തിരുവനന്തപുരം: എന്തായാലും ഗവർണറും സർക്കാറും തമ്മിലുള്ള അടിതീർക്കാൻ കാശ്മീരിലെ വിശേഷ വസ്തുക്കൾക്ക് കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് മലയാളികൾ. അതിന് വഴിയൊരുക്കിയത് സജി ചെറിയാന്റെ സത്യപ്രതിജ്ഞയും. ഈ വേദിയിൽ വച്ചാണ് മുഖ്യമന്ത്രിക്ക് സമ്മാനമായി ഗവർണർ വീട്ടിലേക്ക് ചില സവിശേഷ വസ്തുക്കൾ അയക്കുന്നുണ്ടെന്ന് വിവരം നൽകിയത്. പിന്നാലെ ഇത് ഭദ്രമായി ക്ലിഫ്ഹൗസിൽ എത്തിക്കുകയും ചെയ്തു ആരിഫ് മുഹമ്മദ് ഖാൻ. ഇതോടെ ഇടക്കാലം കൊണ്ട് രണ്ട് ധ്രുവങ്ങളിൽ നിന്നവർ കിച്ചൻ പൊളിറ്റിക്‌സ് വഴി ഒറ്റച്ചങ്കായെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ അടക്കം പറച്ചിൽ.

മുഖ്യമന്ത്രി പിണറായി വിജയനു സമ്മാനമായി ക്ലിഫ് ഹൗസിലേക്കു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൊടുത്തയച്ചത് കശ്മീരിൽ നിന്നുള്ള വിശേഷവസ്തുക്കളായിരുന്നു. കശ്മീരി ബ്രെഡ്, കുങ്കുമം ചേർത്ത കാവാ തേയില എന്നിവയാണു സമ്മാനപ്പൊതിയിൽ ഉണ്ടായിരുന്നത്. മന്ത്രി സജി ചെറിയാന്റെ സത്യപ്രതിജ്ഞാചടങ്ങിനുശേഷം രാത്രിയോടെ രാജ്ഭവനിലെ ജീവനക്കാരൻ വശമാണു സമ്മാനം എത്തിച്ചത്.

സമ്മാനം കൊടുത്തയയ്ക്കുന്ന കാര്യമാണു സത്യപ്രതിജ്ഞാചടങ്ങിനുശേഷം വേദിയിൽവച്ചു ഗവർണർ മുഖ്യമന്ത്രിയോടു സംസാരിച്ചതെന്നാണു രാജ്ഭവൻ അനൗദ്യോഗികമായി അറിയിച്ചത്. പുതുവൽസരദിനത്തിൽ ഗവർണർ കശ്മീരിലായിരുന്നു. ഈ വസ്തുകൾ അവിടെ നിന്നും വാങ്ങിയപ്പോൾ മുഖ്യമന്ത്രിയെ തന്നെ ഗവർണർ ഓർക്കുകയും ചെയ്തു.

സമ്മാനങ്ങൾ നൽകാൻ തൽപരനായ ആരിഫ് മുഹമ്മദ് ഖാൻ ക്ലിഫ്ഹൗസിലേക്കു സമ്മാനങ്ങൾ കൊടുത്തയയ്ക്കുന്നത് ആദ്യമല്ല. കോവിഡ് സമയത്ത് യുപിയിലെ സ്വന്തം നാട്ടിൽനിന്നെത്തിച്ച മാമ്പഴം സമ്മാനിച്ചിരുന്നു. വലിയ പെട്ടികളിൽ എത്തിച്ച മാമ്പഴം സഞ്ചികളിലാക്കിയാണു കൊടുത്തയച്ചത്. മുഖ്യമന്ത്രിക്കു മാത്രമല്ല, പല മന്ത്രിമാർക്കും മറ്റു പ്രധാന പദവികളിലുള്ളവർക്കും ഗവർണറുടെ സ്‌നേഹസമ്മാനം സഞ്ചികളിലെത്തി. പിറന്നാൾ ആഘോഷിക്കുന്ന പ്രിയപ്പെട്ടവർക്ക് കേക്ക് കൊടുത്തയക്കുന്നതും ഗവർണറുടെ രീതിയാണ്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും സൽക്കാരങ്ങളോടു താൽപ്പര്യമുള്ള കൂട്ടത്തിലാണ്. വിശേഷ ദിവസങ്ങളിൽ ബിരിയാണിയും പായസവും അടക്കം രാജ്ഭവനിലേക്കും മുഖ്യമന്ത്രി മുമ്പ് കൊടുത്തയച്ചിട്ടുണ്ട്. അതേസമയം ഇരുവരും തമ്മിലുള്ള പിണക്കം തീർന്നതിന്റെ തെളിവുകളും പുറത്തുവന്നിരുന്നു. ഇതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം ഗവർണർ നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിട്ടത്.

ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ 17 ബില്ലുകളിൽ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ പുറത്താക്കുന്നതു സംബന്ധിച്ച 2 ബില്ലുകൾ ഒഴികെയുള്ളവ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു. ചാൻസലർ ബിൽ ഗവർണറെ ബാധിക്കുന്നതായതിനാൽ തനിക്കു മുകളിലുള്ളവർ തീരുമാനിക്കട്ടെ എന്നു ഗവർണർ പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയയ്ക്കും എന്ന സൂചനയാണ് അദ്ദേഹം നൽകിയത്.

14 സർവകലാശാലകളുടെയും ചാൻസലർ പദവിയിൽ നിന്നു ഗവർണറെ ഒഴിവാക്കി, പകരം വിവിധ മേഖലകളിലെ പ്രഗത്ഭരെ നിയമിക്കുന്നതിനുള്ളവയാണ് രണ്ടു ബില്ലുകൾ. ഇവയുടെ തുടർനടപടി സംബന്ധിച്ച് നിയമ ഉപദേഷ്ടാവുമായി ചർച്ച നടത്തിയപ്പോൾ യുജിസിയുടെ അഭിപ്രായം തേടണമെന്നും രാഷ്ട്രപതിയുടെ അനുമതിക്ക് അയയ്ക്കണമെന്നുമുള്ള അഭിപ്രായമാണു ലഭിച്ചത്.

കാർഷിക സർവകലാശാല വിസി സ്ഥാനത്തേക്ക് കാർഷികോൽപാദന കമ്മിഷണർ ഇഷിത റോയിക്കു പകരം നിയമനം നടത്തുന്ന കാര്യത്തിൽ ഗവർണർ തീരുമാനം എടുത്തിട്ടില്ല. സർക്കാർ പേരു നൽകാത്തതാണു തടസ്സമെന്ന് അറിയുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഏഴുപേരെ വിട്ടയക്കുന്നതിനുള്ള സർക്കാരിന്റെ ശുപാർശകളിലും ഗവർണർ ഒപ്പിട്ടു. എന്നാൽ പ്രവീൺ വധക്കേസിലെ രണ്ടാംപ്രതിയായ ബിനുവിനെ വിട്ടയക്കാനുള്ള സർക്കാരിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചില്ല. ഡി.വൈ.എസ്‌പി.യായിരുന്ന ഷാജിയാണ് ഈ കേസിലെ ഒന്നാംപ്രതി.