിക്ക് കൈമാറിയെന്ന് സുപ്രീം കോടതിയെ അറിയിക്കാനാണ് രാജ്ഭവന്റെ തീരുമാനം. ഇതോടെ സർക്കാരും ഗവർണരും തമ്മിലെ തർക്കം മറ്റൊരുഘട്ടത്തിലേക്ക് കടക്കുകയും ചെയ്തു.

ഗവർണർക്കെതിരെ കേരളം സമർപ്പിച്ച ഹർജി ബുധനാഴ്ച പരിഗണിക്കാനിരിക്കെ ധൃതി പിടിച്ച് ബില്ലുകൾ ഒപ്പിടേണ്ടതില്ലെന്ന നിലപാടിലായിരുന്നു ഗവർണർ. പഞ്ചാബ് ഗവർണർക്കെതിരായ വിധി കേരളം നൽകിയ ഹർജിക്ക് സമാനമാണെന്ന നിലയിലാണ് വിധി കേരള ഗവർണറുടെ സെക്രട്ടറി വായിച്ചുനോക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചത്. എന്നാൽ പഞ്ചാബിന്റെ കേസുമായി കേരളത്തിന്റെ ഹർജിക്ക് സാമ്യമില്ലെന്ന വാദമാണ് അറ്റോർണി ജനറൽ മുന്നോട്ടുവെക്കുന്നത്.

സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റി സർക്കാർ ചെലവിലല്ലാതെ ചാൻസലറെ നിയമിക്കുന്നതിൽ നിക്ഷപക്ഷത ഉറപ്പാക്കാനാകില്ലെന്നാണ് രാജ്ഭവൻ ചൂണ്ടിക്കാട്ടുന്നത്. മറ്റ് ബില്ലുകളുടെ കാര്യത്തിലും ഇതേ വാദമാണ് ഗവർണർക്കുള്ളത്. ഗവർണറായ ശേഷം ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ട ബില്ലുകളുടെ പട്ടികയും സുപ്രീം കോടതിയിൽ നൽകും. 2019 സെപ്റ്റംബർ മുതൽ 109 ബില്ലുകളാണ് ഇതുവരെ ഗവർണർ ഒപ്പിട്ടിട്ടുള്ളത്.