- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർവകലാശാലകളുടെ നടത്തിപ്പ് ചുമതല ചാൻസലർക്ക്; താൻ തീർത്തും അസ്വസ്ഥൻ; പ്രതിഷേധിക്കാനുള്ള അവകാശം എല്ലവർക്കുമുണ്ട്; സമ്മർദ്ദം വിലപ്പോവില്ല, ഉത്തരവാദിത്തത്തിൽ നിന്ന് പിന്നോട്ടില്ല; നിയമവിരുദ്ധമായി സർവകലാശാലകളുടെ പ്രവർത്തനത്തിൽ ഇടപെടാൻ ആർക്കും കഴിയില്ല; എൽഡിഎഫ് രാജ്ഭവൻ മാർച്ചിനോട് പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ന്യൂഡൽഹി: എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ചിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം എല്ലവർക്കുമുണ്ടെന്നും എന്നാൽ ഇക്കാര്യത്തിൽ തനിക്കെതിരെ ഒരു സമ്മർദ്ദവും വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് നിറവേറ്റുന്നത്. അതിൽ നിന്ന് പിന്മാറില്ല. കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ എന്ന നിലയിൽ അവിടെ നടക്കുന്ന കാര്യങ്ങളിൽ അസ്വസ്ഥനാണ്. സർവകലാശാലകളെ പാർട്ടി ഡിപ്പാർട്ടുമെന്റുകളാക്കാൻ അനുവദിക്കില്ല. കേരളത്തിലെ 13 സർവകലാശാലകളിലും അനധികൃത നിയമനങ്ങളാണ് നടക്കുന്നതെന്നും ഗവർണർ പറഞ്ഞു. കോടതി വിധി അംഗീകരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്നത് സംബന്ധിച്ച ഒരു ഓർഡിനൻസും ഡൽഹിയിലേക്ക് പുറപ്പെടുന്നത് വരെ തനിക്ക് കിട്ടിയില്ല. കൈയിൽ കിട്ടാത്ത ഒരു കാര്യത്തെ കുറിച്ച് പ്രതികരിക്കാനില്ല. ആരോടും വ്യക്തിപരമായി ശത്രുതയില്ലെന്നും സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകളെയാണ് ചോദ്യം ചെയ്തത്. സർവകലാശാലകളുടെ നടത്തിപ്പ് സംബന്ധിച്ച് കൃത്യമായ നിയമങ്ങളുണ്ട്. സുപ്രീം കോടതി ഈ വിഷയത്തിൽ കൃത്യമായ നിലപാട് പറഞ്ഞിട്ടുണ്ട്.
അത് എല്ലാവർക്കും ബാധകമാണെന്നും ഗവർണർ പറഞ്ഞു. സർവകലാശാലകളുടെ പ്രവർത്തനങ്ങളിൽ അനധികൃതമായി ഇടപെട്ടതിന്റെ ആയിരം ഉദാഹരണങ്ങൾ താൻ കാണിച്ച് തരാമെന്നും ഗവർണർ പറയുന്നു. സർക്കാർ തങ്ങളുടെ പരിധിക്കുള്ളിൽ നിന്നാൽ താൻ തന്റെ പരിധിയിലും നിക്കുമെന്ന് ഗവർണർ പറഞ്ഞു. അനധികൃത ഇടപെടലിലൂടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കുകയാണെന്നും വിദ്യാർത്ഥികൾ കേരളം വിടുകയാണെന്നും ഗവർണർ പറഞ്ഞു.
ഞാൻ സർക്കാരിന്റെ പ്രവർത്തനത്തിൽ ഇടപെട്ടെന്ന് പറയുന്ന ഒരു സംഭവം ചൂണ്ടിക്കാട്ടിയാൽ താൻ അപ്പോൾ തന്നെ രാജിവെക്കാം. എന്നാൽ തനിക്ക് ആയിരം ഇത്തരം ഇടപെടലുകൾ കാണിച്ചുതരാനാവും. സർവകലാശാലകളെ ഭരണകക്ഷിയുടെ വകുപ്പാക്കി മാറ്റാൻ കഴിയില്ല. ഞാൻ വ്യക്തികളെ കുറിച്ചല്ല, കേരളത്തിലെ വിദ്യാർത്ഥികളെ കുറിച്ചാണ് ചിന്തിക്കുന്നത്. അവർ ഉന്നത വിദ്യാഭ്യാസത്തിനായി കേരളം വിടുന്നു. ഞാൻ കുറച്ച് കുട്ടികളോട് സംസാരിച്ചു. കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസം മികച്ചതാണ്. എന്നാൽ കേരളത്തിലെ സർവകലാശാലകളുടെ സ്ഥിതി അതല്ല. രാഷ്ട്രീയ ഇടപെടൽ ശക്തമാണെന്നത് താൻ പറയുന്ന കാര്യമല്ല. എന്നിൽ സമ്മർദ്ദം ചെലുത്തി ഒരു കാര്യം നടത്താമെന്ന് ആരും കരുതണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
മുൻപ് ഒപ്പിടാതെ വെച്ച ബില്ലുകളിൽ മുഖ്യമന്ത്രിയോട് തന്റെ ചോദ്യങ്ങൾ ഉന്നയിക്കുകയും വന്ന് വിശദീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ആരും വന്നിരുന്നില്ല. ഇത് തുടർന്നുപോരുന്ന ശീലമാണ്. കേരളത്തിൽ 13 സർവകലാശാലകളാണ് ഉണ്ടായിരുന്നത്. അവിടെയെല്ലാം നൂറ് കണക്കിന് നിയമവിരുദ്ധ നിയമനങ്ങളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ