- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻ ഭാഗവതിനെ കണ്ടതിൽ എന്താണ് കുഴപ്പം? ആർഎസ്എസ് നിരോധിത സംഘടനയല്ല; ആർഎസ്എസുമായി തനിക്കുള്ള ബന്ധം 1986 മുതലുള്ളത്; മാധ്യമങ്ങളിൽ നിന്നും മാറി നടക്കാനില്ല; മൈക്ക് കണ്ടാൽ പ്രതികരിക്കും, കടക്ക് പുറത്ത് എന്നു തനിക്ക് പറയാനില്ല; മുഖ്യമന്ത്രിയുടെ പരിഹാസങ്ങൾക്കും അതേനാണയത്തിൽ മറുപടി നൽകി ഗവർണർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച ആരോപണങ്ങൾക്കും പരിഹാസങ്ങൾക്കും അതേനാണയത്തിൽ മറുപടി നൽകിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാർത്താസമ്മേളനം നടത്തിയത്. ആർഎസ്എസ് ബന്ധം അടക്കമുള്ള കാര്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി. സർക്കാറിനെയും മുഖ്യമന്ത്രിയെയും സിപഎമ്മിനെയും രൂക്ഷമായി വിമർശിച്ചു കൊണ്ടായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ രംഗത്തുവന്നത്.
മൈക്ക് കണ്ടാൽ ഗവർണർ പ്രതികരിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനും ഗവർണർ മറുപടി നൽകി. മാധ്യമങ്ങൾ ശത്രുക്കളല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.. മൈക്കു കണ്ടാൽ ഉടൻ താൻ പ്രതികരിക്കുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കാത്തുനിന്ന മാധ്യമപ്രവർത്തകരോട് സംസാരിക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ താൻ മാധ്യമങ്ങളോട് കടക്കു പുറത്ത് എന്നു പറയണോ?. താൻ മാധ്യമങ്ങൾക്ക് പരിഗണന നൽകുന്നു. അസാധാരണ സാഹചര്യത്തിലാണ് താൻ രാജ്ഭവനിൽ വാർത്താസമ്മേളനം വിളിച്ചതെന്നും ഗവർണർ പറഞ്ഞു.
ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെ കണ്ടതിൽ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു. ആർഎസ്എസ് ഒരു നിരോധിത സംഘടനയല്ല,. ആർഎസ്എസുമായി തനിക്കുള്ള ബന്ധം 1986 മുതലുള്ളാതാണെന്നും ഗവർണർ പഞ്ഞു. ഗവർണറുടെ വാർത്താസമ്മേളനത്തിൽ ഇടതുമുന്നണി കൺവീനർ ഇ പി ജയരാജനെയും മുൻ മന്ത്രി കെ ടി ജലീലിനെയും രൂക്ഷമായി വിമർശിച്ചു. വിമാനത്തിൽ അപമര്യാദയോടെ പെരുമാറിയതിന് വിലക്ക് ഏർപ്പെടുത്തിയ വ്യക്തിയാണ് ഭരിക്കുന്ന മുന്നണിയായ എൽഡിഎഫിനെ നയിക്കുന്നതെന്ന് ഗവർണർ പറഞ്ഞു. ഭരണപക്ഷത്തുള്ള മറ്റൊരു എംഎൽഎ രാജ്യത്തിന്റെ അഖണ്ഡതയെത്തന്നെ വെല്ലുവിളിക്കുന്നുവെന്ന് ഗവർണർ പറഞ്ഞു.
പാക്കിസ്ഥാന്റെ ഭാഷയാണ് എംഎൽഎ ഉപയോഗിക്കുന്നത്. ഇതെല്ലാം വ്യക്തിപരമായ സംഭവങ്ങളെന്ന് പറഞ്ഞ് തള്ളാനാകുമോയെന്ന് ഗവർണർ ചോദിച്ചു. ഒരിക്കലുമില്ല. ഇതെല്ലാം പരിശീലന ക്യാംപിൽ നിന്നും ലഭിക്കുന്ന രീതികളാണ്. ഇത് രാജ്യത്തിന് പുറത്ത് ഉത്ഭവിച്ച പ്രത്യയശാസ്ത്രത്തിന്റെ പ്രതിഫലനമാണ്. അവർ വിശ്വസിക്കുന്നത് രാജ്യത്തെ നിയമത്തെയും അഭിപ്രാവ്യത്യാസങ്ങളെയും ശക്തി കൊണ്ട് അടിച്ചമർത്താമെന്നാണ്. ഗവർണർ ആരോപിച്ചു.
വർഗശത്രുക്കളെ ഇത്തരത്തിൽ നേരിടാനാണ് അവർ ശ്രമിക്കുന്നത്. രാഷ്ട്രീയമായി എതിർപക്ഷത്തുള്ളവരെയാണ് ഇവർ വർഗശത്രുക്കളായി കാണുന്നതെന്നും ഗവർണർ പറഞ്ഞു. താൻ ആരുടേയും പേരു പറഞ്ഞില്ല. എന്നാൽ തന്റെ വിമർശനങ്ങളെല്ലാം കമ്യൂണിസ്റ്റ് പാർട്ടിയെപ്പറ്റിയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്തുകൊണ്ട് അദ്ദേഹത്തിന് അങ്ങനെ തോന്നി. കാരണം അവരുടെ ക്യാംപുകളിൽ പഠിപ്പിക്കുന്നതാണ് ഇതെല്ലാമെന്ന് അദ്ദേഹം മനസ്സിലാക്കിയതുകൊണ്ടാണെന്ന് ഗവർണർ പറഞ്ഞു.
കണ്ണൂരിൽ എത്ര രാഷ്ട്രീയ എതിരാളികൾ കൊല്ലപ്പെട്ടു. എത്ര യുവാക്കൾക്ക് കേരളത്തിലെ സർവകലാശാലകളിൽ ജീവൻ നഷ്ടമായി. ശക്തി കൊണ്ട് അടിച്ചമർത്താമെന്ന ചിലരുടെ പ്രത്യയശാസ്ത്രമാണ് ഇതിനെല്ലാം കാരണം. ചരിത്ര കോൺഗ്രസിനിടെ തനിക്കെതിരെ പ്രതിഷേധക്കാർ മുൻകൂട്ടി തീരുമാനിച്ച് പ്ലക്കാർഡുകളുമായി എത്തി. നൂറ് പ്ലക്കാർഡുകളാണ് പ്രതിഷേധക്കാർ കൊണ്ടുവന്നത്.മുൻകൂട്ടി തീരുമാനിക്കാതെ പ്ലക്കാർഡുകൾ എത്തുന്നതെങ്ങനെയെന്ന് ?ഗവർണർ ചോദിച്ചു. പ്രതിഷേധക്കാരെത്തിയത് ജെഎൻയു, ജാമിയ എന്നിവിടങ്ങളിൽ നിന്നാണെന്നും ഗവർണർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ